കേരളവർമ കോളജ് ചെയർമാൻ സ്ഥാനം എസ്.എഫ്.ഐക്ക്; റീ കൗണ്ടിങ്ങിൽ ജയം മൂന്ന് വോട്ടിന്

തൃശൂർ: തൃശൂർ ശ്രീകേരളവര്‍മ്മ കോളജ് യുനിയൻ ചെയര്‍മാന്‍ തിരഞ്ഞെടുപ്പിന്‍റെ റീ-റീ കൗണ്ടിങിൽ എസ്.എഫ്.ഐ സ്ഥാനാർഥി അനിരുദ്ധൻ ജയിച്ചു. മൂന്ന് വോട്ടിനാണ്​ അനിരുദ്ധ​ന്‍റെ ജയം. അനിരുദ്ധന് 892 വോട്ടും കെ.എസ്.യുവിന്‍റെ ചെയര്‍മാന്‍ സ്ഥാനാര്‍ഥി എസ്. ശ്രീക്കുട്ടന് 889 വോട്ടുമാണ്​ റീ കൗണ്ടിങ്ങിൽ ലഭിച്ചത്. ശ്രീക്കുട്ടൻ നല്‍കിയ ഹര്‍ജിയില്‍ ഹൈകോടതി നിർദേശപ്രകാരമായിരുന്നു വീണ്ടും വോട്ടെണ്ണൽ. പ്രിൻസിപ്പലിന്‍റെ ചേംബറിനോട്‌ ചേർന്ന മുറിയിലായിരുന്നു വോട്ടെണ്ണൽ.

സ്ഥാനാർഥികളും നാല് സ്ഥാനാർഥികളുടെ രണ്ട് വീതം പ്രതിനിധികളും സന്നിഹിതരായിരുന്നു. വീണ്ടും വോട്ടെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ടായിരുന്നു കെ.എസ്.യു കോടതിയെ സമീപിച്ചിരുന്നത്. എന്നാൽ നിലവിൽ വിജയിയായി പ്രഖ്യാപിച്ചിരുന്ന എസ്.എഫ്.ഐയുടെ സ്ഥാനാർഥിയുടെ വിജയം റദ്ദാക്കി, അസാധുവോട്ടുകളടക്കം കൂട്ടിച്ചേർത്ത് എണ്ണിയത് അപകാതയുണ്ടെന്ന് കണ്ടെത്തിയതിൽ വീണ്ടും വോട്ടെണ്ണുന്നതിനായിരുന്നു കോടതി നിർദേശം. ആദ്യ വോട്ടെണ്ണലിൽ ഇടക്കിടെ വൈദ്യുതി തകരാറിലായിരുന്നത് വോട്ടെണ്ണലിൽ അട്ടിമറിയാണെന്ന് കെ.എസ്.യു ആരോപിച്ചിരുന്നു. ഇതിനടക്കം പ്രതിവിധിയോടെയായിരുന്നു ശനിയാഴ്ചയിലെ വോട്ടെണ്ണൽ. പ്രിൻസിപ്പലിന്റെ ചേംബറിൽ ഇൻവെർട്ടർ സൗകര്യമടക്കമുണ്ട്. വൈദ്യുതി തകരാറിലാവുന്നത് ഇവിടെ ബാധിക്കില്ല. വോട്ടെണ്ണൽ നടപടികൾ പൂർണമായും വീഡിയോയിലും പകർത്തിയിട്ടുണ്ട്.

ട്രഷറി ലോക്കറിൽ ആയിരുന്ന ബാലറ്റുകൾ കഴിഞ്ഞ ദിവസം കോളേജിലെ സ്ട്രോങ്ങ്‌ റൂമിലെ ലോക്കറിലേക്ക് മാറ്റിയിരുന്നു. രാവിലെ ഒൻപതരയോടെ സ്ഥാനാർഥികളുടെയും പ്രതിനിധികളുടെയും സാനിധ്യത്തിലാണ് ഇത് തുറന്ന് ബോക്സുകൾ ചേംബറിലെത്തിച്ചത്. ഇതിന് ശേഷം ഒൻപതേ മുക്കാലോടെയാണ് വോട്ടെണ്ണലിനുള്ള നടപടികൾ തുടങ്ങിയത്. മുഴുവൻ സ്ഥാനാർഥികളുടേയും പേര് ഒറ്റ ബാലറ്റിലായതിനാലാണ് അസാധു വോട്ടുകൾ മുൻപ് പ്രത്യേകം സൂക്ഷിച്ചിരുന്നില്ല. ഇതാണ് കോടതി നടപടികളിൽ വീഴ്ചയുണ്ടായതായി വിമർശിച്ചത്. അതിനാൽ ചെയർമാൻ സ്ഥാനാർഥിയുടെ പേര് ബാലറ്റിൽ നിന്നും കീറി ആദ്യം അസാധു വോട്ടുകൾ വേർതിരിച്ചു. തുടർന്നാണ് സാധുവായ വോട്ടുകൾ എണ്ണി തുടങ്ങിയത്.

Tags:    
News Summary - SFI Win in Kerala varma college election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.