ശ്രീ എം, പിണറായി വിജയൻ

ശ്രീ എമ്മിനു ഭൂമി: മന്ത്രിസഭാ തീരുമാനം അജണ്ടക്ക് പുറത്ത്

കൊച്ചി: ശ്രീ എമ്മിന് യോഗാ കേന്ദ്രം തുടങ്ങാൻ തലസ്ഥാനത്ത് ഭൂമി അനുവദിച്ചത് മന്ത്രിസഭായോഗത്തിൽ അജണ്ടക്ക് പുറത്തുള്ള വിഷയമായിട്ടെന്ന് ആക്ഷേപം. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയാണ് അജണ്ടക്ക് പുറത്തുള്ള ഇനമായി വിഷയം യോഗത്തിൽ അവതരിപ്പിച്ചത്. അതനുസരിച്ചാണ് ചെറുവയ്ക്കൽ വില്ലേജിൽ ബ്ലോക്ക് 20ൽ 647/9, 671/3, 647/8 എന്നീ റീസർവേ നമ്പറുകളിലെ നാലേക്കർ ഭൂമി അനുവദിച്ച് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. എ. ജയതിലക് ഫെബ്രുവരി 26ന് ഉത്തരവിറക്കിയത്.

യോഗ ആൻഡ് റിസർച്ച് സെൻറർ സ്ഥാപിക്കുന്നതിന് ശ്രീ എം (മുംതാസ് അലി) നേതൃത്വം നൽകുന്ന സത്സംഗ് ട്രസ്റ്റ് നൽകിയ അപേക്ഷയിൽ 15 ഏക്കർ ഭൂമിയാണ് ആവശ്യപ്പെട്ടത്. ഇത് സബന്ധിച്ച് അന്വേഷണം നടത്തിയ കലക്ടറാണ് ചെറുവയ്ക്കൽ വില്ലേജിൽ ഭൂമിയുണ്ടെന്ന് കത്ത് നൽകിയത്. ഹൗസിങ് ബോർഡിന്‍റെ ഉടമസ്ഥതയിലുള്ള 7.76 ഏക്കർ ഭൂമിയിൽ യു.എ.ഇ കോൺസുലേറ്റ്, വിദേശ ഭവൻ എന്നിവക്കായി ഫെബ്രുവരി അഞ്ചിലെ ഉത്തരവ് പ്രകാരം രണ്ടേക്കർ ഭൂമി അനുവദിച്ചുവെന്നും ബാക്കി 5.76 ഏക്കർ ഭൂമിയുണ്ടെന്നും സർക്കാറിനെ അറിയിച്ചു.

യോഗ സെന്‍ററിന്‍റെ പ്രവർത്തനത്തിന് ആവശ്യമായ ഭൂമി 1995ലെ മുൻസിപ്പൽ- കോർപറേഷൻ പ്രദേശങ്ങളിലെ ഭൂമി പതിവ് ചട്ടപ്രകാരം പാട്ടത്തിന് നൽകാമെന്നും കലക്ടർ ഫെബ്രുവരി 16ന് നൽകിയ കത്തിൽ ചൂണ്ടിക്കാണിച്ചു.

കമ്പോള വില അനുസരിച്ച് സെൻറിന് 4.32 ലക്ഷം പ്രകാരം നാല് ഏക്കറിന് 17.48 കോടി രൂപ വില കണക്കാക്കാമെന്നും അതിന്‍റെ രണ്ട് ശതമാനം പാട്ടം കണക്കാക്കി വാർഷിക പാട്ടമായി 34.96 ലക്ഷം രൂപ നിശ്ചയിക്കാമെന്നും കലക്ടർ രേഖപ്പെടുത്തി.

ഇതിനു പിന്നാലെ മുഖ്യമന്ത്രി ഇടപെട്ട് സർക്കാറിൽ നിക്ഷിപ്തമായ പ്രത്യേക അധികാരം ഉപയോഗിച്ച് 10 വർഷത്തേക്ക് പാട്ടത്തിന് ഭൂമി അനുവദിച്ച് ഉത്തരവിറക്കുകയായിരുന്നു.

മുഖ്യമന്ത്രിയുടെ കടുംവെട്ടിൽ വിയോജിപ്പ് അറിയിച്ച് റവന്യൂ മന്ത്രി

കൊച്ചി: റവന്യൂ മന്ത്രിയുടെ വിയോജിപ്പ് മറികടന്നാണ് മന്ത്രിസഭായോഗം ശ്രീ എമ്മിനുവേണ്ടി കടുംവെട്ട് തീരുമാനമെടത്തത്. നേരത്തെ ശ്രീ എമ്മിന്‍റെ അപേക്ഷ റവന്യൂ വകുപ്പിലെത്തിയെങ്കിലും ഹൗസിങ് ബോർഡിന്‍റെ ഭൂമിയാണെന്നും ബോർഡിന് ഭൂമി ആവശ്യമില്ലെങ്കിൽ മാത്രമേ മറ്റ് സർക്കാർ വകുപ്പുകൾക്ക് പോലും നൽകാൻ കഴിയൂവെന്നായിരുന്നു മറുപടി നൽകിയത്. സർക്കാറിന് പൊതു ആവശ്യത്തിനും നാടിന്‍റെ വികസനത്തിലും ഉപയോഗിക്കേണ്ട ഭൂമി സ്വകാര്യ ട്രസ്റ്റിന് ദീർഘകാലത്തേക്ക് പാട്ടത്തിന് നൽകുന്നത് ഗൗരവമായി ആലോചിക്കണമെന്നും സൂചിപ്പിച്ചു.

എന്നാൽ, അജണ്ടക്കു പുറത്തുള്ള ഇനമായി ചീഫ് സെക്രട്ടറി യോഗത്തിൽ വിഷയം അവതരിപ്പിച്ച് ഭൂമി പാസാക്കിയതോടെ റവന്യൂ മന്ത്രി നിസഹായനായി.

മന്ത്രിസഭായോഗം ഓൺലൈനായി നടക്കുന്നതിനാൽ ചില മന്ത്രിമാരുടെ പ്രസംഗം പൂർത്തിയാകുന്നതിനു മുമ്പ് മൈക്ക് ഓഫ് ആകുന്നത് സാധാരണ സംഭവമായെന്ന് ആരോപണമുണ്ട്.

നേരത്തെ, മുഖ്യമന്ത്രി ചീഫ് സെക്രട്ടറി വഴി നിർദേശം നൽകിയിട്ടും ട്രിവാൻഡ്രം ടെന്നീസ് ക്ലബ്ബിന് പാട്ടം ഇളവ് നൽകാനുള്ള ഫയൽ റവന്യൂ മന്ത്രി മടക്കിയിരുന്നു. അതിനാലാണ് ഇത്തവണ ശ്രീ എമ്മിന് ഭൂമി നൽകുന്ന വിഷയം അജണ്ടക്ക് പുറത്തുള്ള ഇനമായി മന്ത്രിസഭാ യോഗത്തിൽ അവതരിപ്പിച്ചതെന്നാണ് ആരോപണം. മുൻ സർക്കാറിന്‍റെ അവസാനകാലത്ത് കടുംവെട്ട് തീരുമാനങ്ങളെല്ലാം റദ്ദുചെയ്ത സർക്കാരാണ് സമാനമായ ഉത്തരവിറക്കിയത്. മുൻസർക്കാറിന്‍റെ കടുംവെട്ട് തീരുമാനങ്ങൾക്ക് പിന്നിലും വിശ്വാസ് മേത്തയുടെ കരങ്ങളുണ്ടായിരുന്നു. 

Tags:    
News Summary - sri m land donation out of agenda decision by cabinet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.