മലേഷ്യയിൽ അൻവർ ഇബ്രാഹീം പ്രധാനമന്ത്രിയായി അധികാരമേറ്റതിൽ സന്തോഷം പങ്കുവെച്ച് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ. ജ്യേഷ്ഠന്‍ മുഹമ്മദലി ശിഹാബ് തങ്ങളുടെയും പാണക്കാട് കുടുംബത്തിന്റെയും ആത്മമിത്രമായിരുന്നു അൻവർ ഇബ്രാഹീം. ഏറെ പരിചിതനായ ഒരാള്‍ അധികാരത്തിലേറിയിരിക്കുന്നു എന്നതിലുമധികം സന്തോഷം നല്‍കുന്നതാണ് അദ്ദേഹത്തിന്റെ മനുഷ്യസ്‌നേഹത്തിലൂന്നിയുള്ള രാഷ്ട്രീയ കാഴ്ചപ്പാടെന്നും സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.
ശിഹാബ് തങ്ങളുടെ വിയോഗത്തില്‍ ദുഃഖിതരായ അസംഖ്യം ആളുകളില്‍ അൻവർ ഇബ്രാഹീമും ഉണ്ടായിരുന്നു. അദ്ദേഹം പാണക്കാടെത്തുകയും മരണാനന്തര ചടങ്ങുകളുടെ ഭാഗമാകുകയും ചെയ്തു. സംസ്ഥാനത്ത് മത, രാഷ്ട്രീയ, സാംസ്‌കാരിക സൗഹാര്‍ദ്ദം കാത്തുസൂക്ഷിക്കാന്‍ ശിഹാബ് തങ്ങള്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ തലമുറകള്‍ക്ക് മാതൃകയാണെന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്. അന്ന് മുതല്‍ പാണക്കാട്ടെ കുടുംബാംഗങ്ങളുമായി അദ്ദേഹം പലഘട്ടങ്ങളിലും ബന്ധപ്പെടുകയും സൗഹൃദം കാത്തുസൂക്ഷിക്കുകയും ചെയ്തുപോന്നു.
തെരഞ്ഞെടുപ്പിന് മുമ്പ് അദ്ദേഹം നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നത് പോലെ അഴിമതി വിരുദ്ധമായ മികച്ച ഭരണം കാഴ്ചവെക്കാനും രാജ്യത്തെ വംശീയതയും മതാന്ധതയും ഇല്ലാതാക്കാനും അദ്ദേഹത്തിനാവട്ടെയെന്ന് പ്രാർഥിക്കുന്നു -ഫേസ്ബുക് പോസ്റ്റിൽ സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.
അൻവർ ഇബ്രാഹിം മലേഷ്യയുടെ പത്താമത്തെ പ്രധാനമന്ത്രിയായി ചുമതല ഏൽക്കുമ്പോൾ അത് വ്യക്തിപരമായ ഒരു സന്തോഷം കൂടിയാണെന്ന് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു. സ്വന്തം സൗഹൃദ വലയത്തിൽ നിന്നും ഒരാൾ ഒരു രാഷ്ട്രത്തിന്റെ പരമാധികാരി ആയി തീരുന്ന ആഹ്ലാദ മുഹൂർത്തം. മലേഷ്യയെ ലോക വിദ്യാഭ്യാസ ഭൂപടത്തിൽ അടയാളപ്പെടുത്തുന്നതിൽ അദ്ദേഹത്തിനുള്ള പങ്ക് അവിസ്മരണീയമാണ്. ഞാൻ ഉപരിപഠനം നേടിയ മലേഷ്യ ഇന്റർനാഷണൽ ഇസ്ലാമിക് യൂണിവേഴ്‌സിറ്റിയുടെ രണ്ടാമത്തെ പ്രസിഡന്റ് ആയിരുന്നു അദ്ദേഹം. ഏഷ്യൻ സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത് മലേഷ്യൻ ധനമന്ത്രിയായ അദ്ദേഹത്തിൻറെ ഭരണപരമായ മാനേജ്‌മെന്റ് മലേഷ്യയുടെ സാമ്പത്തിക രംഗത്തെ സുസ്ഥിരമാക്കി.
ദീർഘകാലത്തെ പ്രതിപക്ഷ നേതൃത്വത്തിനും രാഷ്ട്രീയ പ്രതിസന്ധിക്കും വിരാമമിട്ട് മലേഷ്യയുടെ പ്രധാനമന്ത്രി പദവിയിലേക്ക് അദ്ദേഹം എത്തുമ്പോൾ മികച്ച ഭരണാധികാരി,അക്കാദമീഷ്യൻ എന്ന നിലകളിൽ പൊതുവെയും എപ്പോഴും മികച്ച സൗഹൃദം കാത്തു സൂക്ഷിക്കുന്ന സഹോദര തുല്യനായ സുഹൃത്ത് എന്ന നിലയിൽ വ്യക്തിപരമായും അത് അഭിമാനം നൽകുന്നു -മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.