തിരുവനന്തപുരം: ഫയൽനീക്കം വേഗത്തിലാക്കാനും ഉദ്യോഗസ്ഥ സംവിധാനം കാര്യക്ഷമമാക്കാനും സുപ്രധാന നിർദേശങ്ങളുമായി സെന്തിൽ കമീഷൻ റിപ്പോർട്ട്. തീര്‍പ്പാക്കിയ ഫയലുകള്‍ ജനങ്ങൾക്ക് കിട്ടും വിധം ഇ-ഓഫിസിൽ ലഭ്യമാക്കണമെന്ന നിർദേശമാണ് ശ്രദ്ധേയം.
വിവരാവകാശ നിയമപ്രകാരം പൊതുജനങ്ങൾക്ക് നൽകാവുന്ന ഫയലുകളാണ് തീർപ്പാക്കിയശേഷം ഇത്തരത്തിൽ ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ ലഭ്യമാക്കേണ്ടത്. ഇക്കാര്യത്തില്‍ നയ തീരുമാനമെടുക്കണം. ലഭ്യമാക്കേണ്ട വിവരങ്ങൾ കൃത്യമായി തരംതിരിക്കണം. വിവരം ലഭ്യമാക്കുന്നതില്‍ വീഴ്ചവരുത്തുന്നവർക്ക് പിഴ ശിക്ഷ ഉൾപ്പെടെ ആവശ്യമെങ്കില്‍ സേവനാവകാശ നിയമത്തില്‍ ഉള്‍ക്കൊള്ളിക്കണം. സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥ ഘടനയും ഫയൽ പരിശോധനരീതിയും പൊളിച്ചെഴുതുന്നതിനാണ് മുൻ അഡീഷനൽ ചീഫ് സെക്രട്ടറി വി.എസ്. സെന്തിലിന്റെ നേതൃത്വത്തിൽ അഞ്ചംഗ സമിതിക്ക് സർക്കാർ രൂപം നൽകിയത്. 246 പേജുള്ള റിപ്പോർട്ട് കഴിഞ്ഞ ദിവസം കമീഷൻ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.
എല്ലാ സർക്കാർ ഉത്തരവുകളും ഓൺലൈനിൽ അപ്ലോഡ് ചെയ്യുന്നുണ്ടെന്ന് ഉറപ്പവരുത്തുന്നതിന് ഓരോ വകുപ്പിലും ഒരു നോഡൽ ഓഫിസറെ വീതം നിയോഗിക്കണമെന്നതാണ് മറ്റൊരു നിർദേശം. ഇക്കാര്യം കര്‍ശനമായി നടപ്പാക്കുന്നുണ്ടെന്ന് വകുപ്പ് സെക്രട്ടറിമാർ നിരീക്ഷിക്കണം. മന്ത്രിമാർ, സെക്രട്ടറിമാർ എന്നിവർക്ക് ഫയൽ കൈവശം വെക്കുന്നതിനുള്ള സമയപരിധി എത്രയെന്ന് നിർണയിക്കണം. ഇത് തീരുമാനങ്ങള്‍ വേഗത്തിലാക്കുന്നതിനും സോഷ്യൽ ഓഡിറ്റിങ്ങിനും സഹായിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
സെക്ഷൻ ഓഫിസർ തസ്തികയില്‍നിന്ന് അണ്ടർ സെക്രട്ടറി തസ്തികയിലേക്കുള്ള എല്ലാ സ്ഥാനക്കയറ്റങ്ങളും യോഗ്യത പരീക്ഷയുടെ അടിസ്ഥാനത്തിലാക്കണം. പരീക്ഷ നടത്തിപ്പ് പി.എസ്.സിയെ ഏൽപിക്കാം.
അസിസ്റ്റന്റ് മുതല്‍ അണ്ടര്‍ സെക്രട്ടറിവരെയുള്ള ഉദ്യോഗസ്ഥർക്ക് നിർബന്ധിത കമ്പ്യൂട്ടർ പരിശീലനം ഏർപ്പെടുത്തണം.
സെക്രട്ടേറിയറ്റിൽ ചെയ്യേണ്ടതല്ലാത്ത ജോലികളും അവിടെ ചെയ്യുന്നു. ഈ വിഷയം സെക്രട്ടറിമാരുടെ കമ്മിറ്റി രൂപവത്കരിച്ച് കൂടുതൽ പഠിക്കണം.
വകുപ്പുകൾ തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ ചീഫ് സെക്രട്ടറി അധ്യക്ഷനായ എംപവേർഡ് കമ്മിറ്റി രൂപവത്കരിക്കണം.
ഏക ഫയൽ സംവിധാനം സെക്രട്ടേറിയറ്റിനെ കൂടാതെ ഫീൽഡ് ഡിപ്പാർട്ട്മെന്റുകളിലും തദ്ദേശ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മറ്റു സ്ഥാപനങ്ങളിലേക്കും വ്യാപിപ്പിക്കുന്ന കാര്യം പരിശോധിക്കണം.
എല്ലാ വകുപ്പുകളിലും അതിനു കീഴിലുള്ള സ്ഥാപനങ്ങളിലും യുനീകോഡ് ഫോണ്ട് മാത്രമേ ഉപയോഗിക്കാവൂ. ഇതിനുള്ള നടപടി ഐ.ടി സെക്രട്ടറി സ്വീകരിക്കണം.
എല്ലാ ഭൗതിക രേഖകളും ആവശ്യമുള്ളപ്പോൾ കോപ്പി ചെയ്യാൻ കഴിയുന്നതരത്തിൽ ഡിജിറ്റലൈസ് ചെയ്ത് സൂക്ഷിക്കണം.
മുഖ്യമന്ത്രി, മന്ത്രിമാര്‍, ചീഫ് സെക്രട്ടറി, അഡീഷനൽ ചീഫ് സെക്രട്ടറി, പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍, സെക്രട്ടറിമാർ എന്നിവര്‍ നടത്തുന്ന യോഗങ്ങളിൽ വകുപ്പിന്റെ പ്രതിനിധിയായി ഡെപ്യൂട്ടി സെക്രട്ടറി റാങ്കിലോ അതിന് മുകളിലെ റാങ്കിലോ ഉള്ള ഉദ്യോഗസ്ഥരെ മാത്രമേ നിയോഗിക്കാന്‍ പാടുള്ളൂ.
ഈ ഉദ്യോഗസ്ഥര്‍ ബന്ധപ്പെട്ട വിഷയത്തില്‍ വകുപ്പിന്റെ അഭിപ്രായം രേഖപ്പെടുത്താന്‍ പ്രാപ്തിയുള്ളവരായിരിക്കണം.
സെക്രട്ടേറിയറ്റിലെ ഗസറ്റഡും നോണ്‍ ഗസറ്റഡും ആയ ജീവനക്കാര്‍ക്ക് പ്രത്യേകം സംഘടനകള്‍ വേണമെന്ന ഭരണപരിഷ്കാര കമീഷന്റെ ശിപാർശ ഉടൻ നടപ്പാക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.