സ്വാശ്രയ കേസ്: സർക്കാർ ഒാർഡിനൻസ് ഹൈകോടതി സ്റ്റേ ചെയ്തില്ല

കൊച്ചി: സ്വാശ്രയ വിഷയത്തിൽ ഒാർഡിനൻസ് ഇറക്കാൻ വൈകിയ സംസ്ഥാന സർക്കാർ നടപടിയിൽ ഹൈകോടതിക്ക് അതൃപ്തി. എന്നാൽ, സർക്കാർ ഇറക്കിയ ഒാർഡിനൻസ് കോടതി റദ്ദാക്കിയില്ല. നിലവിലുള്ള ഫീസ് ഘടനയിൽ താൽകാലികമായി പ്രവേശനം നടത്താമെന്ന് വ്യക്തമാക്കിയ കോടതി, സ്വാശ്രയ മെഡിക്കൽ മാനേജ്മെന്‍റുകളുടെ ഹരജികൾ തള്ളി. എം.ബി.ബി.എസ് സീറ്റിന് അഞ്ചു ലക്ഷം രൂപ നിശ്ചിത തീരുമാനം ഹൈകോടതി അംഗീകരിച്ചു. 

ഇപ്പോഴത്തെ ഫീസ് ഘടനയിൽ താൽകാലിക പ്രവേശനമാണ് നടത്തുന്നതെന്ന് വിദ്യാർഥികളെ അറിയിക്കണം. ഫീസ് പൊതുപ്രവേശന കമീഷണർ മുഖേന നൽകണം. നിലവിലെ നടപടികളെ ചോദ്യംചെയ്ത് ഹരജിക്കാർക്ക് മേൽ കോടതിയെ സമീപിക്കുന്നതിന് എതിർപ്പില്ലെന്നും ഹൈകോടതി വ്യക്തമാക്കി. 

സ്വശ്രയ മെഡിക്കൽ കോഴ്സുകളുടെ ഫീസുകൾ ജസ്റ്റിസ് ആർ. രാജേന്ദ്ര ബാബു ചെയർമാനായ  സമിതി കഴിഞ്ഞ ദിവസം പുതുക്കി നിശ്ചയിച്ചിരുന്നു. ഇതുപ്രകാരം എം.ബി.ബി.എസിന്‍റെ 85 ശതമാനം ജനറൽ സീറ്റിലെ ഫീസ് അഞ്ചു ലക്ഷം രൂപയാക്കി. എൻ.ആർ.ഐ സീറ്റിൽ നിലവിലെ 20 ലക്ഷം ഫീസ് തുടരാനും തീരുമാനിച്ചിട്ടുണ്ട്. എം.ബി.ബി.എസിന്‍റെ ഫീസിൽ 50,000 രൂപ കുറവ് വരുത്തിയിട്ടുണ്ട്.

അതേസമയം, ബി.ഡി.എസ് ഫീസ് വർധിപ്പിച്ചു. ജനറൽ സീറ്റിൽ 2.9 ലക്ഷമാക്കി ഉയർത്തി. മുമ്പ് 2.5 ലക്ഷമായിരുന്നു ഫീസ്. എൻ.ആർ.ഐ സീറ്റിൽ ഫീസ് ആറു ലക്ഷമാക്കിയും വർധിപ്പിച്ചിട്ടുണ്ട്. സ്വാശ്രയ കേസ് പരിഗണിക്കാൻ ഇരിക്കെ ജൂലൈ 14നാണ് പുതുക്കിയ ഫീസ് ഘടന സംസ്ഥാന സർക്കാർ ഹൈകോടതിയിൽ സമർപ്പിച്ചത്. ഈ വിഷയത്തിൽ കാലതാമസം വരുത്തിയ സർക്കാറിനെ അന്നും കോടതി വിമർശിച്ചിരുന്നു. 

Tags:    
News Summary - self finance ordinance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.