കോഴിക്കോട്: തന്‍റെ മധ്യസ്ഥതയില്ലാതെയും സി.പി.എം-ആർ.എസ്.എസ് ചർച്ച നടന്നതായി ആത്മീയാചാര്യൻ ശ്രീ എം. ചർച്ചക്ക് അടിത്തറയിടുക മാത്രമാണ് ചെയ്തത്. സി.പി.എമ്മും ആർ.എസ്.എസും ചേർന്നാണ് സമാധാനത്തിനുള്ള കർമ്മ പദ്ധതി തയാറാക്കിയത്. ചർച്ച ഫലം കണ്ടെന്നാണ് വിലയിരുത്തുന്നത്. കണ്ണൂരിൽ സംഘർഷം വലിയ തോതിൽ കുറഞ്ഞതായും ശ്രീ എം വ്യക്തമാക്കി.
സമാധാനം വേണ്ടെന്നും സി.പി.എമ്മും ആർ.എസ്.എസും ഏറ്റുമുട്ടുന്നത് തുടരണമെന്നും ആഗ്രഹിക്കുന്നവരുണ്ട്. ഇവർ മാധ്യമങ്ങളെ ഉപയോഗിച്ച് പ്രശ്നങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് രഹസ്യ ചർച്ചകൾ നടത്താൻ തീരുമാനിച്ചത്.
പിണറായി വിജയനുമായിട്ടാണ് ചർച്ചയെ കുറിച്ച് ആദ്യം സംസാരിക്കുന്നത്. തുടർന്ന് കോടിയേരി ബാലകൃഷ്ണനുമായി സംസാരിച്ചു. കോടിയേരിയാണ് കണ്ണൂർ ജില്ലയിലെ പാർട്ടിയുടെ ചുമതലയുള്ള പി. ജയരാജനുമായി സംസാരിക്കാൻ ആവശ്യപ്പെട്ടത്.
രാത്രിയിൽ കണ്ണൂർ ഗസ്റ്റ് ഹൗസിന്‍റെ ലൈറ്റ് ഹൗസിൽ വെച്ചാണ് പി. ജയരാജനുമായി കൂടിക്കാഴ്ച നടത്തിയത്. തന്‍റെ നിർദേശത്തോട് ജയരാജൻ അനുകൂലമായി പ്രതികരിച്ചു. ആളുകളെ കൊലപ്പെടുത്തുന്നത് ഇഷ്ടപ്പെടുന്ന കാര്യമല്ലെന്നും എതിർവിഭാഗം അനുകൂലിക്കുമോ എന്ന് അറിയില്ലെന്നും ജയരാജൻ ചൂണ്ടിക്കാട്ടിയിരുന്നു. കണ്ണൂരിൽ നടന്ന രണ്ടാമത്തെ ചർച്ചയിൽ പി. ജയരാജൻ പങ്കെടുത്തിരുന്നുവെന്നും ശ്രീ എം വ്യക്തമാക്കി.
താൻ ആർ.എസ്.എസിലോ മറ്റ് രാഷ്ട്രീയ പാർട്ടികളിലോ അംഗമല്ല. ആർ.എസ്.എസിന്‍റെ ശാഖയിൽ പോയിട്ടില്ല. ആർ.എസ്.എസ് മുഖപത്രമായ ഒാർഗനൈസറിൽ താൻ കറസ്പോണ്ടന്‍റായിരുന്നില്ലെന്നും ശ്രീ എം ചൂണ്ടിക്കാട്ടി.
ആർ.എസ്.എസ് ദേശീയവാദികളാണ്. ആർ.എസ്.എസ് ഇന്ത്യയിലിരുന്ന് പാകിസ്താന് വേണ്ടി സംസാരിക്കില്ലെന്നും മീഡിയവണിന് നൽകിയ അഭിമുഖത്തിൽ ശ്രീ എം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.