തിരുവനന്തപുരം: സിൽവർ ലൈൻ സംബന്ധിച്ച് കേന്ദ്ര റെയിൽവേ മന്ത്രിയുടെ പാർലമെന്റിലെ അപ്രതീക്ഷിത പരാമർശം സംസ്ഥാന സർക്കാറിനെ കൂടുതൽ വെട്ടിലാക്കി. 'പദ്ധതിക്ക് അനുമതി നൽകിയില്ല' എന്നതിനെക്കാൾ സമർപ്പിച്ച ഡി.പി.ആർ അപൂർണമാണെന്നും വിശദാംശം ലഭ്യമാക്കണമെന്നുമുള്ള പരാമർശങ്ങളാണ് അനുമതിക്കുവേണ്ടി കാത്തിരുന്ന സർക്കാറിന് ശരിക്കും തിരിച്ചടിയാകുന്നത്. ഡി.പി.ആർ സമഗ്രമാണെന്ന വാദമുയർത്തി അനുമതി കിട്ടിയ പദ്ധതിയുടേതുപോലെ പൊലീസിനെ ഉപയോഗിച്ചും ഭീഷണിപ്പെടുത്തിയുമെല്ലാം ഭൂമിയേറ്റെടുക്കലിന് തിടുക്കം കാട്ടുകയും ബലംപ്രയോഗിച്ച് കല്ലിടൽ നടത്തുകയും ചെയ്യുന്നതിനിടെയാണ് ഈ അപ്രതീക്ഷിത പ്രഹരം. നിലവിൽ നിക്ഷേപത്തിന് മുമ്പുള്ള ജോലികൾക്കായുള്ള പ്രാഥമിക അനുമതി മാത്രമാണ് കേന്ദ്രം നൽകിയത്. എന്നാൽ, സംസ്ഥാനമാകട്ടെ ഭൂമിയേറ്റെടുക്കൽ നടപടിയിലേക്ക് കടക്കുകയായിരുന്നു.
അന്തിമാനുമതി കിട്ടിയെന്ന് തങ്ങൾ എവിടെയും പറഞ്ഞിട്ടില്ലെന്നും ഇതിനുള്ള നടപടികൾ പുരോഗമിക്കുന്നതേയുള്ളൂവെന്നും തങ്ങൾ പറഞ്ഞ കാര്യങ്ങൾ തന്നെയാണ് പാർലമെന്റിൽ കേന്ദ്രമന്ത്രിയും പറഞ്ഞതെന്നുമാണ് കെ-റെയിലിന്റെ ഇപ്പോഴത്തെ വിശദീകരണം. എന്നാൽ, ഡി.പി.ആർ അപൂർണമാണെന്ന പരാമർശം സംസ്ഥാന സർക്കാറിനെ അക്ഷരാർഥത്തിൽ ഉത്തരംമുട്ടിക്കുകയാണ്. കൂടുതൽ വിശദാംശങ്ങൾ ലഭ്യമാക്കിയാലും സാമ്പത്തികവും സാങ്കേതികവുമായ പ്രായോഗികത കൂടി പരിഗണിച്ച ശേഷമേ അനുമതി നൽകൂവെന്ന നിലപാടും പദ്ധതിക്ക് വെല്ലുവിളിയാകും.
സിൽവർ ലൈൻ നിർമാണത്തിലെ പ്രധാന പ്രതീക്ഷയാണ് 33,000 കോടിയുടെ വിദേശവായ്പ. ഡിപ്പാർട്മെൻറ് ഓഫ് എക്കണോമിക് അഫയേഴ്സാണ് വിദേശ ബാങ്കുകളുമായുള്ള ചർച്ചകൾക്ക് അന്തിമാനുമതി നൽകേണ്ടത്. റെയിൽവേ മന്ത്രാലയം അത്ര അനുകൂലമല്ലാത്ത നിലപാട് സ്വീകരിക്കുന്ന ഘട്ടത്തിൽ വിദേശ വായ്പ ചർച്ചകളിലും അനിശ്ചിതത്വം നിഴലിക്കുന്നുണ്ട്.
ഇന്ത്യൻ റെയിൽവേയുടെ 97 ശതമാനം പാളങ്ങളും ബ്രോഡ്ഗേജിലായിരിക്കെ, സിൽവർ ലൈൻ സ്റ്റാൻഡേർഡ് ഗേജിലാണ് പണിയുന്നത്. രാജ്യത്ത് ചരക്കുഗതാഗതത്തിന് ഏകീകൃത ഗേജ് സംവിധാനം വേണമെന്ന കേന്ദ്ര നയത്തിന് വിരുദ്ധമാണ് കെ-റെയിൽ നിർദേശമെന്ന് നിതി ആയോഗ് ചൂണ്ടിക്കാട്ടിയിരുന്നു. സിൽവർ ലൈനിന്റെ 33 ശതമാനവും കടന്നുപോകുന്നത് നഗരപ്രദേശങ്ങളിലൂടെയായതിനാൽ സ്ഥലമെടുപ്പിന്റെ 80 ശതമാനം 18 മാസം കൊണ്ട് പൂർത്തിയാകുമെന്നത് വിശ്വസനീയമല്ലെന്നും പരാമർശമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.