തൊടുപുഴ: കശാപ്പിനായി കന്നുകാലി വിൽപന നടത്തുന്നത് നിരോധിച്ച കേന്ദ്ര സർക്കാർ നടപടി മദ്രാസ് ൈഹകോടതി സ്റ്റേ ചെയ്തത്, കേരളത്തിലേക്ക് അറവുമാടുകൾ എത്തുന്നതിനു വഴിതുറന്നു. അതിർത്തി ചെക്പോസ്റ്റുകളിലൂടെ ബുധനാഴ്ച മുതൽ തന്നെ കാലികൾ എത്തിത്തുടങ്ങി. ബീഫ് അനുകൂല നിലപാടിലാണ് സംസ്ഥാന സർക്കാറുമെന്നതിനാൽ സംസ്ഥാനത്ത് കന്നുകാലികളുടെ കൈമാറ്റത്തിനും കശാപ്പിനും വലിയ കുഴപ്പം നേരിടില്ലെന്നാണ് വിലയിരുത്തൽ.
കുമളി, കമ്പംമെട്ട് ചെക്പോസ്റ്റുകൾ വഴി ഏകദേശം 1500ഒാളം മാടുകളെയാണ് ബുധനാഴ്ച മാത്രം തമിഴ്നാട്ടിൽനിന്ന് കൊണ്ടുവന്നത്. കേന്ദ്ര നിരോധനം വന്ന ശേഷം അപൂർവമായി കാലികളെ കൊണ്ടുവന്നിരുന്നെങ്കിലും നിരോധനം വന്ന ശേഷം ഇത്രയും കാലികളെ അറക്കുന്നതിനായി കൊണ്ടുവരുന്നത് ആദ്യമാണ്.
നിയമം കൊണ്ടുവന്നെങ്കിലും കേരളത്തിൽ നടപടിയുണ്ടാകില്ലെന്ന നിലക്ക് കാലി കടത്ത് തീർത്തും നിലച്ചിരുന്നുമില്ല.
ജില്ലയിലെ പ്രധാന ചന്തയായ കൊടികുത്തിയിൽനിന്നാണ് കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലേക്ക് കന്നുകാലികൾ എത്തുന്നത്. ആന്ധ്ര, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽനിന്നാണ് ട്രെയിൻ മാർഗവും ലോറിയിലുമായി ഇവയെ കൊണ്ടുവരുന്നത്.
തമിഴ്നാട്ടിലെ വൻകിട വ്യാപാരികളാണ് ഇത്തരത്തിൽ വിവിധ സ്ഥലങ്ങളിലെ കന്നുകാലിച്ചന്തകളിൽനിന്ന് ഇവയെ കേരളത്തിലേക്ക് എത്തിക്കുന്നത്. തമിഴ്നാട്ടിൽനിന്ന് ചന്തയിലെത്തിച്ച് വിൽപന നടത്തുന്നതിൽ കൂടുതലും അറവു മാടുകളെയാണ്. നാമമാത്രമായാണ് വളർത്ത് പശുക്കളെ കൊണ്ടുവരാറ്.
ഇടുക്കി ജില്ലയിലെ വിവിധ ചെക്ക്പോസ്റ്റുകൾ വഴി പതിനായിരത്തിലധികം കന്നുകാലികൾ ആഴ്ചതോറും കേരളത്തിലേക്ക് എത്തുന്നു. തേനി ജില്ലയിലെ കമ്പത്ത് എത്തിച്ച് അവിടെ നിന്നാണ് ഇവയെ കൊടികുത്തി ചന്തയിലേക്ക് കൊണ്ടുവരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.