സമസ്ത കേന്ദ്ര മുശാവറയംഗം കൈപ്പാണി അബൂബക്കർ ഫൈസി അന്തരിച്ചു

വെള്ളമുണ്ട: പ്രമുഖ മതപണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗവുമായ കൈപ്പാണി അബൂബക്കർ ഫൈസി (73) അന്തരിച്ചു. വ്യാഴാഴ്ച രാത്രി എട്ടരയോടെ വയനാട് മെഡിക്കൽ കോളജിലായിരുന്നു അന്ത്യം. കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലായി നിരവധി ശിഷ്യഗണങ്ങൾ ഉള്ള അബൂബക്കർ ഫൈസി മലബാറിൽ സുന്നി സംഘടനകൾക്കും സ്ഥാപനങ്ങൾക്കും വേരോട്ടം ഉണ്ടാക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ചു. സമസ്ത കേരള സുന്നി യുവജന സംഘത്തിന്‍റെ ആദ്യകാല സംഘാടകരിൽ പ്രധാനിയായിരുന്നു.

ശംസുൽ ഉലമ ഇ.കെ അബൂബക്കർ മുസ്‌ലിയാർ, കോട്ടുമല അബൂബക്കർ മുസ്‌ലിയാർ, ഉമർകോയ മുസ്‌ലിയാർ മാവൂർ, പാലേരി അബ്ദുറഹിമാൻ മുസ്‌ലിയാർ എന്നീ പ്രഗത്ഭ പണ്ഡിതന്മാരുടെ കീഴിലെ ദീർഘകാല പഠനത്തിനു ശേഷമാണ് മതാധ്യാപന രംഗത്തേക്ക് കടന്നു വന്നത്. സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ, ഹൈദരലി ശിഹാബ് തങ്ങൾ തുടങ്ങിയവരായിരുന്നു സതീർഥ്യർ. വെള്ളമുണ്ട, കെല്ലൂർ അഞ്ചാം മൈൽ, മുയിപ്പോത്ത്, ഉരുളിക്കുന്ന്, കത്തറമ്മൽ, ഒടുങ്ങാക്കാട്, കൂരാച്ചുണ്ട്, മാനന്തവാടി ജുമാ മസ്ജിദുകളിലായി അഞ്ചു പതിറ്റാണ്ടോളം അധ്യാപകനായി സേവനം ചെയ്തു.

നിലവിൽ സമസ്ത വയനാട് ജില്ലാ ജനറൽ സെക്രട്ടറിയും ദാറുൽ ഫലാഹിൽ ഇസ്‌ലാമിയ്യ പ്രിൻസിപ്പലും ആണ്. ജോലി ചെയ്യുന്ന മഹല്ലുകളിലെ സർവ്വതോന്മുഖമായ വികസന പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകി കൊണ്ടുള്ള നിരവധി സംരംഭങ്ങൾക്ക് തുടക്കം കുറിച്ച അബൂബക്കർ ഫൈസി, മികച്ച കർഷകൻ കൂടിയായിരുന്നു. കൽപറ്റ ദാറുൽ ഫലാഹിൽ ഇസ്‌ലാമിയ്യ, മാനന്തവാടി മുഅസ്സസ കോളജ്, വെള്ളമുണ്ട അൽഫുർഖാൻ തുടങ്ങിയ നിരവധി വിദ്യാഭ്യാസ സംരംഭങ്ങൾക്ക് തുടക്കം കുറിക്കുന്നതിൽ നേതൃപരമായ പങ്കുവഹിച്ചു.

ഭാര്യ: കുറ്റിപ്പുറവൻ നഫീസ. മക്കൾ: മുഹമ്മദലി, അനസ്, അനീസ, മുബീന, തുഹ്‌റ, നുസൈബ, ജാമാതാക്കൾ: ഹാഫിള് സജീർ, ജാഫർ, ബഷീർ, ഷൗക്കത്തലി. ഖബറടക്കം വെള്ളിയാഴ്ച ഒൻപത് മണിക്ക് വെള്ളമുണ്ട എട്ടേനാൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.

Tags:    
News Summary - Samastha Kendra Mushavara member Kaipani Aboobacker Faizi has passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.