‘പ്രിയപ്പെട്ട ഗണപതിവട്ടജി... നിങ്ങൾക്കെന്നോട് നല്ല കലിപ്പുണ്ടാകും’; കെ. സുരേന്ദ്രനെതിരെ കടുത്ത ആരോപണങ്ങളുമായി ശ്രീജിത്ത് പണിക്കർ

ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനെതിരെ രൂക്ഷ പരിഹാസവുമായി സംഘ്പരിവാർ സഹയാത്രികനും ചാനൽ ചർച്ചകളിലെ സജീവ സാന്നിധ്യവുമായ ശ്രീജിത്ത് പണിക്കർ. ‘പ്രിയപ്പെട്ട ഗണപതിവട്ടജി’ എന്ന അഭിസംബോധനയോടെയാണ് ശ്രീജിത്ത് പണിക്കർ ഫേസ്ബുക്കിൽ കുറിപ്പിട്ടത്.  ‘കള്ളപ്പണിക്കർ’ എന്ന് സുരേന്ദ്രൻ ആ​ക്ഷേപിച്ചതിന് പിന്നാലെയാണ് ശ്രീജിത്തിന്റെ കടന്നാ​ക്രമണം.

‘മകന്റെ കള്ളനിയമനം, തെരഞ്ഞെടുപ്പ് കാലത്തെ കുഴൽപ്പണം, തുപ്പൽ വിവാദം, സ്ഥലപ്പേര് വിവാദം ഇതിലൊക്കെ നിങ്ങളെ തള്ളിപ്പറഞ്ഞതിൽ നല്ല കലിപ്പുണ്ടാകുക സ്വാഭാവികമാണ്. സ്വന്തം അധ്വാനത്തിന്റെ ബലത്തിൽ സുരേഷ് ഗോപി തൃശൂരിൽ ജയിച്ചപ്പോൾ അതിൽ പ്രത്യേകിച്ചൊരു പങ്കുമില്ലാത്ത നിങ്ങൾ എന്തിനാണ് എന്നോട് എട്ടുകാലി മമ്മൂഞ്ഞ് കളിക്കുന്നതെന്ന് എനിക്ക് മനസ്സിലായില്ല’ - ശ്രീജിത്ത് കുറിച്ചു.

അനാവശ്യമായ ഒരു സ്ഥലനാമ വിവാദം കുത്തിപ്പൊക്കി, മറ്റ് സ്ഥാനാർഥികളുടെ കൂടി സാധ്യതകളെ അട്ടിമറിക്കാനാണ് സുരേന്ദ്രൻ ശ്രമിച്ചതെന്നും പോസ്റ്റിൽ കുറ്റപ്പെടുത്തുന്നു. മനുഷ്യരെ വെറുപ്പിക്കുന്ന കുത്തിത്തിരിപ്പ് മാറ്റിവെച്ച് അവർക്ക് ഗുണമുള്ള കാര്യങ്ങൾ ചെയ്താൽ സുരേഷ് ഗോപിക്ക് കിട്ടിയ സ്വീകാര്യത സുരേന്ദ്രനും കിട്ടുമെന്നും അല്ലെങ്കിൽ പതിവുപോലെ കെട്ടിവെച്ച കാശു പോകുമെന്നും ഓർമിപ്പിക്കുന്ന പോസ്റ്റിനൊപ്പം തൊലിയുരിച്ച ചെറിയുള്ളിയുടെ ചിത്രം അടിക്കുറിപ്പ് സഹിതമുണ്ട്.

ശ്രീജിത്ത് പണിക്കർക്കെതിരെ ഇന്ന് കെ. സുരേന്ദ്രൻ പരസ്യമായി രംഗത്തെത്തിയിരുന്നു. വൈകുന്നേരം ചാനലിൽ വന്നിരിക്കുന്നുണ്ടല്ലോ കള്ളപ്പണിക്കർമാർ കുറേയെണ്ണം, അവന്മാര് പറയുകയാണ് സുരേഷ് ​ഗോപിയെ തോൽപിക്കാൻ സംസ്ഥാന ഘടകം ശ്രമിക്കുന്നെന്ന്' എന്നായിരുന്നു സുരേന്ദ്രന്റെ പരാമർശം.

Full View


ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

പ്രിയപ്പെട്ട ഗണപതിവട്ടജി,

നിങ്ങൾക്കെന്നോട് നല്ല കലിപ്പുണ്ടാകും. മകന്റെ കള്ളനിയമനം, തെരഞ്ഞെടുപ്പ് കാലത്തെ കുഴൽപ്പണം, തുപ്പൽ വിവാദം, സ്ഥലപ്പേര് വിവാദം ഇതിലൊക്കെ നിങ്ങളെ തള്ളിപ്പറഞ്ഞതിൽ നിങ്ങൾക്ക് നല്ല കലിപ്പുണ്ടാകും. സ്വാഭാവികം. സ്വന്തം അധ്വാനത്തിന്റെ ബലത്തിൽ സുരേഷ് ഗോപി തൃശൂരിൽ ജയിച്ചപ്പോൾ അതിൽ പ്രത്യേകിച്ചൊരു പങ്കുമില്ലാത്ത നിങ്ങൾ എന്തിനാണ് എന്നോട് എട്ടുകാലി മമ്മൂഞ്ഞ് കളിക്കുന്നതെന്ന് എനിക്ക് മനസ്സിലായില്ല.

സുരേഷ് ഗോപി തന്റെ മണ്ഡലത്തിൽ നടത്തിയ ഇടപെടലുകൾ, നേരിട്ട ആരോപണങ്ങളിലെ പൊള്ളത്തരങ്ങൾ... ഇതേക്കുറിച്ചൊക്കെ ഞാൻ ചർച്ചകളിൽ പറഞ്ഞതിന്റെ പത്തിലൊന്ന് നിങ്ങൾ എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ?. അനാവശ്യമായ ഒരു സ്ഥലനാമ വിവാദം കുത്തിപ്പൊക്കി, മറ്റ് സ്ഥാനാർഥികളുടെ കൂടി സാധ്യതകളെ അട്ടിമറിക്കാനാണ് നിങ്ങൾ ശ്രമിച്ചത്. അല്ലെങ്കിൽ ഒരു എം.പിക്ക് എങ്ങനെ ഒരു സ്ഥലത്തെ പുനർനാമകരണം ചെയ്യാൻ കഴിയുമെന്ന എന്റെ ചോദ്യത്തിന് മറുപടി പറയൂ. കഴിഞ്ഞതവണ സാധ്യതകൾ ഇല്ലാതാക്കാൻ “മൂന്ന് ഡസൻ സീറ്റ്” എന്നതായിരുന്നു നിങ്ങളുടെ അവകാശവാദം.

പാർട്ടിയിൽ വരൂ പദവി തരാം, ഒപ്പം നിൽക്കൂ സീറ്റ് തരാം എന്നൊക്കെ പറഞ്ഞപ്പോൾ പണിക്കർ കള്ളപ്പണിക്കർ ആണെന്ന് അങ്ങേക്ക് തോന്നിയില്ലേ ആവോ?. രണ്ടും നിഷേധിച്ചത് എന്റെ നിലപാട്. നിങ്ങളെയൊക്കെ മനസ്സിലാക്കാൻ രണ്ടാമതൊന്ന് നോക്കേണ്ടതില്ലല്ലോ.

മനുഷ്യരെ വെറുപ്പിക്കുന്ന കുത്തിത്തിരിപ്പ് മാറ്റിവച്ച് അവർക്ക് ഗുണമുള്ള കാര്യങ്ങൾ ചെയ്താൽ സുരേഷ് ഗോപിക്ക് കിട്ടിയ സ്വീകാര്യത നിങ്ങൾക്കും കിട്ടും. അല്ലെങ്കിൽ പതിവുപോലെ കെട്ടിവച്ച കാശു പോകും. ഒരു കാര്യത്തിൽ നന്ദിയുണ്ട്. സോഷ്യൽ മീഡിയയിൽ ചിലർ എനിക്ക് ചാർത്തിത്തന്ന ആ ചാപ്പ നിങ്ങളായിട്ട് തിരുത്തിയല്ലോ. സന്തോഷം!

Tags:    
News Summary - Sreejith Panickar's post against K Surendran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.