ബോധരഹിതയായ അനിതയെ എടുത്ത്​ ഓടുന്ന ഓമനക്കുട്ടൻ 

സല്യൂട്ട് ഓമനക്കുട്ടൻ; ആ ജീവൻ കൈയിലെടുത്ത് ഓടിയതിന്...

തൃശൂർ: ട്രെയിനിൽ നെഞ്ചുവേദനയെത്തുടർന്ന്​ മര​ണത്തോട്​ മല്ലിട്ട മനുഷ്യജീവൻ കണ്ടപ്പോൾ റെയിൽവേ സുരക്ഷ സേനാംഗം ഓമനക്കുട്ടൻ ഒട്ടും പതറിയില്ല. കോവിഡ്​ സംശയത്തിൽ അൽപം മടിച്ചുനിന്നവരെ നോക്കുകുത്തിയാക്കി ആ മധ്യവയസ്​കയെ വാരിയെടുത്ത്​ ഓടു​കയായിരുന്നു അദ്ദേഹം. രോഗിയെ ആശുപത്രിയിലെത്തിച്ച്​ വിദഗ്​ധ ചികിത്സ നൽകി തിരിച്ചയച്ചു.

തിങ്കളാഴ്​ച രാവിലെ 8.15ന് കോഴിക്കോട്​ നിന്ന്​ തിരുവനന്തപുരത്തേക്ക്​ പോവുന്ന ജനശതാബ്​ദി ട്രെയിനിൽ വടകര സ്വദേശിനിയായ അനിത (54) എന്ന വീട്ടമ്മയും ബന്ധുവും കൂടി തൃശൂരിലെ ഡോക്​ടറെ കാണാൻ പുറപ്പെട്ടതായിരുന്നു. ഷൊർണൂരിൽ നിന്ന്​ പുറപ്പെട്ട ശേഷം ​അനിതക്ക്​ നെഞ്ചുവേദന അനുഭവപ്പെട്ടത്​ ബന്ധു റെയിൽവേ അധികൃതരെ അറിയിച്ചിരുന്നു. ​'മെഡിക്കൽ അറ്റൻഷൻ' അറിയിപ്പ്​ ലഭിച്ച ഓമനക്കുട്ടൻ അടക്കമുള്ള ആർ.പി.എഫ്​ സംഘം തൃശൂരിലെത്തിയ ജനശതാബ്​ദിയിലെ അനിതയുടെ ബോഗിയിൽ ഇരച്ചെത്തി. ​

നെഞ്ചുവേദനയോടെ എഴുന്നേൽക്കാൻ ശ്രമിച്ച അനിത ഉടൻ കുഴഞ്ഞുവീണ്​ ബോധരഹിതയായി. എന്തുചെയ്യണമെന്നറിയാതെ സംഘം കുഴങ്ങിയപ്പോൾ ഓമനക്കുട്ടൻ അനിതയെ കൈയിലെടുത്ത്​ പ്ലാറ്റ്​ഫോമിലിറങ്ങി ഓടി. അവിടുത്തെ ബെഞ്ചിൽ കിടത്തി അനിതയുടെ മുഖത്ത്​ വെള്ളം തളിച്ചു. കണ്ണ്​ തുറന്ന അനിതയെ വീൽചെയറിലിരുത്തി പുറത്തുകിടന്ന പൊലീസ്​ ജീപ്പിനടുത്തെത്തിച്ചു. ഓമനക്കുട്ടൻ തന്നെയാണ്​ ഇവരെ എടുത്ത്​ ജീപ്പിലിരുത്തിയത്​. ഉടൻ ടൗണിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച അനിത വിശദപരിശോധനക്ക്​ ശേഷം വൈകീട്ട്​ നാലോടെ നാട്ടിലേക്ക് തിരികെപോകാൻ റെയിൽവേസ്​റ്റേഷനിലെത്തി. ഓമനക്കുട്ടനെ കണ്ട്​ നന്ദി പറഞ്ഞാണ്​ അനിത തിരിച്ചുപോയത്​.

ഒാമനക്കുട്ടൻ

 ഇതിനിടെ ഓമനക്കുട്ടൻ ബോധരഹിതയായ അനിതയെ എടുത്ത്​ ഓടുന്ന ചിത്രം വാട്​സ്​ ആപ്പിൽ ആരോ പങ്കുവെച്ചത്​ വൈറലായി. വൈകീ​ട്ടോടെയാണ്​ ത​െൻറ ചി​ത്രം വാട്​സ്​ആപ്പിൽ പ്രചരിക്കുന്ന കാര്യം അദ്ദേഹം അറിഞ്ഞത്​. ഏതായാലും ആ സ്​ത്രീ കുഴപ്പമില്ലാതെ ഇരിക്കുന്നു എന്നറിഞ്ഞതിൽ സന്തോഷമുണ്ടെന്ന്​ ഓമനക്കുട്ടൻ പറഞ്ഞു.

Tags:    
News Summary - salute omanakkuttan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.