മലപ്പുറം: ഇന്ത്യയിൽ ഏറ്റവും കൂടുതൽ പാക്കിസ്താൻ അനുകൂലികളുണ്ടായിരുന്നത് മലപ്പുറത്തായിരുന്നു എന്ന സി.പി.എം നേതാവ് പാലോളി മുഹമ്മദ് കുട്ടിയുടെ പ്രസ്താവനയെ തള്ളി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഈ പ്രായത്തിലും പാലോളി മലപ്പുറത്തെ ആക്ഷേപിക്കാൻ ശ്രമിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മലപ്പുറം ജില്ലയെയും കേരളത്തെയും അപമാനിക്കാൻ നടത്തുന്ന ശ്രമങ്ങൾ പാലോളി അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. മതേതരത്വത്തിന് പേര് കേട്ട നാടാണ് മലപ്പുറം. ജനാധിപത്യ മതേതര മൂല്യങ്ങൾ മുറുകെ പിടിച്ച് നാടിന്റെ ക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കുന്നവരാണ് മലപ്പുറത്തുകാർ. അദ്ദേഹം പറഞ്ഞു.
കേരളത്തെ മിനി പാകിസ്താൻ എന്ന് ആക്ഷേപിച്ച മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണയെ പുറത്താക്കുക എന്നാവശ്യപ്പെട്ട് ജില്ല കോൺഗ്രസ് കമ്മിറ്റി നടത്തിയ പ്രതിഷേധമാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ചെന്നിത്തല. മലപ്പുറം ജില്ലക്കും കേരളത്തിനുമെതിരെ വലിയ തോതിൽ വിദ്വേഷപ്രചാരണം നടക്കുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
രാഹുൽ ഗാന്ധിയും പ്രിയങ്കയും വയനാട് പാർലമെന്റ് മണ്ഡലത്തിൽ നിന്ന് ജയിച്ചത് വർഗീയവാദികളുടെ പിന്തുണയോടെയാണെന്ന് പ്രചരിപ്പിക്കുകയാണ് ബി.ജെ.പി. അതിനിടയിലാണ് ഇവിടെ പാകിസ്താൻ അനുകൂലികളുടെ നാടാണ് മലപ്പുറമെന്ന് ആക്ഷേപിക്കുന്നത്. ഇ.വി.എമ്മിൽ തട്ടിപ്പ് നടത്തി അധികാരത്തിൽ വന്ന ഗവൺമെന്റാണ് മഹാരാഷ്രടയിലുള്ളത്. കേരളത്തെ അപമാനിച്ച മഹാരാഷ്ട്ര മന്ത്രി രാജിവെക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഡി.സി.സി പ്രസഡിന്റ് വി.എസ് ജോയ് അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.