അഭിപ്രായ സ്വാതന്ത്രത്തിന്‍റെ പേരിൽ വിദ്വേഷ പ്രചാരണങ്ങള്‍ നടത്തുന്നത് ഭരണഘടന വിരുദ്ധമാണെന്ന് മുതിർന്ന മാധ്യമപ്രവർത്തകനും ഏഷ്യാനെറ്റ് സ്ഥാപകനുമായ ശശികുമാര്‍. സുദർശൻ ടിവി കേസിൽ കക്ഷി ചേർന്നുകൊണ്ട് നൽകിയ അപേക്ഷയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ആർട്ടിക്കിൾ 19 പ്രകാരമുളള അഭിപ്രായ സ്വാതന്ത്രത്തിന്‍റെ പേരിൽ വിദ്വേഷ പ്രചാരണങ്ങള്‍ നടത്തുന്ന ശ്രമങ്ങളെ അനുവദിക്കരുത്. സെക്ഷൻ 153 പ്രകാരം ഇത്തരത്തിലുള്ള വിദ്വേഷ പ്രസംഗങ്ങൾ നടത്തുന്നതും അവ സംപ്രേക്ഷണം ചെയ്യുന്നതും കുറ്റകരമാണെന്നും ശശി കുമാർ കോടതിയിൽ വ്യക്തമാക്കി.
ഇസ്‍ലാംഭീതി ഉയർത്തുന്ന പരിപാടി അവതരിപ്പിച്ചതിന്‍റെ പേരിൽ ഡൽഹി ഹെെക്കോടതി സുദർശൻ ന്യൂസ് ചാനലിനെ സ്റ്റേ ചെയ്തിരുന്നു. പ്രഥമ ദൃഷ്ടിയാൽ പരിപാടി വിദ്വേഷ പ്രചാരണം നടത്തുന്നതാണെന്ന് ചൂണ്ടിക്കാട്ടി ദില്ലി ഹൈക്കോടതി ചൗഹാന്‍കെയുടെ ഷോയുടെ പ്രക്ഷേപണവും സ്റ്റേ ചെയ്തിരുന്നു. ചാനലിനെതിരെ ജാമിഅ വിദ്യാർഥികൾ നൽകിയ ഹരജിയിലായിരുന്നു അന്ന് കോടതി നടപടി എടുത്തത്.
സിവിൽ സർവീസ് തസ്തികകളിൽ മുസ്‍ലിം സമുദായക്കാരെ കൂടുതലായി തെരഞ്ഞെടുക്കുന്നതായും ഇത് യു.പി.എസ്.സി ജിഹാദാണെന്നും സുദർശൻ ന്യൂസ് പ്രചരിപ്പിച്ചിരുന്നു. ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡ്, ഇന്ദു മൽഹോത്ര, കെ.എം. ജോസഫ് എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ചാണ് കേസിൽ വാദം കേൾക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.