കൊച്ചി: നയതന്ത്ര സ്വർണക്കടത്ത് കേസിൽ സ്വപ്‌ന സുരേഷ് നൽകിയ രഹസ്യമൊഴിയുടെ പകർപ്പ് ആവശ്യപ്പെട്ട് സോളാർ കേസ് പ്രതി സരിത എസ്. നായർ നൽകിയ ഹരജി ഹൈകോടതി തള്ളി. കേസുമായി ഒരു ബന്ധവുമില്ലാത്ത മൂന്നാം കക്ഷിക്ക് രഹസ്യമൊഴി ലഭിക്കാൻ നിയമപരമായ അവകാശമില്ലെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് കൗസർ എടപ്പഗത്ത് ഹരജി തള്ളിയത്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ഇ.ഡി രജിസ്റ്റർ ചെയ്ത കേസിൽ സ്വപ്ന വിചാരണ കോടതിയിൽ നൽകിയ രഹസ്യമൊഴിയിൽ തന്നെക്കുറിച്ച് പരാമർശിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സരിതയുടെ ഹരജി.
സരിതയുടെ ഹരജി പരിഗണിച്ച കോടതി മൂന്നാം കക്ഷിക്ക് മൊഴിപ്പകർപ്പ് നൽകുന്നതുമായി ബന്ധപ്പെട്ട നിയമ പ്രശ്നം പരിശോധിക്കാൻ അമിക്കസ് ക്യൂറിയെ നിയോഗിച്ചിരുന്നു. കോടതിയിൽ നൽകുന്ന രഹസ്യമൊഴി പൊതുരേഖയാണെങ്കിലും അന്വേഷണഘട്ടത്തിൽ അന്വേഷണ ഉദ്യോഗസ്ഥനല്ലാതെ മറ്റാർക്കും നൽകാൻ നിയമപരമായി കഴിയില്ലെന്നായിരുന്നു അമിക്കസ് ക്യൂറി കോടതിയെ അറിയിച്ചത്.
അമിക്കസ് ക്യൂറി റിപ്പോർട്ട് പരിഗണിച്ച കോടതി അന്വേഷണം പൂർത്തിയാക്കി അന്തിമ റിപ്പോർട്ട് നൽകിയ ശേഷം കോടതി അതിൽ തീരുമാനമെടുക്കുന്നത് വരെ രഹസ്യമൊഴിയുടെ പകർപ്പ് ലഭിക്കാൻ പ്രതിക്കോ ഇരക്കോ മൂന്നാം കക്ഷിക്കോ അവകാശമില്ലെന്ന് വ്യക്തമാക്കി. കേസുമായി നേരിട്ട് ബന്ധമില്ലാത്തവർ രഹസ്യമൊഴിയുടെ പകർപ്പ് എന്ത് ആവശ്യത്തിനാണെന്നടക്കം ബോധിപ്പിക്കേണ്ടതുണ്ട്.
സ്വപ്ന തനിക്കെതിരെ രഹസ്യമൊഴിയിൽ ആരോപണം ഉന്നയിച്ചിട്ടുണ്ടെന്നത് സ്ഥാപിക്കാനുള്ള വസ്തുതകളോ തെളിവോ ഹരജിക്കാരിക്ക് ഹാജരാക്കാനായിട്ടില്ല. ഇത് അവരുടെ ആശങ്ക മാത്രമാണ്. രഹസ്യമൊഴിയിൽ തനിക്കെതിരെ പരാമർശമുണ്ടെന്ന വിവരം അറിഞ്ഞതെങ്ങനെയെന്നോ രഹസ്യമൊഴി ആവശ്യപ്പെടുന്നതിന്‍റെ കാരണമെന്തെന്നോ വ്യക്തമാക്കിയിട്ടില്ല. അന്വേഷണം ഇതുവരെ പൂർത്തിയാകാത്ത സാഹചര്യവും നിലനിൽക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.