പടിയിറങ്ങി, ആ നിറചിരിയില്ലാതെ; അന്ത്യാഞ്ജലിക്കായി കേരളം അഴീക്കോടൻ മന്ദിരത്തിൽ ഒഴുകിയെത്തി

കണ്ണൂർ: നാലു പതിറ്റാണ്ടിലേറെ ജീവിതത്തിന്‍റെ ഭാഗമായിരുന്ന കണ്ണൂർ അഴീക്കോടൻ മന്ദിരത്തിൽ കോടിയേരി ഒരിക്കൽ കൂടിയെത്തി. അവസാനമായിവന്നപ്പോൾ ആ മുഖത്ത് പതിവായുണ്ടായിരുന്ന നിറചിരി ഉണ്ടായിരുന്നില്ല. ആ കാഴ്ചയിൽ അവിടെയുണ്ടായിരുന്ന നേതാക്കളുടെ കണ്ണുനിറഞ്ഞു. അഴീക്കോടൻ മന്ദിരത്തിന്‍റെ ഓരോ ചുമരുകളിലും കോടിയേരിയുടെ ഓർമകളുണ്ട്. പാർട്ടിയുടെ ജില്ല ആസ്ഥാനമായ അഴീക്കോടൻ സ്മാരകമന്ദിരവുമായി വിദ്യാർഥിപ്രസ്ഥാനകാലം മുതൽ കോടിയേരിക്ക് ആത്മബന്ധമുണ്ട്. പാർട്ടി ജില്ല സെക്രട്ടറിയായിരുന്നപ്പോൾ മുഴുവൻസമയ പ്രവർത്തനവും ഇവിടം കേന്ദ്രീകരിച്ചായിരുന്നു.

മൂന്നു മണിക്കൂർ നീണ്ട പൊതുദർശനത്തിൽ സമൂഹത്തിന്‍റെ നാനാതുറയിൽപെട്ട പതിനായിരങ്ങൾ നേതാവിന് ആദരമർപ്പിക്കാനെത്തി. രാവിലെ മുതൽ അഴീക്കോടൻ മന്ദിരത്തിന് മുന്നിൽ നീണ്ട നിരയായിരുന്നു. അണമുറിയാതെ നീണ്ട ജനസഹസ്രങ്ങളുടെ ആദരം ഏറ്റുവാങ്ങി ഏറെക്കാലത്തെ കർമ മണ്ഡലമായ അഴീക്കോടൻ മന്ദിരത്തിൽനിന്ന് അന്ത്യനിദ്രക്കായി പയ്യാമ്പലത്തേക്ക്. ഇനി ഈ മന്ദിരത്തിന്‍റെ ചുമരുകളിൽ മൺമറഞ്ഞുപോയ നേതാക്കളുടെ ചിത്രങ്ങൾക്കൊപ്പം സൗമ്യമുഖമായി ചിരിച്ചുകൊണ്ട് കോടിയേരിയുമുണ്ടാകും.

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, പോളിറ്റ് ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ട്, ജി. രാമകൃഷ്ണന്‍, എ. വിജയരാഘവന്‍, സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍, എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍, കഥാകൃത്ത് ടി. പത്മനാഭന്‍, എം.പിമാരായ ഇ.ടി. മുഹമ്മദ് ബഷീര്‍, എം.കെ. രാഘവന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, ജോണ്‍ ബ്രിട്ടാസ്, എ.എം. ആരിഫ്, എളമരം കരീം, ബിനോയ് വിശ്വം, എന്‍.കെ. പ്രേമചന്ദ്രന്‍, എം.എൽ.എമാരായ രാമചന്ദ്രന്‍ കടന്നപ്പള്ളി, കെ.ബി. ഗണേഷ് കുമാര്‍, ഉമാതോമസ്, സണ്ണി ജോസഫ്, ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രൻ, ആർ.എസ്.എസ് നേതാവ് വത്സൻ തില്ലങ്കേരി എന്നിവര്‍ മൃതദേഹത്തില്‍ പുഷ്പചക്രം സമർപ്പിച്ചു.

വ്യവസായികളായ എം.എ യൂസുഫലി, ഗോകുലം ഗോപാലൻ, നടൻ മുകേഷ്, സംവിധായകരായ ഷാജി എൻ. കരുൺ, രഞ്ജിത്ത് എന്നിവർ രാവിലെ കോടിയേരിയിലുള്ള വീട്ടിലെത്തി അന്ത്യോപചാരമർപ്പിച്ചു. വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്‍റ് ഹമീദ് വാണിയമ്പലം, വൈസ് പ്രസിഡന്‍റ് റസാഖ് പാലേരി, വുമൺസ് ജസ്റ്റിസ് സംസ്ഥാന പ്രസിഡന്‍റ് ജബീന ഇർഷാദ് എന്നിവരും ആദരാഞ്ജലികളർപ്പിച്ചു.

Tags:    
News Summary - Step down, without that color smile; Kerala flocked to Azhikodan Mandir to pay their last respects

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.