കൊച്ചി: ദിലീപിന്റെ അഭിഭാഷകര്‍ വഞ്ചിച്ചെന്ന് ആരോപണവുമായി വധ ഗൂഢാലോചനക്കേസിലെ പ്രതിയും സൈബർ വിദ്ഗ്ധനുമായ സായ് ശങ്കർ. അന്വേഷണ സംഘത്തിന്റെ ഭാഗത്ത് നിന്ന് തനിക്ക് ഉപദ്രവം ഉണ്ടായിട്ടില്ല. മുന്‍കൂര്‍ ജാമ്യാപേക്ഷയെന്ന പേരില്‍ തന്റെ ഒപ്പ് വാങ്ങിച്ച് ദിലീപിന്റെ അഭിഭാഷകര്‍ കള്ളപ്പരാതി നൽകുകയായിരുന്നുവെന്നും സായ് ശങ്കര്‍ പറഞ്ഞു. ആലുവ ആശുപത്രിയിൽ മെഡിക്കൽ പരിശോധനക്ക് കൊണ്ട് വന്നപ്പോഴായിരുന്നു സായ് ശങ്കറിന്‍റെ പ്രതികരണം.
വധഗൂഡാലോചന കേസിൽ സായ് ശങ്കർ ഇന്നുരാവിലെയാണ് പൊലീസ് കസ്റ്റഡിയിലായത്. ദിലീപിന്റെ ഫോണിലെ തെളിവുകൾ നശിപ്പിച്ച കേസിലെ ഏഴാം പ്രതിയാണ് സായ് ശങ്കർ. പുട്ടപർത്തിയിൽ ഒളിവിൽ കഴിയവെയാണ് ഇയാൾ പൊലീസിന് കീഴടങ്ങിയത്.
ദിലീപ് ഒന്നാം പ്രതിയായ വധഗൂഡാലാചന കേസിൽ അന്വേഷണ ഉദ്യോഗസ്ഥര്‍ തന്നെ ഭീഷണിപ്പെടുത്തുന്നെന്ന് സായ് ശങ്കറിന്റെ മൂൻകൂർ ജാമ്യ ഹർജിയിൽ ആരോപിച്ചിരുന്നു. നടി ആക്രമിക്കപ്പെട്ട കേസില്‍ സൈബര്‍ തെളിവുകള്‍ നശിപ്പിച്ചതില്‍ ദിലീപിന്റെ അഭിഭാഷകനായ ബി. രാമന്‍പിളളയുടെ പേര് പറയണമെന്ന് അന്വേഷണസംഘം നിര്‍ബന്ധിച്ചുവെന്നായിരുന്നു ആരോപണം.
ദിലീപിന്റെ മൊബൈൽ ഫോണിലെ നിർണായക തെളിവുകൾ നശിപ്പിച്ചത് ഹാക്കർ സായ് ശങ്കർ ആണെന്ന് അന്വേഷണ സംഘം നേരത്തെ കണ്ടെത്തിയിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയതിന് പിന്നാലെ പൊലീസ് പീഡനം ആരോപിച്ച് ഇയാൾ ഹൈകോടതിയെ സമീപിക്കുകയായിരുന്നു. എന്നാൽ അന്വേഷണവുമായി സഹകരിക്കാൻ കോടതി നിർദ്ദേശിക്കുകയായിരുന്നു. എന്നാൽ ചോദ്യം ചെയ്യലിന് സായ് ശങ്കർ ഹാജരായില്ല. തുടർന്ന് സായ് ശങ്കറിനെ ഏഴാം പ്രതിയാക്കുകയായിരുന്നു.
നടിയെ അപായപ്പെടുത്താൻ ശ്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയതിൽ പ്രധാന തെളിവായ മൊബൈൽ ഫോണിലെ വിവരങ്ങൾ സായി ശങ്കർ കൊച്ചിയിലെ അഭിഭാഷകന്റെ ഓഫീസിൽ വച്ചും കൊച്ചിയിലെ ഒരു സ്വകാര്യ ഹോട്ടലിൽ വെച്ചും നശിപ്പിച്ചു എന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.