പൊന്നാനി: പൊന്നാനിയിൽനിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ടിൽ ചരക്കുകപ്പലിടിച്ച് ബോട്ടിലുണ്ടായിരുന്ന രണ്ടു മത്സ്യത്തൊഴിലാളികൾ മരിച്ചു. പൊന്നാനി അഴീക്കൽ സ്വദേശിയും ബോട്ടിന്റെ സ്രാങ്കുമായ കുറിയമാക്കാനകത്ത് അബ്ദുൽ സലാം (46), പൊന്നാനി പള്ളിപ്പടി സ്വദേശി പിക്കിന്റെ അബ്ദുൽ ഗഫൂർ (39) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച അർധരാത്രിയാണ് സംഭവം. കപ്പലിനെതിരെ തൃശൂർ മുനക്കകടവ് തീരദേശ പൊലീസ് കേസെടുത്തു. പൊന്നാനി ഹാർബറിൽനിന്ന് മത്സ്യബന്ധനത്തിന് പോയ പൊന്നാനി അഴീക്കൽ സ്വദേശി നൈനാറിന്റെ ഉടമസ്ഥതയിലുള്ള ‘ഇസ്ലാഹ്’ ബോട്ടിലാണ് ‘സാഗർ യുവരാജ്’ എന്ന ചരക്കുകപ്പലിടിച്ചത്. പൊന്നാനി തീരത്തുനിന്ന് 12 നോട്ടിക്കൽ മൈൽ അകലെ മന്ദലാംകുന്ന് ഭാഗത്താണ് അപകടം.
ആറുപേരാണ് ബോട്ടിലുണ്ടായിരുന്നത്. അപകടത്തിൽപെട്ട ബോട്ടിൽനിന്ന് കടലിൽ തെറിച്ചുവീണ നാലു തൊഴിലാളികളെ കപ്പൽ ജീവനക്കാർ രക്ഷപ്പെടുത്തി. അയ്യൂബ്, മൻസൂർ, ബാദുഷ, മജീദ് എന്നിവരെയാണ് രക്ഷപ്പെടുത്തിയത്.
അപകടമറിഞ്ഞയുടൻ പൊന്നാനിയിൽനിന്ന് ബോട്ടുകളിൽ തൊഴിലാളികളെത്തി കാണാതായവർക്കായി തിരച്ചിൽ നടത്തി. അബ്ദുൽ സലാമിന്റെയും അബ്ദുൽ ഗഫൂറിന്റെയും മൃതദേഹം ഇവരുടെ തിരച്ചിലിലാണ് കണ്ടെത്തിയത്. മൃതദേഹങ്ങൾ പൊന്നാനി താലൂക്ക് ആശുപത്രിയിലെത്തിച്ച് പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
അതേസമയം, അപകടത്തിനിടയാക്കിയ കപ്പൽ തിങ്കളാഴ്ച വൈകുന്നേരത്തോടെ കൊച്ചിയിലെത്തിച്ച് കസ്റ്റഡിയിലെടുത്തതായി മുനക്കകടവ് തീരദേശ സി.ഐ സിജോ വർഗീസ് പറഞ്ഞു. ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്റെ ഉടമസ്ഥതയിലുള്ള കപ്പലാണ് അപകടമുണ്ടാക്കിയത്. ലക്ഷദ്വീപ് ഡെവലപ്മെന്റ് കോർപറേഷനാണ് കപ്പൽ സർവിസ് നടത്തുന്നത്.
നബീസുവാണ് അബ്ദുൽ ഗഫൂറിന്റെ ഭാര്യ. പിതാവ്: പരേതനായ സിദ്ദീഖ്. മാതാവ്: ബീവാത്തു. മക്കൾ: അഷ്കർ, അൻഫി, സറീന. സഹോദരങ്ങൾ: കാദർ, ഷറഫുദ്ദീൻ, റഫീഖ്, നസീറ.
പരേതരായ മുഹമ്മദ് കുട്ടി-ആയിശാബി ദമ്പതികളുടെ മകനാണ് അബ്ദുൽ സലാം. ഭാര്യ: സഫൂറ. മക്കൾ: ഫിദ, ഫാസിൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.