കോവിഡില്ലാത്ത ഇടമലക്കുടിയിൽ നിയന്ത്രണം കാറ്റിൽപറത്തി വ്ലോഗറുടെയും എം.പിയുടെയും 'വിനോദയാത്ര'

മൂന്നാർ: കോവിഡ്​ റിപ്പോർട്ട്​ ചെയ്​തിട്ട്​ ഒന്നരവർഷമായെങ്കിലും ഇനിയും ഒരു കോവിഡ്​ രോഗിപോലുമില്ലാത്ത​ ലോകത്തെ അപൂർവ പ്രദേശങ്ങളിലൊന്നാണ്​ മൂന്നാറിലെ ഇടമലക്കുടി. പുറത്ത്​ നിന്നുള്ള അന്യരെ പ്രദേശത്തേക്ക്​ കടക്കാൻ അനുവദിക്കാതെയും സാമൂഹിക അകലവും കോവിഡ്​ നിയന്ത്രണങ്ങൾ പാലിച്ചുമാണ്​ ഇടമലക്കുടി കോവിഡിനെ അകറ്റി നിർത്തിയത്​. അവിടേക്കാണ് സമ്പൂർണ ലോക്​ഡൗൺ ദിവസമായ ഞായറാഴ്ച മാസ്​ക്​ ധരിക്കാതെയും​ ​കോവിഡ്​ മാനദണ്ഡങ്ങൾ ലംഘിച്ച്​ യൂട്യൂബ്​ ചാനൽ ഉടമയായ സുജിത്​ ഭക്​തനും ഡീൻ കുര്യാക്കോസ്​ എം.പിയുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ 'വിനോദയാത്ര' വിവാദമായത്​. കോവിഡിൽ നിന്ന്​ സുരക്ഷിതരായി കഴിഞ്ഞിരുന്ന ഇടമലക്കുടിയിലെ ജനതയെ കൂടി അപകടത്തിലാക്കുന്നതാണ്​ എം.പിയുടെയും യൂടൂബറുടെയും നടപടിയെന്നാണ്​ സാമൂഹിക- ആരോഗ്യപ്രവർത്തകർ ആരോപിക്കുന്നത്​.

ഇടമലക്കുടി ട്രൈബൽ ഗവ. സ്‌കൂളിന്‍റെ നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനമായിരുന്നു എന്നാണ് എം.പി വിശദീകരിക്കുന്നത്​. എം.പിക്കൊപ്പം യുട്യൂബറുമുണ്ടായിരുന്നു. സ്‌കൂളിലെ ഓൺലൈൻ പഠനത്തിനായി ടി.വി. നൽകാനെന്ന പേരിലാണ് യുട്യൂബർ സംഘത്തിനൊപ്പം വന്നത്. യുട്യൂബർ സമൂഹ മാധ്യമങ്ങളിലൂടെ ചിത്രങ്ങൾ പങ്കുവെച്ചപ്പോഴാണ് സംഭവം പുറം ലോകം അറിയുന്നത്.


സംഭവം വിവാദമായതോടെ സി.പി.എം. ജില്ലാ സെക്രട്ടറി കെ.കെ.ജയചന്ദ്രൻ എം.പിക്കെതിരെ രംഗത്ത് വന്നു.മാനദണ്ഡങ്ങൾ പാലിക്കാതെ എംപി. പുറത്തു നിന്നുള്ളവരെ അനാവശ്യമായി കുടിയിൽ പ്രവേശിപ്പിച്ചത് രോഗവ്യാപനത്തിന് കാരണമാകുമെന്നും എം.പിയുൾപ്പെടെയുള്ളവർക്കെതിരെ കേസെടുക്കണമെന്നും സി.പി.എം. ജില്ലാ സെക്രട്ടറി കെ.കെ.ജയചന്ദ്രൻ ആവശ്യപ്പെട്ടു. യുടൂബ് ചാനൽ ഉടമയായ സുജിത്​ ഭക്​തൻ, ഡീൻ കുര്യാക്കോസ് എം.പി. എന്നിവർക്കെതിരെ എ.ഐ.വൈ.എഫ് പോലീസിൽ പരാതിയും നൽകിയിട്ടുണ്ട്​. ദേവികുളം മണ്ഡലം പ്രസിഡന്‍റായ എൻ.വിമൽരാജാണ് മൂന്നാർ ഡി.വൈ.എസ്.പിക്കും സബ്കലക്ടറിനും പരാതി നൽകിയത്.

അവധി ദിവസം ഇങ്ങനൊരു പരിപാടി ആരുമറിയാതെ നടത്തിയതിൽ ദുരൂഹതയുണ്ടെന്നും ആരോപണം ഉയർന്നിട്ടുണ്ട്​.അതേ സമയം ട്രൈബൽ സ്‌കൂളിന്റെ നിർമാണോത്ഘാടനത്തിനാണ് ഇടമലക്കുടിയിൽ പോയതെന്ന്​ ഡീൻ കുര്യാക്കോസ്​ എം.പി അറിയിച്ചു. സ്‌കൂളിലേക്ക് ആവശ്യമുള്ള ടി.വി. നൽകിയത് സുഹൃത്തായ യൂ ട്യൂബ് ഉടമയാണ്. താൻ ക്ഷണിച്ച പ്രകാരമാണ് അയാൾ ഇടമലക്കുടിയിലെത്തിയത്. മറിച്ചുള്ള അരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്നാണ്​ എം.പി വിശദീകരിക്കുന്നത്​.

ഇടുക്കി എം.പി ഡീൻ കുരിയാക്കോസിനൊപ്പം ഇടമലക്കുടി ട്രൈബൽ വില്ലേജിലെ സ്‌കൂളിലേക്ക് സ്മാർട്ട് ക്ലാസിന്റെ ആവശ്യത്തിനായി ടി.വിയും അനുബന്ധ ഉപകരണങ്ങളും നൽകുകയും, സ്‌കൂൾ കെട്ടിടത്തിലെ ആർട്ട് വർക്ക് ചെയ്തതും, അതിനോടനുബന്ധിച്ച് സ്‌കൂളിൽ നടന്ന ഒരു ചടങ്ങിലേക്ക് പങ്കെടുക്കുവാനും വേണ്ടിയാണ് ഞങ്ങൾ ഇവിടേക്ക് പോയതെന്ന വിശദീകരണത്തോടെയാണ്​ സുജിത്​ ഭക്തന്‍റെ ചാനൽ വിഡിയോ പബ്ലിഷ്​ ചെയ്​തിരിക്കുന്നത്​.

എം.പിയുടെ മണ്ഡലത്തിന്‍റെ ഭാഗമായ ഇടമലക്കുടിയിൽ സഞ്ചരിക്കാൻ അദ്ദേഹത്തിന്​ അനുമതിയുണ്ട്​​. പക്ഷെ അദ്ദേഹത്തിനൊപ്പം യൂടൂബ്​ വ്​ളോഗറും മറ്റ്​ ആളുകളും എത്തിയതിനെ പറ്റി പരാതി ലഭിച്ചിട്ടുണ്ട്​. കോവിഡ്​ പ്രോ​ട്ടോക്കോളോ ​മാനദണ്ഡമോ ലംഘിച്ചിട്ടുണ്ടോ എന്ന്​ അന്വേഷിക്കുകയാണെന്നും മൂന്നാർ ഡി.വൈ.എസ്​.പി മാധ്യമങ്ങളോട്​ പറഞ്ഞു.


Full View

Tags:    
News Summary - Vlogger and MP's 'excursion' out of control in Idamalakkudi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.