ശമ്പളം: കെ.എസ്.ആർ.ടി.സിയിൽ ഇന്നുമുതൽ സമരക്കൊടി; നിലപാട് മയപ്പെടുത്തി ഗതാഗത മന്ത്രി

തിരുവനന്തപുരം: കരാർപ്രകാരം ജൂൺ അഞ്ചിനകം ശമ്പളം നൽകാത്തതിൽ പ്രതിഷേധിച്ച് കെ.എസ്.ആര്‍.ടി.സി ആസ്ഥാനത്ത് സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി സംഘടനകള്‍ തിങ്കളാഴ്ച മുതല്‍ അനിശ്ചിതകാല സത്യഗ്രഹസമരം ആരംഭിക്കും. ചീഫ് ഓഫിസിന്‍റെ ഇരുകവാടങ്ങളിലും സത്യഗ്രഹ പന്തല്‍ സജ്ജമായി. സെക്രട്ടേറിയറ്റിനു മുന്നിലും കെ.എസ്.ആര്‍.ടി.സിയുടെ ജില്ല ആസ്ഥാനങ്ങളിലും അനിശ്ചിതകാല ധര്‍ണ ആരംഭിക്കാനാണ് ബി.എം.എസ് തീരുമാനം.

ഐ.എന്‍.ടി.യു.സി ഡ്രൈവേഴ്‌സ് യൂനിയന്‍ കൂട്ടായ്മയായ ടി.ഡി.എഫിന്‍റെ സമരം പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യും. കെ.എസ്.ആര്‍.ടി.സി എംപ്ലോയീസ് അസോസിയേഷന്‍റെ സമരം ഉദ്ഘാടനം ചെയ്യുക സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്‍റ് ആനത്തലവട്ടം ആനന്ദനാണ്.

200 കോടി രൂപ വരുമാനം ലഭിച്ചിട്ടും ശമ്പളവിതരണം വൈകുന്നതാണ് യൂനിയനുകളെ ചൊടിപ്പിക്കുന്നത്. കഴിഞ്ഞ രണ്ടു മാസങ്ങളിലും 20 ദിവസത്തോളം വൈകിയാണ് ശമ്പളവിതരണം നടന്നത്. ക്രമാനുഗതമായി വരുമാനം വർധിക്കുന്നുണ്ടെങ്കിലും ഭാരിച്ച ചെലവാണ് ശമ്പളതടസ്സത്തിന് കാരണമായി മാനേജ്മെന്‍റ് നിരത്തുന്നത്. ഡീസല്‍ ചെലവ്, കണ്‍സോർട്യം വായ്പ തിരിച്ചടവ്, കഴിഞ്ഞമാസം ശമ്പളം നല്‍കാനെടുത്ത 46 കോടി രൂപയുടെ ഓവര്‍ ഡ്രാഫ്റ്റ് തിരിച്ചടവ് എന്നിവയെല്ലാം വന്നതോടെ കലക്ഷൻ വരുമാനം തീർന്നെന്നാണ് അധികൃതർ പറയുന്നത്. ശമ്പളം ഉള്‍പ്പെടെ 250 കോടി രൂപ ഈമാസം ചെലവുണ്ട്. ഫലത്തിൽ മുൻ മാസങ്ങളിലേതുപോലെ കടുത്ത അനിശ്ചിതത്വത്തിലേക്കാണ് ഇക്കുറിയും കെ.എസ്.ആർ.ടി.സിയിലെ ശമ്പളവിതരണം.

ന്യായമായ സമരങ്ങളെ കുറ്റപ്പെടുത്താനാവില്ല; നിലപാട് മയപ്പെടുത്തി ഗതാഗത മന്ത്രി 

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിലെ ശമ്പളമുടക്കത്തിൽ പ്രതിഷേധിച്ച് ഭരണാനുകൂല സംഘടനകളടക്കം പ്രക്ഷോഭം തുടങ്ങാനിരിക്കെ സമരങ്ങളോടുള്ള മുൻനിലപാട് മയപ്പെടുത്തി ഗതാഗതമന്ത്രി ആന്‍റണി രാജു. ന്യായമായ കാര്യത്തിന് സമരം ചെയ്യുന്ന തൊഴിലാളി സംഘടനകളെ കുറ്റപ്പെടുത്താനാവില്ലെന്ന് ഗതാഗത മന്ത്രി പറഞ്ഞു. സി.ഐ.ടി.യു അടക്കം പ്രതിഷേധം ശക്തമാക്കിയ സാഹചര്യത്തിലാണ് നിലപാട് മാറ്റം. 'വരുമാനത്തെ ബാധിക്കാതെയും പണിമുടക്ക് നടത്താതെയും സമരം ചെയ്യുമെന്ന നിലപാട് സ്വാഗതാർഹമാണ്. ഇതിന് സർക്കാർ എതിരല്ല.

ഇത്തരം സമരങ്ങളുമായി വരുന്നതിനെ ആർക്കും തടയാനുമാകില്ല. ഇടതുസർക്കാർ ഭരിക്കുമ്പോൾ പ്രശ്നങ്ങൾ സർക്കാറിന്‍റെ ശ്രദ്ധയിൽപെടുത്താനുള്ള സമരങ്ങൾ അനിവാര്യവുമാണ്. സംഘടനകളുടെ സമീപനം ഇപ്പോൾ കുറേക്കൂടി പോസിറ്റിവാണ്. അതിനെ സ്വാഗതം ചെയ്യുന്നു'- മന്ത്രി പ്രതികരിച്ചു. 

Tags:    
News Summary - Strike in KSRTC from today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.