തിരുവനന്തപുരം: പാറശാല ഷാരോൺ രാജ് കൊലക്കേസിൽ പ്രധാന പ്രതിയായ ഗ്രീഷ്മ ആർ. നായരുടെ അമ്മയുടെയും അമ്മാവന്റെയും അറസ്റ്റ് ബുധനാഴ്ച രേഖപ്പെടുത്തും. തെളിവ് നശിപ്പിച്ചതിനാണ് ഇരുവരെയും കേസിൽ പ്രതി ചേർത്തത്. ആത്മഹത്യാ ശ്രമം നടത്തിയ ഗ്രീഷ്മയെ ആശുപത്രി സെല്ലിലേക്ക് മാറ്റാനാണ് സാധ്യത. സംഭവ ദിവസം ഷാരോൺ ധരിച്ച വസ്ത്രം കുടുംബം അന്വേഷണ സംഘത്തിന് കൈമാറും.
തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതിനാണ് ഗ്രീഷ്മ ആർ.നായരുടെ അമ്മ സിന്ധു, അമ്മാവൻ നിർമൽ കുമാർ എന്നിവരെ പ്രതി ചേർത്തത്. അച്ഛനെയും മറ്റൊരു ബന്ധുവിനെയും ഒരു വട്ടം കൂടി ചോദ്യം ചെയ്യും. ഇവർക്കും തെളിവ് നശിപ്പിച്ചതിൽ പങ്കുണ്ടെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. അമ്മയെയും അമ്മാവനെയും ഇന്ന് രാമവർമൻ ചിറയിലെ വീട്ടിലെത്തിച്ച് തെളിവെടുത്തേക്കും. റിമാൻഡിലായ ഗ്രീഷ്മയുടെ ആരോഗ്യസ്ഥിതി നോക്കി ആശുപത്രി സെല്ലിലേക്കോ ജയിലിലേക്കോ മാറ്റാനിടയുണ്ട്. ഗ്രീഷ്മയെ കസ്റ്റഡിയിൽ ലഭിക്കാനുള്ള അപേക്ഷ പൊലീസ് നെയ്യാറ്റിൻകര കോടതിയിൽ നൽകും. 14 തീയതി ഗ്രീഷ്മയുടെ വീട്ടിൽ പോയ സമയം ഷാരോൺ രാജ് ധരിച്ച വസ്ത്രം കുടുംബം കൈമാറും. ഇത് ഇന്നു തന്നെ ഫോറൻസിക് പരിശോധനക്ക് അയക്കും. ഷാരോണിന്‍റെ ഫോണും ശാസ്ത്രീയ പരിശോധനക്ക് അയക്കും. മറ്റൊരാളുമായുള്ള വിവാഹത്തിന് കാമുകനായ ഷാരോൺ തടസം നിൽക്കും എന്ന് ഭയന്നാണ് ഗ്രീഷ്മ വിഷം നൽകി കൊലപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.