കൊച്ചി: തെരുവുനായ് ആക്രമണം പതിവായ സംസ്ഥാനത്ത് നാലു വർഷത്തിനിടെ നായ്ക്കളുടെ കടിയേറ്റ് ചികിത്സ തേടിയത് 10,03,215 പേർ. ഇക്കാലയളവിൽ പേവിഷബാധയേറ്റ് 47 പേർക്ക് ജീവൻ നഷ്ടമായി. ഇതുകൂടാതെ 22 പേരുടെ മരണകാരണം പേവിഷബാധയാണെന്നും സംശയിക്കുന്നു. 2020 ജനുവരി മുതൽ 2024 ജനുവരി വരെ കാലയളവിലാണ് ഇത്രയധികം മരണങ്ങളും തെരുവുനായ് ആക്രമണങ്ങളും ഉണ്ടായതെന്ന് വിവരാവകാശ രേഖ വ്യക്തമാക്കുന്നു. 2020ൽ അഞ്ച്, 2021ൽ 11, 2022ൽ 15, 2023ൽ 15, 2024ൽ ഒന്ന് എന്നിങ്ങനെയാണ് പേവിഷബാധ മരണങ്ങൾ. എന്നാൽ, ആഴ്ചകൾക്കുമുമ്പ് പേയിളകിയ നായുടെ കടിയേറ്റ് പെരുമ്പാവൂർ കൂവപ്പടി സ്വദേശി മരിച്ചതുൾപ്പെടെ ഈ കണക്കിൽപ്പെട്ടിട്ടില്ല.
പതിനായിരക്കണക്കിനാളുകൾക്കാണ് ഓരോ വർഷവും നായ്ക്കളുടെ ആക്രമണത്തിൽ പരിക്കേൽക്കുന്നതെന്ന് വിവരാവകാശ പ്രവർത്തകൻ രാജു വാഴക്കാലയുടെ അപേക്ഷക്കുള്ള ആരോഗ്യവകുപ്പ് ഡയറക്ടറുടെ മറുപടിയിൽ വ്യക്തമാക്കുന്നു. ചില വർഷങ്ങളിൽ മൂന്നുലക്ഷത്തിലേറെ പേർ ഇത്തരത്തിൽ ചികിത്സ തേടിയിട്ടുണ്ട്. 2020ൽ 1.60 ലക്ഷം പേർ നായ് കടിച്ച് ആശുപത്രിയിലെത്തിയപ്പോൾ 2023ൽ മൂന്നുലക്ഷത്തിലേറെ പേർ നായുടെ ക്രൂരതക്കിരയായി. 2024 ജനുവരിയിൽ മാത്രം 26,060 പേർക്കാണ് കടിയേറ്റത്. ഈ വർഷം ഏറ്റവുമധികം പേർക്ക് കടിയേറ്റത് തിരുവനന്തപുരത്താണ് -3646 പേർ. 708 പേരെ നായ് കടിച്ച കാസർകോട് ജില്ലയാണ് പിന്നിൽ.
പേവിഷബാധയേറ്റുള്ള മരണങ്ങൾക്കും തെരുവുനായ് ആക്രമണങ്ങൾക്കും നഷ്ടപരിഹാരം ജസ്റ്റിസ് സിരിജഗൻ കമ്മിറ്റി നിശ്ചയിക്കുകയും അതത് തദ്ദേശ സ്ഥാപനങ്ങൾ മുഖേന നൽകുകയുമാണ് ചെയ്യുന്നത്. സാഹചര്യങ്ങൾക്കും അപകട വ്യാപ്തിക്കുമനുസരിച്ചാണ് തുക നിശ്ചയിക്കുന്നതെന്ന് മറുപടിയിൽ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.