കോട്ടയം: തിരുവാർപ്പിലെ ബസ് ഉടമയും സി.ഐ.ടി.യു ജീവനക്കാരും തമ്മിലുള്ള തർക്കത്തെതുടർന്ന് ജില്ല ലേബർ ഓഫിസിൽ നടത്തിയ ചർച്ചയിൽ തീരുമാനമായില്ല. ചൊവ്വാഴ്ച രാവിലെ 10.30ന് ചർച്ച തുടരും.
‘വെട്ടിക്കുളങ്ങര’ ബസിലെ സി.ഐ.ടി.യു ജീവനക്കാർക്ക് കൂട്ടിയ ശമ്പളം നൽകുന്നില്ല എന്ന പരാതിയാണ് ചർച്ചയിൽ ഉന്നയിച്ചത്. എന്നാൽ, വരുമാനം കുറവായ ബസിലെ ജീവനക്കാർ ആയതുകൊണ്ടാണ് ശമ്പളം വർധിപ്പിക്കാൻ കഴിയാത്തതെന്ന് ബസുടമ രാജ്മോഹൻ പറഞ്ഞു. ഇതിനു പരിഹാരമായി നാലു ബസുകളിലെയും ജീവനക്കാർക്ക് 15 ദിവസം വീതം റൊട്ടേഷൻ വ്യവസ്ഥയിൽ മാറിമാറി ജോലി ചെയ്യാൻ അവസരം നൽകാമെന്നും അതനുസരിച്ച് എല്ലാവർക്കും ശമ്പളം നൽകാനാവുമെന്നും രാജ്മോഹൻ നിർദേശിച്ചു. ഈ നിർദേശത്തോട് യോജിച്ച സി.ഐ.ടി.യു, പാർട്ടി നേതൃത്വത്തോട് കൂടി ആലോചിക്കാൻ സമയം തേടി. ഇതോടെയാണ് ചൊവ്വാഴ്ച തുടർചർച്ചക്ക് തീരുമാനിച്ചത്.
ബസ് ഉടമയെ കൂടാതെ ബസ് ഓപറേറ്റേഴ്സ് ഫെഡറേഷൻ ജനറൽ സെക്രട്ടറി കെ.എസ്. സുരേഷ്, സി.ഐ.ടി.യു ജില്ല പ്രസിഡന്റും മോട്ടോർ തൊഴിലാളി യൂനിയൻ അംഗവുമായ പി.ജെ. വർഗീസ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ചർച്ച ആശാവഹമായിരുന്നതായും ചൊവ്വാഴ്ച തീരുമാനം ഉണ്ടാവുമെന്നാണ് പ്രതീക്ഷയെന്നും സി.ഐ.ടി.യു ജില്ല പ്രസിഡന്റ് പറഞ്ഞു. സി.ഐ.ടി.യു പ്രവർത്തകർ ബസുടമയെ മർദിച്ചത് അംഗീകരിക്കാനാവില്ലെന്നും സംഭവത്തിൽ തങ്ങൾക്ക് കടുത്ത പ്രതിഷേധമുണ്ടെന്നുമാണ് കെ.എസ്. സുരേഷ് പ്രതികരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.