തൃശൂർ: സംസ്ഥാന സ്കൂൾ കലോത്സവം ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലും കലിക്കറ്റ് സർവകലാശാല കലോത്സവത്തിലും മലയാള പ്രസംഗത്തിൽ ഒന്നാം സ്ഥാനം നേടുന്നവർക്ക് ഈ വർഷം മുതൽ ‘അഴീക്കോട് സ്മാരക പ്രസംഗ പ്രതിഭ പുരസ്കാരം’ നൽകുമെന്ന് സുകുമാർ അഴീക്കോട് സ്മാരക സമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കൊല്ലത്ത് വ്യാഴാഴ്ച തുടങ്ങുന്ന സംസ്ഥാന സ്കൂൾ കലോത്സവം മുതൽ ഇത് നടപ്പാക്കും.
അര ലക്ഷം രൂപ വീതം സ്ഥിര നിക്ഷേപമുള്ള മൂന്ന് എൻഡോവ്മെന്റുകളിൽനിന്ന് ലഭിക്കുന്ന തുകയാണ് ജനുവരി 24ന് അഴീക്കോടിന്‍റെ ഓർമദിനത്തിൽ സമ്മാനിക്കുക. റോളിങ് ട്രോഫി, സർട്ടിഫിക്കറ്റ് എന്നിവയും നൽകും. ടി.എൻ. പ്രതാപൻ എം.പി, മുൻ മന്ത്രി സി. രവീന്ദ്രനാഥ്, ജയരാജ് വാര്യർ തുടങ്ങി 20 അംഗങ്ങളാണ് എൻഡോവ്മെന്റിനുള്ള തുക നൽകിയത്. അടുത്ത വർഷം മുതൽ എം.ജി സർവകലാശാല കലോത്സവത്തിലെ പ്രസംഗ മത്സര വിജയിക്കും സമ്മാനം നൽകും.
ഇത്തവണത്തെ ഓർമദിനം 24ന് വൈകിട്ട് 4.30ന് തൃശൂർ ഗവ. ട്രെയിനിങ് കോളജ് ഓഡിറ്റോറിയത്തിൽ നടക്കും. വാർത്ത സമ്മേളനത്തിൽ സ്മാരക സമിതി ചെയർമാൻ കെ. രാജൻ തലോർ, ട്രഷറർ കെ. വിജയരാഘവൻ, വൈസ് ചെയർമാൻ സലീം ടി. മാത്യൂസ്, എൻ. രാജഗോപാൽ, പി.എ. രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.