വൈറ്റില: ബൈപാസ് റോഡിൽ വൈശാലി ബസ് സ്റ്റോപ്പിൽ നിർത്തിയിട്ട സ്വകാര്യ ബസിന് പിന്നിൽ ലോറി ഇടിച്ച് ഏഴുപേർക്ക് പരിക്കേറ്റു. വൈറ്റില-പാലാരിവട്ടം ബൈപാസിൽ ചളിക്കവട്ടം ഗീതാഞ്ജലി ജങ്ഷനിലാണ് യാത്രക്കാരെ കയറ്റാൻ നിർത്തിയ ബസിന് പിന്നിൽ അതേദിശയിൽ വന്ന ലോറി ഇടിച്ചത്.
രാവിലെ പത്തരയോടെ വൈറ്റിലയിൽനിന്ന് ഇടപ്പള്ളിയിലേക്കു പോയ ബസാണ് അപകടത്തിൽ പെട്ടത്. ഉടൻ പരിക്കേറ്റവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് പേരൊഴികെയുള്ളവരെ പ്രാഥമിക ശുശ്രൂഷ നൽകി വിട്ടയച്ചു. വാരിയെല്ലിന് പരിക്കേറ്റ ബസ് കണ്ടക്ടർ നൗഷാദ്, ബസിന്‍റെ കമ്പിയിൽ തലയടിച്ച് പരിക്കേറ്റ യാത്രക്കാരി മരിയ എന്നിവരാണ് ചികിത്സയിലുള്ളത്.
ഇടിയുടെ ആഘാതത്തിൽ ബസ് തെറിച്ച് സർവിസ് റോഡു കടന്ന് സമീപത്തെ ട്രാൻസ്ഫോർമറിന് അടുത്തെത്തിയാണ് നിന്നത്. ബസിന്‍റെ ഗ്ലാസ് തകർന്നു. ലോറിയും നൂറു മീറ്ററിലേറെ മുന്നോട്ടുപോയ ശേഷമാണ് നിന്നത്. ബസ് സ്റ്റോപ്പിലുണ്ടായിരുന്നവർക്കടക്കം പരിക്കേറ്റു. ഇടപ്പള്ളി ട്രാഫിക് പൊലീസ് കേസെടുത്തു. അപകടത്തെ തുടർന്ന് ഗതാഗതക്കുരുക്കുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.