കൊച്ചി: കേരള ഹൈകോടതി ചീഫ് ജസ്റ്റിസായി ഹൈകോടതിയിലെ ഏറ്റവും സീനിയറായ ജഡ്ജി ജസ്റ്റിസ് എസ്.വി. ഭാട്ടിയെ സുപ്രീം കോടതി കൊളീജിയം ശിപാർശ ചെയ്തു. ആന്ധ്രപ്രദേശ് സ്വദേശിയാണ് ഭാട്ടി. നിലവിലെ ചീഫ് ജസ്റ്റിസ് എസ്.മണികുമാർ 24ന് വിരമിക്കുന്ന സാഹചര്യത്തിലാണ് ശിപാർശ. ഇത് കേന്ദ്രസർക്കാർ അംഗീകരിക്കണം.
ആന്ധ്രപ്രദേശ് ഹൈകോടതിയിൽ ജഡ്ജിയായിരുന്ന അദ്ദേഹം 2019 മാർച്ച് 19നാണ് കേരള ഹൈകോടതിയിൽ സ്ഥലം മാറിയെത്തിയത്. ബ്രഹ്മപുരം വിഷപ്പുകയെത്തുടർന്ന് ഹൈകോടതി സ്വമേധയാ എടുത്ത കേസ് ഉൾപ്പെടെ പരിഗണിക്കുന്നത് ജസ്റ്റിസ് എസ്.വി. ഭാട്ടി ഉൾപ്പെടുന്ന ഡിവിഷൻ ബെഞ്ചാണ്. ബംഗളൂരു ജഗദ്ഗുരു രേണുകാചാര്യ കോളജിൽനിന്ന് നിയമബിരുദം നേടിയശേഷം1987 ജനുവരിയിലാണ് അഭിഭാഷകനായി എൻറോൾ ചെയ്തത്.
ആന്ധ്രപ്രദേശ് മലിനീകരണ നിയന്ത്രണ ബോർഡ്, വിശാഖപട്ടണം ഹിന്ദുസ്ഥാൻ ഷിപ്യാർഡ്, ഇന്ത്യൻ മാരിടൈം യൂനിവേഴ്സിറ്റി, ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡ് തുടങ്ങിയവയുടെ സ്റ്റാൻഡിങ് കോൺസലായിരുന്നു. 2013 ഏപ്രിൽ 12നാണ് ആന്ധ്രപ്രദേശ് ജഡ്ജിയായി നിയമിതനായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.