കോട്ടയം: ‘മാധ്യമം’ പത്രത്തിലെ ‘രാമായണ സ്വരങ്ങൾ’ പംക്തി എഴുതുന്ന ഡോ. ടി.എസ്. ശ്യാംകുമാറിനെതിരായ സംഘ്പരിവാർ കടന്നാക്രമണത്തിൽ പ്രതിഷേധവുമായി വിവിധ ദലിത് സംഘടനകൾ. സംഘ്പരിവാറിന്‍റെ നീക്കത്തെ എന്തുവില കൊടുത്തും ചെറുക്കുമെന്ന് സംയുക്ത ദലിത് സംഘടനയുടെ വാർത്തസമ്മേളനത്തിൽ ഡി.എസ്.എം ചെയർമാൻ സണ്ണി എം. കപിക്കാട് അറിയിച്ചു.
ഹിന്ദുക്കളെ അപമാനിക്കാൻ ബോധപൂർവം ‘മാധ്യമം’ മാനേജ്മെന്‍റ് മുൻകൈ എടുത്ത് ശ്യാംകുമാറിനെക്കൊണ്ട് എഴുതിക്കുന്നു എന്നതാണ് ഹിന്ദുത്വ ശക്തികളുടെ ന്യായം. എന്നാൽ, ഏത് പത്രത്തിൽ എഴുതി എന്നതല്ല എന്ത് എഴുതി എന്നതാണ് വിഷയം. ഡോ. ശ്യാം ഉന്നയിച്ച വിമർശനത്തിന് മറുപടി ഉണ്ടെങ്കിൽ അതാണ് ഹിന്ദുത്വ ശക്തികൾ പറയേണ്ടത്. ഹിന്ദുത്വശക്തിക്കെതിരായ യുക്തിഭദ്രമായ വിമർശനങ്ങളെ പ്രതിരോധിക്കുക, മുസ്ലിംകൾക്കെതിരെ ആക്രമണം അഴിച്ചുവിടുക തുടങ്ങിയ ഇരട്ടമുഖവുമായാണ് സംഘ്പരിവാർ ശക്തികൾ ശ്യാമിനെതിരെ ആക്രമണത്തിന് എത്തുന്നത്.
വേദ-ഇതിഹാസങ്ങളെയും പുരാണങ്ങളെയും അതിന്‍റെ ചരിത്രത്തെ സംബന്ധിച്ചും ഗവേഷണപരമായി ഇടപെടുകയും അതിവിപുലമായ വൈജ്ഞാനിക അടിസ്ഥാനം സ്വന്തം നിലക്ക് നിർമിക്കുകയും ചെയ്‌ത വ്യക്തിയാണ് അദ്ദേഹം. അഭിപ്രായ സ്വാതന്ത്ര്യം ഓരോ പൗരനും ഭരണഘടന ഉറപ്പുനൽകുന്ന അവകാശമാണ്. അതിനാൽ ശ്യാമിനെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം സർക്കാറിനുമുണ്ട്. കേരളത്തിലെ ദലിത് സമുദായ സംഘടനകളെ യോജിപ്പിച്ച് ഇതിനെതിരെ നിലയുറപ്പിക്കുമെന്നും അതിന്‍റെ ഭാഗമായി ശനിയാഴ്ച വൈകീട്ട് നാലിന് കോട്ടയം ഗാന്ധി സ്ക്വയറിൽ പ്രതിഷേധക്കൂട്ടായ്മ സംഘടിപ്പിക്കുമെന്നും സണ്ണി എം. കപിക്കാട് അറിയിച്ചു.
ദലിത് സംയുക്ത സംഘടനാ ഭാരവാഹികളായ എ.കെ. സജീവ്, എബി ആർ. നീലംപേരൂർ, ഡോ. എസ്. അറുമുഖം, കെ. വത്സകുമാരി, തങ്കമ്മ ഫിലിപ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.