ആദൃശ്ശേരിയെ വീണ്ടും സി.ഐ.സി ജന. സെക്രട്ടറിയാക്കിയതിനെതിരെ സമസ്ത നേതാക്കൾ

കോഴിക്കോട്: മൂന്നുവർഷത്തിലധികമായി കോഓഡിനേഷൻ ഓഫ് ഇസ്‍ലാമിക് കോളജസുമായി (സി.ഐ.സി) തുടരുന്ന പ്രശ്നം രമ്യമായി പരിഹരിക്കാനുള്ള നീക്കങ്ങൾ തുടരവെ അതിനെ തകർക്കാനുള്ള ശ്രമം ഖേദകരവും പ്രതിഷേധാർഹവുമാണെന്ന് ചൂണ്ടിക്കാട്ടി സമസ്തയുടെയും പോഷക സംഘടനകളുടെയും നേതാക്കൾ രംഗത്ത്.

ഭിന്നിപ്പ് ശ്രമത്തിൽനിന്ന് ബന്ധപ്പെട്ടവർ പിന്തിരിയണമെന്ന് നേതാക്കൾ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. സമസ്ത-മുസ്‍ലിം ലീഗ് നേതൃത്വം ഒരുമിച്ചുചേർന്ന് ഒമ്പതിന പ്രശ്നപരിഹാര മാർഗരേഖ തയാറാക്കിയിരുന്നു. ഇത് സമസ്ത മുശാവറയും സി.ഐ.സിയും അംഗീകരിക്കുകയെന്നതായിരുന്നു തീരുമാനം. സമസ്ത മുശാവറ ഇത് ഐകകണ്ഠ്യേന അംഗീകരിച്ചെങ്കിലും സി.ഐ.സി ഇതുവരെ അംഗീകരിച്ചില്ലെന്ന് മാത്രമല്ല, മധ്യസ്ഥന്മാർ തയാറാക്കിയ വ്യവസ്ഥകൾ വികലമാക്കി സമസ്തക്ക് അയക്കുകയാണ് ചെയ്തത്.

ഈ പശ്ചാത്തലത്തിൽ മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, എം.ടി. അബ്ദുല്ല മുസ്‍ലിയാർ, കൊയ്യോട് ഉമർ മുസ്‍ലിയാർ, പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവർ പ്രശ്നപരിഹാരത്തിന് യോഗം ചേരാനിരിക്കെയാണ് മധ്യസ്ഥ ശ്രമങ്ങൾക്ക് തുരങ്കം വെക്കുംവിധം ഏകപക്ഷീയമായി സമസ്ത മാറ്റിനിർത്തിയ അബ്ദുൽ ഹക്കീം ഫൈസി ആദൃശ്ശേരി ജനറൽ സെക്രട്ടറിയായ പുതിയ സി.ഐ.സി കമ്മിറ്റി പ്രഖ്യാപനം വന്നത്. സമുദായത്തിൽ ഐക്യം ശക്തമാക്കേണ്ട ഇക്കാലത്ത് ഇത്തരം നീക്കങ്ങൾ ഒരിക്കലും അംഗീകരിക്കാനാവില്ല.

രമ്യമായി പരിഹരിക്കാവുന്ന പ്രശ്നങ്ങളെ സങ്കീർണമാക്കാനുള്ള ഇത്തരം പ്രവർത്തനങ്ങൾ എല്ലാവരും തിരിച്ചറിയണമെന്ന് സമസ്ത സെക്രട്ടറി ഉമർ ഫൈസി മുക്കം, ജംഇയ്യതുൽ മുദരിസീൻ സംസ്ഥാന ജനറൽ സെക്രട്ടറി എ.വി. അബ്ദുറഹ്മാൻ മുസ്‍ലിയാർ, ജംഇയ്യതുൽ മുഅല്ലിമീൻ ജനറൽ സെക്രട്ടറി വാക്കോട് മൊയ്തീൻ കുട്ടി ഫൈസി, എസ്.വൈ.എസ് വർക്കിങ് സെക്രട്ടറി അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, എസ്.ഇ.എ സംസ്ഥാന പ്രസിഡന്റ് മുസ്തഫ മുണ്ടുപാറ, എസ്.കെ.എസ്.എസ്.എഫ് ജനറൽ സെക്രട്ടറി ഒ.പി.എം. അഷ്റഫ് എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.

Tags:    
News Summary - samastha leaders statement against abdul hakeem faizy adrisseri

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.