തിരുവനന്തപുരം: ഭക്ഷണത്തിൽ രാസപദാർഥങ്ങൾ നൽകി വധിക്കാൻ ശ്രമിച്ചെന്ന സോളർ കേസ് പ്രതി സരിത എസ്. നായരുടെ പരാതിയിലെ ആരോപണങ്ങൾ ശാസ്ത്രീയമായി പരിശോധിക്കാൻ ക്രൈംബ്രാഞ്ച്. ഭക്ഷണത്തിലൂടെ രാസവസ്തുക്കൾ എത്തിയോയെന്ന് കണ്ടെത്താനാണ് ശാസ്ത്രീയ പരിശോധന. പരാതിയിൽ കേസെടുത്തിട്ടുണ്ടെങ്കിലും പ്രതിസ്ഥാനത്തുള്ള ഡ്രൈവറുടെ പ്രതികരണം ഇതിൽ സംശയം വർധിപ്പിക്കുന്നുണ്ട്. ആ സാഹചര്യത്തിലാണ് പുതിയ നീക്കം.
കെമിക്കൽ അനാലിസിസ് ലാബോറട്ടറിയിൽ ഇതുസംബന്ധിച്ച പരിശോധന നടത്തും. പരിശോധനഫലം കിട്ടിയാൽ അതിലെ ഫലം സ്ഥിരീകരിക്കാൻ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിൽ വീണ്ടും പരിശോധന നടത്തുന്ന കാര്യവും ക്രൈംബ്രാഞ്ചിന്റെ പരിഗണനയിലുണ്ട്. സാമ്പ്ൾ ശേഖരണത്തിനായി സരിതക്ക് നോട്ടീസ് നൽകും.
മറ്റൊരു കേസുമായി ബന്ധപ്പെട്ട് മൊഴി രേഖപ്പെടുത്തുന്നതിനിടെയാണ് തന്നെ കൊലപ്പെടുത്താൻ ശ്രമം നടക്കുന്നതായുള്ള മൊഴി സരിത നൽകിയത്. അതിന്റെ അടിസ്ഥാനത്തിൽ പ്രാഥമികാന്വേഷണം നടത്തി എട്ട് മാസത്തിനുശേഷം ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. മുൻ ഡ്രൈവർ വിനുകുമാർ ഭക്ഷണത്തിൽ പലതവണയായി രാസവസ്തു ചേർത്ത് കൊലപ്പെടുത്താൻ ശ്രമിച്ചെന്നായിരുന്നു പരാതി.
രാസവസ്തു കഴിച്ചതിനെതുടർന്ന് ഗുരുതരമായ ശാരീരിക പ്രശ്നങ്ങൾ ഉണ്ടായി, ഇടതുകണ്ണിന്റെയും ഇടതുകാലിന്റെയും സ്വാധീനം കുറഞ്ഞതായി അവർ പറയുന്നു. പരാതിക്കാരിക്ക് മരണംവരെ സംഭവിക്കാവുന്നതരത്തിൽ രാസപദാർഥങ്ങൾ നൽകിയെന്നാരോപിച്ചാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.