തിരുവനന്തപുരം: ശ്രീകണ്ഠേശ്വരം ശിവകുമാർ ചരിഞ്ഞു. ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിലെ ആന ശിവകുമാറിന്റെ അന്ത്യം ഇന്ന് രാവിലെയായിരുന്നു. 70 വയസ് പ്രായമുണ്ടായിരുന്നു. ഏറെ നാളായി ആനക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നു എന്നാണ് ക്ഷേത്രത്തിൽ ഭാരവാഹികൾ പറയുന്നത്.
രണ്ട് മാസം മുമ്പ് ആന കിടന്ന സ്ഥലത്ത് നിന്നു എഴുന്നേൽക്കാൻ കഴിയാതെ വീണു പോയിരുന്നു. അന്ന് ക്രെയിൻ ഉപയോഗിച്ചാണ് ആനയെ ഉയർത്തിയത്. അതിന് ശേഷം ആന ചികിത്സയിലായിരുന്നു.
46 വർഷം മുൻപാണ് ശിവകുമാർ ആനയെ നടക്കിരുത്തിയത്. പിന്നീട് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ആനയായി. തിരുവനന്തപുരത്തെ ഒട്ടുമിക്ക ക്ഷേത്രങ്ങളിലും എഴുന്നള്ളിപ്പിൽ ആന ഭാഗമായി. നവരാത്രി ഘോഷയാത്രയിലടക്കം തലയെടുപ്പോടെ മുന്നിൽ നിന്ന ശ്രീകണ്ഠേശ്വരം ശിവകുമാർ ഉണ്ടായിരുന്നു. തലസ്ഥാനത്തെ ആനപ്രേമികളുടെ അഭിമാനമായിരുന്നു.
വലിയശാല കാന്തളളൂർ ശിവക്ഷേത്ര മുറ്റത്ത് പൊതുദർശനത്തിന് വെച്ച ശിവകുമാറിൻ്റെ ജഢത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് അഡ്വ.കെ.അനന്തഗോപൻ, അംഗങ്ങളായ അഡ്വ.എസ്.എസ്.ജീവൻ, ജി.സുന്ദരേശൻ, ദേവസ്വം ബോർഡ് കമ്മീഷണർ ബി.എസ്.പ്രകാശ്, ദേവസ്വം ബോർഡ് സെക്രട്ടറി ജി. ബൈജു എന്നിവർ റീത്ത് സമർപ്പിച്ചു. ശ്രീകണ്ഠേശ്വരം ക്ഷേത്ര മുറ്റത്തും പൊതുദർശനം ഉണ്ടായിരുന്നു. നിരവധി ആനപ്രേമികളും നാട്ടുകാരും വലിയശാലയിൽ എത്തിയിരുന്നു.പോസ്റ്റ്മോർട്ടത്തിന് ശേഷം നാളെ ഉച്ചക്ക് ഒരു മണിക്ക് മുടവൻമുഗളിലെ ദേവസ്വം ബോർഡ് വക സ്ഥലത്ത് ശ്രീകണ്ഠേശ്വരം ശിവകുമാറിനെ സംസ്കരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.