പാമ്പു കടിച്ചു സാറെ​; യുവാവ്​ അർധരാത്രി അഭയം തേടി സ്​റ്റേഷനിൽ

തൊടുപുഴ: പാമ്പു​ കടിച്ചു സാറെ, രക്ഷിക്കണം.... രാത്രി 12​ മണിയോടെ പൊലീസ്​ സ്​റ്റേഷനിലേക്ക്​ ഭയപ്പാടോടെ കയറി വന്ന യുവാവിനെ കണ്ട്​ പൊലീസുകാർ തെല്ലൊന്നമ്പരന്നു. കരിങ്കുന്നം പൊലീസ്​ സ്​റ്റേഷനിലാണ്​ സംഭവം. 18 വയസ്സ്​​ തോന്നിക്കു​ന്ന യുവാവ്​ ഭയം നിറഞ്ഞ കണ്ണുകളോടെയാണ്​ ബൈക്കിൽ സ്​റ്റേഷന്​ മുന്നിലെത്തിയത്​​.

ബൈക്ക്​ നിർത്തി നേരെ ഉദ്യോഗസ്ഥരുടെ മുന്നിലെത്തിയതും സാറെ കൈയിൽ പാമ്പ്​ കടിച്ചിട്ടുണ്ട്​. എനിക്ക്​ വയ്യ. ആശുപത്രിയിലെത്തിക്കാമോ എന്നാണ്​​ ചോദിച്ചത്​. ഉടൻ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരായ അക്​ബർ, ഉമേഷ്​, ജ്യോതിഷ്​ എന്നിവർ ചേർന്ന്​ യുവാവിനോട്​ കാര്യം തിരക്കി. തന്‍റെ പേര്​ ജിത്തുവെന്നാണെന്നും പാലായിൽനിന്ന്​ കരിങ്കുന്നത്തേക്ക്​ വരും വഴി ബൈക്കിൽ കയറിക്കൂടിയ പാമ്പ്​ ഹാൻഡിലിന്​ മുന്നിൽ ഇരുന്ന്​ കൈയിൽ കടിച്ചുവെന്നും​ ജിത്തു പറഞ്ഞു.

കടിച്ച പാമ്പ്​ ബൈക്കിൽ നിന്നിറങ്ങി പോയത്​ കണ്ടുവെന്നും ഇനിയങ്ങോട്ട്​ വണ്ടി ഓടിക്കാൻ ഭയം തോന്നിയതിനാലാണ്​ സ്​റ്റേഷനിലെത്തിയതെന്നും യുവാവ്​ പറഞ്ഞതോടെ രാത്രി പ​ട്രോളിങ്ങിലുണ്ടായിരുന്ന ഓഫിസർമാരായ മധു, എ.എസ്.ഐ ഷാജു എന്നിവരെ ഉദ്യോഗസ്ഥർ വിളിച്ചു വരുത്തി. ഇതിനിടെ കൈയിൽ കടിയേറ്റ പാടുകണ്ട സ്ഥലത്തെ മുറിവ്​ ഉദ്യോഗസ്ഥർ കഴുകി മുകളിലായി കെട്ടിവെച്ചു.

പൊലീസ്​ വാഹനത്തിൽ തന്നെ ജിത്തുവിനെ​ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അവശനിലയിലായിരുന്ന ജിത്തുവിനെ ഉടൻ തന്നെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച്​ ചികിത്സ നൽകിയതിനാൽ അപകടനില തരണം ചെയ്തു. ഒരു മണിയോടെ ബന്ധുക്കൾ എത്തിയശേഷമാണ്​ ഉദ്യോഗസ്ഥർ ആശുപത്രിയിൽനിന്ന്​ മടങ്ങിയത്​. 

Tags:    
News Summary - Snake bitten young man sought shelter at Police Station

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.