തിരുവനന്തപുരം: സോളാർ കേസിലെ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ ചർച്ചയിൽ മുഖ്യമന്ത്രിയെയും ഭരണപക്ഷത്തെയും പ്രതിക്കൂട്ടിൽ നിർത്തി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഉമ്മൻചാണ്ടിക്കെതിരെ ക്രിമിനൽ ഗൂഢാലോചന തുടങ്ങുന്നത് പരാതിക്കാരി മുഖ്യമന്ത്രിയെ കണ്ടതിന് ശേഷമാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ഞങ്ങളുെട ആരോപണം മുഖ്യമന്ത്രിക്കെതിരെയാണ്. പരാതി എഴുതി വാങ്ങിയതും കേസ് മുന്നോട്ട് കൊണ്ട് പോയതും മുഖ്യമന്ത്രിയാണ്. അധികാരത്തിൽ വന്നു മൂന്നാം ദിവസം പരാതിക്കാരി മുഖ്യമന്ത്രിയെ കാണുന്നു. പരാതിക്കാരിക്ക് പണം കൊടുത്തു കത്തു വാങ്ങിയത് നന്ദകുമാർ ആണെന്നും വി.ഡി. സതീശൻ ആരോപിച്ചു.
ദല്ലാൾ നന്ദകുമാർ വഴി പണം കൊടുത്തത് എൽ.ഡി.എഫാണ്. കത്ത് ഉപയോഗിച്ച് ആളുകളെ നിരന്തരം അപമാനിക്കാൻ ആയിരുന്നു ശ്രമം. സോളാർ തട്ടിപ്പ് കേസിൽ അന്ന് യു.ഡി.എഫ് പൊലീസ് നടപടി അഭിനന്ദനാർഹമാണ്. സ്വർണക്കടത്തിൽ ശിവശങ്കർ അറസ്റ്റിലായപ്പോൾ ഞങ്ങൾ സെക്രട്ടേറിയറ്റിൽ സമരം ചെയ്തോയെന്ന് സതീശൻ ചോദിച്ചു. അന്ന് ഉമ്മൻചാണ്ടിയുടെ അറിവോടെ കോൺഗ്രസ് പാർട്ടി അറിവോടെ ആയിരുന്നു സോളാർ തട്ടിപ്പ് കേസിലെ അറസ്റ്റുകൾ. സോളാർ കേസിൽ ആർക്കെതിരെയും ദാക്ഷിണ്യം കാണിച്ചില്ല.
തട്ടിപ്പ് കേസിനു ഒപ്പം പീഡന കേസ് കൂടി ചേർത്തത് ഹൈകോടതി തള്ളിയിരുന്നു. കാലം നിങ്ങളുടെ മുഖത്ത് നോക്കി കണക്ക് ചോദിക്കുമെന്ന് മുഖ്യമന്ത്രിയോട് ഞാൻ പറഞ്ഞിരുന്നു. സ്വർണക്കടത്തിലെ ആരോപണ വിധേയായ എൽ.ഡി.എഫ് നേതാക്കളെ കുറിച്ച് പല പരാതി പറഞ്ഞു. ഞങ്ങൾ ഏറ്റെടുത്തില്ല. അതാണ് നിങ്ങളും ഞങ്ങളും തമ്മിലെ വ്യത്യാസമെന്നും സതീശൻ പറഞ്ഞു.
അഞ്ച് വ്യാജ കത്തുകളുടെ പേരിൽ ഉമ്മൻചാണ്ടിയെ വേട്ടയാടിയർ മാപ്പ് പറയണമെന്നാണ് പ്രമേയം അവതരിപ്പിച്ച് ഷാഫി പറമ്പിൽ എം.എൽ.എ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയൻ ആദ്യം ഉമ്മൻചാണ്ടിയോട് മാപ്പ് പറയണം. വി.എസ്. അച്ച്യുതാനന്ദനെ പോലുള്ളവർ ഹീനമായ ഭാഷയിൽ വ്യക്തിഹത്യ നടത്തി. സി.ബി.ഐ റിപ്പോർട്ടിൽ അദ്ദേഹം കുറ്റവിമുക്തനാക്കപ്പെടുമ്പോൾ മാപ്പ് പറയാതെ പിണറായി അടക്കമുള്ളവർ സംസാരിക്കരുതെന്ന് ഷാഫി പറമ്പിൽ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.