തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ അഹങ്കാരത്തിനു മുന്നില്‍ കേരളം തല കുനിക്കില്ലെന്ന് മന്ത്രി വി. ശിവന്‍കുട്ടി. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിൽ റിപബ്ലിക് ദിനത്തിൽ പതാക ഉയർത്തി നടത്തിയ പ്രസംഗത്തിൽ കേന്ദ്രസര്‍ക്കാറിന്‍റെ വികസന നേട്ടങ്ങള്‍ ഗവർണർ എണ്ണിപ്പറഞ്ഞിരുന്നു. ഇതിനെതിരെയാണ് മന്ത്രി ശിവൻ കുട്ടി രംഗത്തുവന്നത്.
റിപബ്ലിക് ദിന പ്രസംഗത്തില്‍ കേന്ദ്ര സര്‍ക്കാറിനെ പുകഴ്ത്താന്‍ മാത്രമാണ് ഗവര്‍ണര്‍ സമയം ചെലവഴിച്ചത്. സംസ്ഥാന സര്‍ക്കാറിന്റെ നേട്ടങ്ങൾ വളരെ കുറച്ച് മാത്രമാണ് ഗവര്‍ണര്‍ പ്രതിപാദിച്ചത്. ജനാധിപത്യവിരുദ്ധമായ പദപ്രയോഗങ്ങളാണ് അദ്ദേഹം നടത്തിയത്. രാജ്ഭവന്‍ പ്രവര്‍ത്തിക്കുന്നത് ആർ.എസ്.എസ് നിര്‍ദേശപ്രകാരമാണെന്ന് സംശയിച്ചാല്‍ തെറ്റില്ല -മന്ത്രി പറഞ്ഞു.
ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബിനെ ഗുണ്ട എന്ന് വിളിച്ചാണ് ഗവര്‍ണര്‍ അധിക്ഷേപിച്ചത്. സുപ്രീംകോടതി മുന്‍ ജഡ്ജി രോഹിൻടൻ നരിമാനും അദ്ദേഹത്തിന്റെ അച്ഛന്‍ ഫാലി എസ്. നരിമാനുമെതിരെ അധിക്ഷേപം ചൊരിഞ്ഞതും നാം കണ്ടു. കേരളത്തിന്റെ മുഖ്യമന്ത്രിയോട് സ്വീകരിക്കുന്ന സമീപനം കണ്ടാല്‍ ഏതെങ്കിലും മലയാളിക്ക് ഗവര്‍ണറോട് മിണ്ടാന്‍ കഴിയുമോ? -മന്ത്രി ചോദിച്ചു. ഒരു സംസ്ഥാനത്തെ വികസന പ്രവര്‍ത്തനങ്ങളെ ആകെ തകര്‍ക്കാന്‍ ശ്രമിക്കുകയും ഭരണാധികാരികളെയും കേരളത്തെ ആകമാനവും അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്യുന്ന വ്യക്തിയോട് എങ്ങനെയാണ് പെരുമാറേണ്ടതെന്നും മന്ത്രി ചോദിച്ചു.
സ്വന്തം കുടുംബക്കാര്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം ഉല്ലാസയാത്ര നടത്താനുള്ള പദവിയല്ല ഗവര്‍ണറുടേത്. അതിനുള്ള പണം മുടക്കുന്നത് സംസ്ഥാന സര്‍ക്കാറാണ് -മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.