എന്നിട്ടും കോടതിക്ക് പ്രതികളുടെ സംഘി ബന്ധം ബോധ്യപ്പെടാതെ പോയതെന്തു കൊണ്ട്?; റിയാസ് മൗലവി വധക്കേസിൽ വിമർശനവുമായി ‘സിറാജ്’ മുഖപ്രസംഗം

കോഴിക്കോട്: കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവിയെ പള്ളിയിൽ കയറി വെട്ടിക്കൊന്ന കേസിൽ പ്രതികളായ മൂന്ന് ആർ.എസ്.എസുകാരെ വെറുതെവിട്ട കോടതി വിധിയിൽ രൂക്ഷ വിമർശനവുമായി എ.പി. സുന്നി വിഭാഗത്തിന്‍റെ പത്രമായ സിറാജ്. പ്രതികൾ ശിക്ഷിക്കപ്പെടാതെ പോയതെന്തു കൊണ്ട് എന്ന കാര്യം ദുരൂഹമാണെന്ന് 'ആരെ കൊള്ളണം; കോടതിയെയോ പ്രോസിക്യൂഷനെയോ?' എന്ന തലക്കെട്ടിൽ എഴുതിയ മുഖപ്രസംഗത്തിൽ ചൂണ്ടിക്കാട്ടുന്നു.

പ്രതികളുടെ ആർ.എസ്.എസ് ബന്ധം തെളിയിക്കാനായില്ലെന്ന വിധിപ്പകർപ്പിലെ പരാമർശം അത്ഭുതമുളവാക്കുന്നതാണ്. പ്രതികൾക്കു ആർ.എസ്.എസുമായി യാതൊരു ബന്ധമില്ലെന്നു പ്രചരിപ്പിച്ചു മുഖം രക്ഷിക്കാൻ കൃത്യം നടന്ന ഉടനെ പ്രാദേശിക ആർ.എസ്.എസ് നേതൃത്വം ശ്രമിച്ചിരുന്നതാണ്. ഒന്നാം പ്രതിയായ അജേഷിന്റെ ആർ.എസ്.എസ് വേഷത്തിലുള്ള ഫോട്ടോയും തിരഞ്ഞെടുപ്പ് പ്രചാരണ കാലത്തെ ബി.ജെ.പിയുടെ തൊപ്പിയണിഞ്ഞ ഫോട്ടോയും സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ ആ ശ്രമം പൊളിയുകയായിരുന്നു.

കണ്ണൂരിൽ ഒരു ആർ.എസ്.എസ് പ്രവർത്തകൻ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ചു ബി.ജെ.പി നടത്തിയ പ്രതിഷേധ റാലിയിലും അജേഷ് പങ്കെടുത്തിരുന്നു. മറ്റു പ്രതികളുടെ ആർ.എസ്.എസ് ബന്ധം വെളിപ്പെടുത്തുന്ന തെളിവുകളും പുറത്തു വരികയുണ്ടായി. എന്നിട്ടും കോടതിക്കു പ്രതികളുടെ സംഘി ബന്ധം ബോധ്യപ്പെടാതെ പോയതെന്തു കൊണ്ട്?.

കേസിൽ പ്രതികൾക്കും അവരെ നയിക്കുന്ന ഹിന്ദുത്വ പ്രസ്ഥാനത്തിനും അനുകൂലമായ നീക്കം നടന്നിട്ടുണ്ടെന്നു കേസിന്റെ വിധിപ്രസ്താവത്തിൽ നിന്നു വ്യക്തം. അതിന്റെ കാരണം ആരുടെ ഭാഗത്തു നിന്നാണ് കണ്ടെത്തേണ്ടത്. പ്രോസിക്യുഷനാണോ പ്രതിഭാഗവുമായി ഒത്തുകളിച്ചത്. അതോ കോടതിയാണോ പ്രശ്നം? രാജ്യത്ത് ജുഡീഷ്യറി വർഗീയതക്കും ഹിന്ദുത്വ ചിന്താഗതിക്കും വിധേയപ്പെടുകയാണന്ന ആശങ്ക വ്യാപകമാണ്.

ഹിന്ദുത്വർ പ്രതികളായ കേസുകളിലെ സമീപ കാലത്തെ കോടതി തീർപ്പുകൾ വിലയിരുത്തിയാൽ ഈ ആശങ്ക അസ്ഥാത്തല്ലെന്നു ബോധ്യം. ഇനിയെവിടെയാണ് ജനങ്ങൾക്കു പ്രതീക്ഷ? ആലപ്പുഴയിലെ ബി.ജെ.പി നേതാവ് രഞ്ജിത്ത് ശ്രീനിവാസൻ കൊല്ലപ്പെട്ട കേസിൽ മുഴുവൻ പ്രതികൾക്കും ജില്ലാ അഡീഷനൽ സെഷൻസ് കോടതി വധശിക്ഷ വിധിച്ചു ദിവസങ്ങൾക്കകമാണ് റിയാസ് മൗലവി കൊലക്കേസിലെ വെറുതെ വിട്ട വിധി പ്രസ്താവമെന്നതു വിരോധാഭാസമാണ്. നീതിനിർവണ വ്യവസ്ഥിതിയിലുള്ള പൗരന്മാരുടെ വിശ്വാസത്തകർച്ചക്ക് ആക്കം കൂട്ടും ഇത്തരം കോടതി തീർപ്പുകൾ. -മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നു.

Tags:    
News Summary - 'Siraj' Editorial with criticism in Siraj Moulavi murder case verdict

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.