തിരുവനന്തപുരം: സിൽവർ ലൈനിനെതിരെ വ്യാപക പ്രതിഷേധമുയരുന്നതിനിടെ മുഖ്യമന്ത്രി വിളിച്ചുചേർക്കുന്ന പ്രമുഖരുടെ യോഗം ചൊവ്വാഴ്ച നടക്കും. തിരുവനന്തപുരം ജില്ലയിലാണ് ആദ്യ വിശദീകരണയോഗം. രാവിലെ 11ന് ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ നടക്കുന്ന യോഗത്തിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സംഘടനാ പ്രതിനിധികൾ, സാങ്കേതിക വിദഗ്ധർ തുടങ്ങിയവർ പങ്കെടുക്കും.
സിൽവർ ലൈനിനെതിരെ സംസ്ഥാനവ്യാപകമായി പ്രതിപക്ഷം സമരമാരംഭിക്കുകയും പദ്ധതി കടന്നുപോകുന്ന മേഖലകളിൽ സമരസമിതികൾ സജീവമാകുകയും ചെയ്ത സാഹചര്യത്തിൽ നിർമാണവുമായി ബന്ധപ്പെട്ടു വിവിധ വിഭാഗങ്ങളിലുള്ളവരുടെ അഭിപ്രായങ്ങൾ ആരായുന്നതിനും പദ്ധതിയെക്കുറിച്ച് വിശദീകരിക്കുന്നതിനുമാണ് മുഖ്യമന്ത്രിതന്നെ മുൻകൈയെടുത്ത് യോഗം ചേരുന്നത്. സംസ്ഥാന സർക്കാറും കേന്ദ്ര റെയിൽവേ മന്ത്രാലയവും സംയുക്തമായി രൂപവത്കരിച്ച കേരള റെയിൽ ഡെവലപമെന്റ് കോർപറേഷൻ ലിമിറ്റഡ് (കെ-റെയിൽ) എന്ന കമ്പനിയാണു നിർമാണം നടത്തുന്നത്. നിക്ഷേപത്തിന് മുമ്പുള്ള പ്രാഥമിക പ്രവർത്തനങ്ങൾക്കുള്ള അനുമതിയല്ലാതെ അന്തിമാനുമതി കേന്ദ്രത്തിൽനിന്ന് ലഭിച്ചിട്ടില്ല. ഇതിനു നിരവധി കടമ്പകൾ ബാക്കിയാണ്. വിദേശവായ്പകൾക്കുള്ള ഔദ്യോഗിക ചർച്ചകളും തുടങ്ങിയിട്ടില്ല. പദ്ധതിയുടെ സാമൂഹികാഘാത പഠനവുമായി മുന്നോട്ടുപോവുകയാണ് സർക്കാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.