പൊന്നാനി: കേന്ദ്ര സർക്കാർ ഉത്തരവ് മറികടന്ന് ഉദ്യോഗസ്ഥർ ബി.എസ്.എൻ.എല്ലിന് കോടികളുടെ നഷ്ടം വരുത്തുന്നതായി പരാതി. ഫൈബർ ടു ദ ഹോം (എഫ്.ടി.ടി.എച്ച്) ഫ്രാഞ്ചൈസികളിൽ ബി.എസ്.എൻ.എൽ ഉദ്യോഗസ്ഥർ പ്രത്യക്ഷമായോ പരോക്ഷമായോ പങ്കാളികളാകരുതെന്ന സർക്കാർ ഉത്തരവ് മാനിക്കാതെയാണ് നിരവധി പേർ വൻതുക മുടക്കി പങ്കാളികളാവുന്നത്.
ബി.എസ്.എൻ.എല്ലിന് സ്വാധീനമുള്ള ഫ്രാഞ്ചൈസികൾ കോപ്പർ കണക്ഷനുകൾ മാറ്റി ഫൈബർ ടു ഹോം കണക്ഷൻ ആക്കുന്നതിലൂടെ 50 ശതമാനം കമീഷൻ നൽകേണ്ടിവരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കേന്ദ്ര സർക്കാർ ഉത്തരവിറക്കിയത്. ഇതാണ് അട്ടിമറിക്കപ്പെടുന്നത്.
ജെ.ടി.ഒമാർ ഉൾപ്പെടെ വൻതുക മുടക്കിയാണ് ഫ്രാഞ്ചൈസികളിൽ ഭാഗഭാക്കാകുന്നത്. ബി.എസ്.എൻ.എൽ കൊടുത്ത ഇൻറർനെറ്റ് കണക്ഷനുകളിൽ കൂടുതലും കോപ്പർ കണക്ഷനുകളാണ്. ഇത് പേര് മാറ്റിയാണ് എഫ്.ടി.ടി.എച്ച് കണക്ഷനുകളാക്കി മാറ്റുന്നത്.
ഇതുമൂലം കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് ബി.എസ്.എൻ.എല്ലിനുണ്ടാകുന്നത്. ഏത് നിമിഷവും പിന്മാറാവുന്ന സ്വകാര്യ ഫ്രാഞ്ചൈസികളാണ് ഇതിന് പിന്നിലുള്ളത്. ഫ്രാഞ്ചൈസികൾ എത്രകാലം നിലനിൽക്കുമെന്ന ഉറപ്പുമില്ല. ഫ്രാഞ്ചൈസികൾ പിന്മാറിയാൽ ഉപഭോക്താക്കളെയും ബാധിക്കും. കൂടുതൽ കമീഷൻ ലഭിക്കുമ്പോൾ ഫ്രാഞ്ചൈസികൾ മറ്റു ഐ.എസ്.പികളിലേക്ക് മാറും.
കഴിഞ്ഞ വർഷമാണ് എഫ്.ടി.ടി.എച്ച് ഫ്രാഞ്ചൈസി നയം പ്രഖ്യാപിച്ചത്. ഇത് ദുരുപയോഗം ചെയ്യാൻ സാധ്യതയുള്ളതിനാലാണ് 2020 ആഗസ്റ്റിൽ സർക്കാർ പുതിയ സർക്കുലർ പുറത്തിറക്കിയത്.
ബി.എസ്.എൻ.എൽ ജീവനക്കാർ ഉൾപ്പെട്ട ഫ്രാഞ്ചൈസികൾ വൈദ്യുതി ബോർഡിനും കനത്ത നഷ്ടം വരുത്തുന്നതായി ആക്ഷേപമുണ്ട്. മിക്ക സ്ഥലങ്ങളിലും ഇവർ ഉപയോഗിക്കുന്ന പോസ്റ്റുകൾക്ക് അനുമതി വാങ്ങിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.