തിരുവനന്തപുരം: സ്കൂളുകൾ പൂർണതോതിൽ തുറക്കുന്ന കാര്യം ഇപ്പോൾ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി. ഒമിക്രോൺ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ സാഹചര്യങ്ങൾ വിലയിരുത്താൻ ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം. ഒമിക്രോൺ പശ്ചാത്തലത്തിൽ ക്ലസ്റ്ററുകൾ രൂപപ്പെടുന്നത് കണ്ടെത്താൻ പരിശോധനകളും നിരീക്ഷണവും വ്യപകമാക്കും. ഇത്തരം ക്ലസ്റ്ററുകളിൽ ജനിതക ശ്രേണീകരണം വർധിപ്പിക്കും.
കോവിഡ് ധനസഹായം സമയബന്ധിതമായി പൂർത്തീകരിക്കാൻ കലക്ടർമാരോട് മുഖ്യമന്ത്രി നിർദേശിച്ചു. വാക്സിനേഷൻ നിരക്ക് കുറഞ്ഞ പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ പ്രത്യേക ശ്രദ്ധ പുലർത്തണം. സംസ്ഥാനത്ത് 97 ശതമാനം പേർ ആദ്യ ഡോസ് വാക്സിനും 70 ശതമാനം പേർ രണ്ടാം ഡോസ് വാക്സിനും സ്വീകരിച്ചിട്ടുണ്ട്. 70 ലക്ഷം പേർക്ക് രണ്ടാം ഡോസ് നൽകാനുണ്ട്. അത് എത്രയും വേഗം പൂർത്തീകരിക്കാൻ മുഖ്യമന്ത്രി ആരോഗ്യവകുപ്പിനോട് നിർദേശിച്ചു.
മാസ്ക് ധരിക്കുന്ന കാര്യത്തിൽ കർശന നിലപാട് തുടരണം. മൂന്ന് പാളി മാസ്ക്കോ എൻ 95 മാസ്ക്കോ ആയിരിക്കണം. കോവിഡാനന്തര രോഗങ്ങളെക്കുറിച്ച് അധ്യാപകരിൽ പൊതുധാരണ ഉണ്ടാക്കണം. സ്കൂളുകളിൽ എത്തുന്ന കുട്ടികൾക്ക് കോവിഡ് രോഗ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ആരോഗ്യപരിരക്ഷ നൽകണം. ശബരിമലയിൽ കഴിഞ്ഞദിവസം ചില ഇളവുകൾ അനുവദിച്ചിരുന്നു. അവിടെ ഒരു തരത്തിലും ജാഗ്രതക്കുറവ് പാടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.