യുക്രെയ്നിൽ നിന്ന് മടങ്ങിയ വിദ്യാർഥികള്‍ക്ക് കേരളത്തില്‍ പഠനസൗകര്യം ഒരുക്കണം -ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: യുക്രെയ്നിയില്‍ നിന്ന് മടങ്ങിയെത്തിയ മലയാളി വിദ്യാർഥികള്‍ക്ക് തുടര്‍പഠനം സാധിക്കാത്ത സാഹചര്യത്തില്‍ കേരളത്തില്‍ തന്നെ പഠനസൗകര്യം ഉറപ്പാക്കണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സാങ്കേതിക നടപടി ക്രമങ്ങള്‍ തുടര്‍പഠനത്തിന് തടസമാകാന്‍ പാടില്ലെന്നും മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി.

യുക്രെയ്നില്‍ നിന്ന് മടങ്ങിവന്ന വിദ്യാർഥികള്‍ക്ക് കര്‍ണാടക സര്‍വകലാശാലകള്‍ തുടർപഠന സൗകര്യം ഒരുക്കിയത് കേരളത്തിന് അനുകരിക്കാവുന്ന മാതൃകയാണ്. യുക്രെയ്നില്‍ പഠിക്കാന്‍ എടുത്ത വിദ്യാഭ്യാസ വായ്പ പഠനം മുടങ്ങിയതിനാല്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. വിദ്യാഭ്യാസ വായ്പകള്‍ തിരിച്ചടക്കുവാന്‍ കേന്ദ്ര- സംസ്ഥാന സർക്കാറുകള്‍ നടപടി സ്വീകരിക്കണം. വായ്പകള്‍ എഴുതിത്തള്ളുകയോ തിരിച്ചടവിന്‍റെ ബാധ്യത സർക്കാർ ഏറ്റെടുക്കുകയോ ചെയ്യണം. വലിയ പ്രതിസന്ധിയിലൂടെ കടന്നുപോയി ജീവനും കൊണ്ട് തിരികെയെത്തിയ വിദ്യാർഥികളോട് അത്രയെങ്കിലും പരിഗണന നൽകേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണെന്നും ഉമ്മൻചാണ്ടി ചൂണ്ടിക്കാട്ടി.

ബാങ്ക് വായ്പ എഴുതിത്തള്ളുന്നതു സംസ്ഥാന സര്‍ക്കാറിന് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കാന്‍ ഇടയുള്ളതിനാല്‍ അതിന് കേന്ദ്രസഹായം തേടണം. പ്രധാനമന്ത്രിയെ നേരിൽകണ്ട് മുഖ്യമന്ത്രി ഈ ആവശ്യം ഉന്നയിക്കണം. ആവശ്യമെങ്കില്‍ സര്‍വകക്ഷി നിവേദക സംഘവും ഡല്‍ഹിക്കു പോകണമെന്ന് ഉമ്മന്‍ ചാണ്ടി നിര്‍ദേശിച്ചു.

വിദ്യാർഥികളുടെ പഠന സൗകര്യം വിപുലപ്പെടുത്തുവാനായി യു.ഡി.എഫ് സർക്കാറിന്‍റെ കാലത്ത് അനുവദിച്ചതും നിര്‍മാണം നടക്കുന്നതുമായ കോന്നി സർക്കാർ മെഡിക്കല്‍ കോളജ്, കാസർകോട് മെഡിക്കല്‍ കോളജ്, തിരുവനന്തപുരം രണ്ടാമത്തെ മെഡിക്കല്‍ കോളജ്, വയനാട് മെഡിക്കല്‍ കോളജ് എന്നിവ ഈ വര്‍ഷം തന്നെ പ്രവര്‍ത്തനം ആരംഭിച്ചാല്‍ മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്ത് വലിയ മുന്നേറ്റം കൈവരിക്കാന്‍ സാധിക്കും. 2011ല്‍ ഉണ്ടായിരുന്ന അഞ്ച് സർക്കാർ മെഡിക്കല്‍ കോളജിന്‍റെ സ്ഥാനത്ത് 15 സർക്കാർ മെഡിക്കല്‍ കോളജുകള്‍ വന്നാല്‍ അത് മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്ത് ശ്രദ്ധേയമായ പുരോഗതി ആയിരിക്കുമെന്നും ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി.

Tags:    
News Summary - Study facilities should be provided in Kerala for students returning from Ukraine - Oommen Chandy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.