സല്യൂട്ട് ഓമനക്കുട്ടൻ; ആ ജീവൻ കൈയിലെടുത്ത് ഓടിയതിന്...
text_fieldsതൃശൂർ: ട്രെയിനിൽ നെഞ്ചുവേദനയെത്തുടർന്ന് മരണത്തോട് മല്ലിട്ട മനുഷ്യജീവൻ കണ്ടപ്പോൾ റെയിൽവേ സുരക്ഷ സേനാംഗം ഓമനക്കുട്ടൻ ഒട്ടും പതറിയില്ല. കോവിഡ് സംശയത്തിൽ അൽപം മടിച്ചുനിന്നവരെ നോക്കുകുത്തിയാക്കി ആ മധ്യവയസ്കയെ വാരിയെടുത്ത് ഓടുകയായിരുന്നു അദ്ദേഹം. രോഗിയെ ആശുപത്രിയിലെത്തിച്ച് വിദഗ്ധ ചികിത്സ നൽകി തിരിച്ചയച്ചു.
തിങ്കളാഴ്ച രാവിലെ 8.15ന് കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേക്ക് പോവുന്ന ജനശതാബ്ദി ട്രെയിനിൽ വടകര സ്വദേശിനിയായ അനിത (54) എന്ന വീട്ടമ്മയും ബന്ധുവും കൂടി തൃശൂരിലെ ഡോക്ടറെ കാണാൻ പുറപ്പെട്ടതായിരുന്നു. ഷൊർണൂരിൽ നിന്ന് പുറപ്പെട്ട ശേഷം അനിതക്ക് നെഞ്ചുവേദന അനുഭവപ്പെട്ടത് ബന്ധു റെയിൽവേ അധികൃതരെ അറിയിച്ചിരുന്നു. 'മെഡിക്കൽ അറ്റൻഷൻ' അറിയിപ്പ് ലഭിച്ച ഓമനക്കുട്ടൻ അടക്കമുള്ള ആർ.പി.എഫ് സംഘം തൃശൂരിലെത്തിയ ജനശതാബ്ദിയിലെ അനിതയുടെ ബോഗിയിൽ ഇരച്ചെത്തി.
നെഞ്ചുവേദനയോടെ എഴുന്നേൽക്കാൻ ശ്രമിച്ച അനിത ഉടൻ കുഴഞ്ഞുവീണ് ബോധരഹിതയായി. എന്തുചെയ്യണമെന്നറിയാതെ സംഘം കുഴങ്ങിയപ്പോൾ ഓമനക്കുട്ടൻ അനിതയെ കൈയിലെടുത്ത് പ്ലാറ്റ്ഫോമിലിറങ്ങി ഓടി. അവിടുത്തെ ബെഞ്ചിൽ കിടത്തി അനിതയുടെ മുഖത്ത് വെള്ളം തളിച്ചു. കണ്ണ് തുറന്ന അനിതയെ വീൽചെയറിലിരുത്തി പുറത്തുകിടന്ന പൊലീസ് ജീപ്പിനടുത്തെത്തിച്ചു. ഓമനക്കുട്ടൻ തന്നെയാണ് ഇവരെ എടുത്ത് ജീപ്പിലിരുത്തിയത്. ഉടൻ ടൗണിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച അനിത വിശദപരിശോധനക്ക് ശേഷം വൈകീട്ട് നാലോടെ നാട്ടിലേക്ക് തിരികെപോകാൻ റെയിൽവേസ്റ്റേഷനിലെത്തി. ഓമനക്കുട്ടനെ കണ്ട് നന്ദി പറഞ്ഞാണ് അനിത തിരിച്ചുപോയത്.
ഇതിനിടെ ഓമനക്കുട്ടൻ ബോധരഹിതയായ അനിതയെ എടുത്ത് ഓടുന്ന ചിത്രം വാട്സ് ആപ്പിൽ ആരോ പങ്കുവെച്ചത് വൈറലായി. വൈകീട്ടോടെയാണ് തെൻറ ചിത്രം വാട്സ്ആപ്പിൽ പ്രചരിക്കുന്ന കാര്യം അദ്ദേഹം അറിഞ്ഞത്. ഏതായാലും ആ സ്ത്രീ കുഴപ്പമില്ലാതെ ഇരിക്കുന്നു എന്നറിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ഓമനക്കുട്ടൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.