തിരുവനന്തപുരം: ലാഭകരമെന്ന് സർക്കാർ ആവർത്തിക്കുമ്പോഴും സിൽവർ ലൈൻ നിർമാണത്തിൽ ചെലവ് കുറച്ചുകാട്ടാൻ പൊരുത്തപ്പെടാത്ത കണക്കുകൾ. 2019 മാർച്ചിൽ തയാറാക്കിയ പ്രാഥമിക സാധ്യത പഠന റിപ്പോർട്ടിലും ജൂണിലെ സാധ്യത പഠന റിപ്പോർട്ടിലും 2020 ജൂണിൽ പൂർത്തിയാക്കിയ വിശദ പദ്ധതി രേഖയിലുമാണ് (ഡി.പി.ആർ) വ്യത്യസ്ത കണക്ക്.
ഭൂനിരപ്പിൽനിന്ന് എട്ടുമീറ്റർ വരെ മണ്ണിട്ടുയർത്തി അതിനു മുകളിൽ പാളം നിർമിക്കുന്ന (എംബാങ്ക്മെന്റ്) ഭാഗങ്ങളിൽ ഒരു കിലോമീറ്റർ നിർമാണച്ചെലവ് പ്രാഥമിക സാധ്യത റിപ്പോർട്ടിൽ കണക്കാക്കിയിരുന്നത് 18 കോടി രൂപയാണ്. രണ്ടു മാസം കഴിഞ്ഞുള്ള സാധ്യത പഠനത്തിൽ ഇത് എട്ടു മുതൽ 48 കോടി വരെയായി. ഒരു വർഷം കഴിഞ്ഞ് ഡി.പി.ആറിലേക്കെത്തുമ്പോൾ ഒരു കിലോമീറ്റർ എംബാങ്ക്മെന്റ് നിർമാണത്തിന് 10 കോടി രൂപയാണ് പറയുന്നത്. ഡി.പി.ആർ പ്രകാരം പാതയുടെ 55 ശതമാനവും എംബാങ്ക്മെന്റാണ്. യൂനിറ്റ് ചെലവിൽ വരുത്തിയ കൂട്ടലും കുറക്കലുമെല്ലാം അടിസ്ഥാനമില്ലാത്തതും അശാസ്ത്രീയവുമാണ്.
പദ്ധതിയുടെ മൊത്തം ചെലവ് കുറച്ച് കാണിക്കാനുള്ള നീക്കമാണ് കണക്കുകളിലെ കല്ലുകടിക്ക് കാരണമെന്നാണ് ആക്ഷേപം. എംബാങ്ക്മെന്റിൽ മാത്രമല്ല, തൂണുകളിലെ പാത, പാലങ്ങൾ, ടണൽ, കട്ടിങ്, കട്ടിങ് ആൻഡ് കവർ എന്നിവയുടെ കാര്യത്തിലെല്ലാം ഇവ 'ചെലവ് ചുരുക്കൽ' പ്രകടമാണ്. പ്രാഥമിക സാധ്യത പഠനത്തിൽ 68.4 ശതമാനവും പാലങ്ങളിലോ തൂണുകൾ വഴിയോ ആണ് ലക്ഷ്യമിട്ടിരുന്നത്. 31 ശതമാനം മാത്രമായിരുന്നു എംബാങ്ക്മെന്റും കട്ടിങ്ങും. സാധ്യത പഠനം തയാറായപ്പോൾ ആകെയുള്ള 527 കിലോമീറ്ററിൽ 236 കിലോമീറ്റർ എംബാങ്ക്മെന്റും 200 കിലോമീറ്റർ കട്ടിങ്ങും 23 കിലോമീറ്റർ കട്ട് ആൻഡ് കവറുമായി. അതായത് 68 ശതമാനം തൂണുകളിൽ പണിയാൻ വേണ്ടി പ്രാഥമിക സാധ്യത പഠനം നടത്തുകയും പിന്നീട്, ഒരു വിശദപഠനവുമില്ലാതെ 87 ശതമാനവും തറയിൽ തന്നെ കെട്ടിയുയർത്താൻ രൂപരേഖ തയാറാക്കുകയുമായിരുന്നു. പിന്നീട് വന്ന ഡി.പി.ആറിലാകട്ടെ, എംബാങ്ക്മെന്റ് നീളം കൂട്ടുകയും ചെയ്തു.
നിർമാണച്ചെലവിലെ വ്യത്യാസം
(ഒരു കിലോമീറ്ററിനുള്ള ചെലവ് കോടിയിൽ)
ഇനം പ്രാഥമിക സാധ്യത പഠനം ഡി.പി.ആർ
സാധ്യത പഠനം
(2019 മാർച്ച്) (2019 മേയ്) (2020 ജൂൺ)
ടണൽ 140 200 115
കട്ട് ആൻഡ് കവർ - 94-128 49
തൂണുകളിലെ പാത 54-71 60-115 40
എംബാങ്ക്മെന്റ് 18 8-48 10
കട്ടിങ് 15 03-12 07
പാലങ്ങൾ - 61 51
യോഗത്തിനില്ലെന്ന് സതീശൻ
ആലപ്പുഴ: സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച മുഖ്യമന്ത്രി വിളിച്ച യോഗത്തിന് പോകില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ചർച്ചക്ക് ക്ഷണിച്ചിട്ടില്ല. വിളിക്കാത്ത യോഗത്തിന് പോകേണ്ട കാര്യമില്ല. പദ്ധതിയെക്കുറിച്ച് നിയമസഭയിൽ രണ്ടുമണിക്കൂർ ചർച്ചക്ക് തയാറാകാത്ത മുഖ്യമന്ത്രി, പൗരപ്രമുഖരെ കാണാൻ ഇറങ്ങിയിരിക്കുകയാണ്. വരേണ്യ വിഭാഗക്കാരുമായുള്ള ചർച്ച പദ്ധതിയുടെ നിഗൂഢത കൂട്ടുന്നു. കേരളത്തിലെ ജനങ്ങളോടാണ് വിശദീകരിക്കേണ്ടത്. അല്ലാത്തപക്ഷം അംഗീകരിക്കാനാകില്ല. മുഖ്യമന്ത്രി പറയുന്നതിന് യെസ് വെക്കുന്ന ബിസിനസുകാരെയും പൗരപ്രമുഖരെയും വിളിക്കുന്ന കൂട്ടത്തിലല്ല രാഷ്ട്രീയ പാർട്ടികളെ വിളിക്കേണ്ടത്സ-സതീശൻ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.