‘പ്രതി ജാമ്യ വ്യവസ്ഥ ലംഘിച്ചിട്ടും നടപടിയില്ല’; നെന്മാറ ഇരട്ടക്കൊലയിൽ എസ്.എച്ച്.ഒക്ക് വീഴ്ച പറ്റിയെന്ന് എസ്.പിയുടെ റിപ്പോര്‍ട്ട്

‘പ്രതി ജാമ്യ വ്യവസ്ഥ ലംഘിച്ചിട്ടും നടപടിയില്ല’; നെന്മാറ ഇരട്ടക്കൊലയിൽ എസ്.എച്ച്.ഒക്ക് വീഴ്ച പറ്റിയെന്ന് എസ്.പിയുടെ റിപ്പോര്‍ട്ട്

പാലക്കാട്: നെന്മാറ ഇരട്ടക്കൊല കേസില്‍ സ്റ്റേഷൻ ഹൗസ് ഓഫിസർക്ക് (എസ്.എച്ച്.ഒ) വീഴ്ച പറ്റിയെന്ന് എസ്.പിയുടെ റിപ്പോര്‍ട്ട്. പ്രതി ചെന്താമര ജാമ്യ വ്യവസ്ഥ ലംഘിച്ച് നെന്മാറയില്‍ താമസിച്ച കാര്യം കോടതിയെ അറിയിച്ചില്ലെന്നും പരാതി ലഭിച്ചിട്ടും നടപടി സ്വീകരിച്ചില്ലെന്നും എസ്.പിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. എസ്.എച്ച്.ഒക്ക് വീഴ്ച പറ്റിയോ എന്ന് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് എ.ഡി.ജി.പി ചൊവ്വാഴ്ച രാവിലെയാണ് ജില്ലാ പൊലീസ് മേധാവിയോട് റിപ്പോര്‍ട്ട് തേടിയത്.

ജാമ്യ വ്യവസ്ഥക്ക് വിരുദ്ധമായി പ്രതി നെന്മാറ വന്ന് ഒരു മാസത്തോളം താമസിച്ചിട്ടും കോടതിയെ അറിയിക്കാന്‍ പൊലീസിന് കഴിഞ്ഞില്ല എന്നതാണ് പ്രധാന വീഴ്ചയായി ചൂണ്ടിക്കാണിക്കുന്നത്. ഇയാള്‍ ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്ന് ശ്രദ്ധയില്‍പെട്ടിട്ടും നടപടിയെടുത്തില്ല, ജാമ്യ ഉത്തരവിലെ ഉപാധികള്‍ എസ്.എച്ച്.ഒ ഗൗനിച്ചില്ല.

പഞ്ചായത്തില്‍ പ്രവേശിക്കാനുള്ള അനുമതിയില്ലെന്നിരിക്കെ ഒരു മാസത്തോളം ഇയാള്‍ വീട്ടില്‍ വന്ന് താമസിച്ച കാര്യം സുധാകരന്റെ മകള്‍ അഖില അറിയിച്ചിട്ടും വേണ്ട ഗൗരവം കൊടുത്തില്ല. സജിത കൊലപാതക കേസിലെ സാക്ഷികളായ സുധാകരനെയും കുടുംബത്തെയും കൊല്ലുമെന്ന് പ്രതി ഭീഷണിപ്പെടുത്തി എന്ന പരാതി ലഭിച്ചിട്ടും ഈ വിവരം കോടതിയെ അറിയിച്ചില്ലെന്നും ഉത്തര മേഖല ഐ.ജിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.

അതേസമയം, ഇരട്ടക്കൊല നടന്ന് രണ്ടാം ദിവസവും പ്രതി ചെന്താമരയെ പൊലീസിന് കണ്ടെത്താനായില്ല. വിവിധയിടങ്ങളില്‍ തിരച്ചില്‍ തുടരുകയാണെന്നാണ് പൊലീസിന്റെ പ്രതികരണം. വീഴ്ച ഉണ്ടായെങ്കില്‍ അന്വേഷിക്കുമെന്ന് എസ്.പി വ്യക്തമാക്കി. കൊല്ലപ്പെട്ട സുധാകരന്റെയും അമ്മ ലക്ഷ്മിയുടെയും മൃതദേഹം ചൊവ്വാഴ്ച സംസ്കരിച്ചു.

Tags:    
News Summary - SP's report highlights SHO's fault in Nenmara twin murder

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.