കൊച്ചി: നക്ഷത്രപദവിക്കായി ഹോട്ടലുടമകളിൽനിന്ന് കൈക്കൂലി വാങ്ങിയതുമായി ബന്ധപ്പെട്ട് വിവിധയിടങ്ങളിൽ സി.ബി.ഐ റെയ്ഡ്. കേന്ദ്ര ടൂറിസം മന്ത്രാലയത്തിനുകീഴിൽ ചെന്നൈയിലെ ഇന്ത്യ ടൂറിസം ഓഫിസ് റീജനൽ ഡയറക്ടർ ശ്രീവാട്സ് സഞ്ജയും അസിസ്റ്റൻറ് ഡയറക്ടർ രാമകൃഷ്ണനും കൈക്കൂലി വാങ്ങിയതായ വിവരത്തെത്തുടർന്നാണ് ഹോട്ടലുകളിലും ഏജൻറുമാരുടെ വീടുകളിലും മിന്നൽ പരിശോധന നടത്തിയത്. സി.ബി.ഐ മധുര, കൊച്ചി യൂനിറ്റിലെ സംഘങ്ങളുടെ റെയ്ഡിൽ 55 ലക്ഷം രൂപ പിടിച്ചെടുത്തതായാണ് സൂചന.
നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് പോയ ശ്രീവാട്സ് സഞ്ജയിെൻറ കാർ തടഞ്ഞ് മൊബൈൽ ഫോൺ പരിശോധിച്ചതിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ കേരളത്തിനകത്തും പുറത്തുമുള്ള ഏജൻറുമാരുടെ വീടുകളിലും ഹോട്ടലുകളിലും ഹോട്ടലുടമകളുടെ വീടുകളിലുമായിരുന്നു പരിശോധന. കേരളം അടക്കം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ഹോട്ടലുകൾക്ക് നക്ഷത്രപദവി പുതുക്കി നൽകുന്നത് ചെന്നൈ റീജനൽ ഓഫിസാണ്. ഹോട്ടൽ ആൻഡ് റസ്റ്റാറൻറ് അപ്രൂവൽ ആൻഡ് ക്ലാസിഫിക്കേഷൻ കമ്മിറ്റി (എച്ച്.ആർ.എ.സി.സി)യുടെ പരിശോധനക്കുശേഷമാണ് പുതിയ ഹോട്ടലുകൾക്ക് ഫൈവ് സ്റ്റാർ, ഫൈവ് സ്റ്റാർ ഡീലക്സ് പദവി നൽകുകയും നിലവിലുള്ളവക്ക് പുതുക്കി നൽകുകയും ചെയ്യുന്നത്.
നക്ഷത്ര പദവിയുമായി ബന്ധപ്പെട്ട് രാമകൃഷ്ണനും ശ്രീവാട്സ് സഞ്ജയും കേരളത്തിലെ ഹോട്ടലുകളിൽ പരിശോധന നടത്തിവരുകയായിരുന്നു. പരിശോധന പൂർത്തിയാക്കി ചെന്നൈയിലേക്ക് പോകുന്നതിനിടെയാണ് സി.ബി.ഐ സംഘം തടഞ്ഞത്. ഏജൻറുമാരെ ബന്ധപ്പെട്ടതിെൻറയും ഉദ്യോഗസ്ഥരുടെ ഭാര്യമാരുടെ അക്കൗണ്ടുകളിലേക്ക് കോഴപ്പണം നൽകിയതിെൻറയും വിവരങ്ങൾ സി.ബി.ഐക്ക് ലഭിച്ചിട്ടുണ്ട്. ഒരു മാസമായി സി.ബി.ഐ ടൂറിസം വകുപ്പ് ഇവരെ നിരീക്ഷിച്ചുവരുകയായിരുന്നു. രാമകൃഷ്ണനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. ഗൂഢാലോചന, അഴിമതി നിരോധന നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമുള്ള കുറ്റമാണ് ചുമത്തിയത്. സി.ബി.ഐ മധുര യൂനിറ്റ് സൂപ്രണ്ട് എൻ.കൃഷ്ണമൂർത്തിയുടെ മേൽനോട്ടത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.