പാമ്പു കടിച്ചു സാറെ; യുവാവ് അർധരാത്രി അഭയം തേടി സ്റ്റേഷനിൽ
text_fieldsതൊടുപുഴ: പാമ്പു കടിച്ചു സാറെ, രക്ഷിക്കണം.... രാത്രി 12 മണിയോടെ പൊലീസ് സ്റ്റേഷനിലേക്ക് ഭയപ്പാടോടെ കയറി വന്ന യുവാവിനെ കണ്ട് പൊലീസുകാർ തെല്ലൊന്നമ്പരന്നു. കരിങ്കുന്നം പൊലീസ് സ്റ്റേഷനിലാണ് സംഭവം. 18 വയസ്സ് തോന്നിക്കുന്ന യുവാവ് ഭയം നിറഞ്ഞ കണ്ണുകളോടെയാണ് ബൈക്കിൽ സ്റ്റേഷന് മുന്നിലെത്തിയത്.
ബൈക്ക് നിർത്തി നേരെ ഉദ്യോഗസ്ഥരുടെ മുന്നിലെത്തിയതും സാറെ കൈയിൽ പാമ്പ് കടിച്ചിട്ടുണ്ട്. എനിക്ക് വയ്യ. ആശുപത്രിയിലെത്തിക്കാമോ എന്നാണ് ചോദിച്ചത്. ഉടൻ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരായ അക്ബർ, ഉമേഷ്, ജ്യോതിഷ് എന്നിവർ ചേർന്ന് യുവാവിനോട് കാര്യം തിരക്കി. തന്‍റെ പേര് ജിത്തുവെന്നാണെന്നും പാലായിൽനിന്ന് കരിങ്കുന്നത്തേക്ക് വരും വഴി ബൈക്കിൽ കയറിക്കൂടിയ പാമ്പ് ഹാൻഡിലിന് മുന്നിൽ ഇരുന്ന് കൈയിൽ കടിച്ചുവെന്നും ജിത്തു പറഞ്ഞു.
കടിച്ച പാമ്പ് ബൈക്കിൽ നിന്നിറങ്ങി പോയത് കണ്ടുവെന്നും ഇനിയങ്ങോട്ട് വണ്ടി ഓടിക്കാൻ ഭയം തോന്നിയതിനാലാണ് സ്റ്റേഷനിലെത്തിയതെന്നും യുവാവ് പറഞ്ഞതോടെ രാത്രി പട്രോളിങ്ങിലുണ്ടായിരുന്ന ഓഫിസർമാരായ മധു, എ.എസ്.ഐ ഷാജു എന്നിവരെ ഉദ്യോഗസ്ഥർ വിളിച്ചു വരുത്തി. ഇതിനിടെ കൈയിൽ കടിയേറ്റ പാടുകണ്ട സ്ഥലത്തെ മുറിവ് ഉദ്യോഗസ്ഥർ കഴുകി മുകളിലായി കെട്ടിവെച്ചു.
പൊലീസ് വാഹനത്തിൽ തന്നെ ജിത്തുവിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അവശനിലയിലായിരുന്ന ജിത്തുവിനെ ഉടൻ തന്നെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകിയതിനാൽ അപകടനില തരണം ചെയ്തു. ഒരു മണിയോടെ ബന്ധുക്കൾ എത്തിയശേഷമാണ് ഉദ്യോഗസ്ഥർ ആശുപത്രിയിൽനിന്ന് മടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.