ചെറുതുരുത്തി: കേരള കലാമണ്ഡലം കൽപിത സർവകലാശാലയിൽ വനിത ഹോസ്റ്റലിൽ കഴിയുന്ന വിദ്യാർഥിനി ഉടുത്ത സാരിക്ക് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. ഇന്നലെ രാവിലെയാണ് സംഭവം. സഹപാഠികളുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ കലാമണ്ഡലം അധികൃതരും ജീവനക്കാരും ചേർന്ന് കുട്ടിയെ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ഏതാനും നാൾ മുമ്പ് വനിത ഹോസ്റ്റലിൽ നിന്നും ഒരു വിദ്യാർഥിനി അധികൃതരെ കബളിപ്പിച്ച് പുറത്ത് കടന്ന് കാമുകനോടൊപ്പം ഒളിച്ചോടി വിവാഹിതയായിരുന്നു. കുട്ടിയുടെ അമ്മയാണെന്ന് പരിചയപ്പെടുത്തി മറ്റൊരു വിദ്യാർഥിനി ഫോണിൽ വിളിച്ച് കുട്ടിയെ വീട്ടിലേക്ക് പറഞ്ഞ് വിടണമെന്ന് ആവശ്യപ്പെട്ടതിെൻറ അടിസ്ഥാനത്തിലാണ് കുട്ടിക്ക് ഹോസ്റ്റലിൽ നിന്ന് പോകാൻ അനുവാദം ലഭിച്ചത്. ഇത് വലിയ വിവാദമാവുകയും കലാമണ്ഡലം അധികൃതർ പ്രതിരോധത്തിലാവുകയും ചെയ്തു. ഇതുസംബന്ധിച്ച് ഇന്നലെ ഹോസ്റ്റലിൽ ചർച്ചകൾ ഉണ്ടായി. ആത്മഹത്യക്ക് ശ്രമിച്ച കുട്ടിക്ക് പെൺകുട്ടിയുടെ ഒളിച്ചോടലും വിവാഹവും തമ്മിൽ ബന്ധമുണ്ടെന്ന പരാതിയും ഉയർന്നു. ഇതോടെയാണ് ഉടുത്തിരുന്ന സാരിയിൽ തീ കൊളുത്തിയത്.
അതിനിടെ, കലാമണ്ഡലത്തിലെ അച്ചടക്കത്തെക്കുറിച്ച് ഗുരുതര ആരോപണങ്ങളുമായി ഒരു വിഭാഗം വിദ്യാർഥികൾ രംഗത്തെത്തിയിട്ടുണ്ട്. വിദ്യാർഥികൾക്ക് സുരക്ഷ ഒരുക്കുന്നതിൽ അധികൃതർ പരാജയമാണെന്നാണ് പരാതി. ആത്മഹത്യ ശ്രമത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തുമെന്ന് കലാമണ്ഡലം അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.