തിരുവനന്തപുരം: സി.പി.എം വിട്ട മുൻ മംഗലപുരം ഏരിയ സെക്രട്ടറി മധു മുല്ലശ്ശേരിയെ ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയും വി. മുരളീധരനും വി.വി. രാജേഷും വീട്ടിൽ സന്ദർശിച്ചു. ഇവരെ ഇളനീർ നൽകി സ്വീകരിച്ചു. മധുവിന്റെ മകൾ മാതുവും ബി.ജെ.പിയിലേക്ക് ചേരുമെന്നാണ് സൂചന.
കഴിഞ്ഞ ദിവസം സി.പി.എം ഏരിയ സമ്മേളനത്തിനിടെ ഇറങ്ങിപ്പോന്ന മധു ബി.ജെ.പിയിൽ ചേരുമെന്ന് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് 11 മണിയോടെ സുരേഷ് ഗോപിയും സംഘവും വീട്ടിലെത്തിയത്. ബി.ജെ.പിയിലേക്ക് ഔദ്യോഗികമായി ക്ഷണിക്കാനാണ് ഇവർ എത്തിയതത്രെ.
അതിനിടെ, മധു കുറച്ച് കാലമായി ബി.ജെ.പിയുമായി നല്ല അടുപ്പത്തിലായിരുന്നുവെന്ന് സി.പി.എം തിരുവനന്തപുരം ജില്ല സെക്രട്ടറി വി. ജോയി ആരോപിച്ചു. ഏരിയ സെക്രട്ടറിയായിരിക്കെ തന്നെ മധു ബി.ജെ.പിയിൽ കാലെടുത്തുവെച്ചിരുന്നുവെന്നും ഇതേക്കുറിച്ച് പാർട്ടിക്ക് ബോധ്യമുണ്ടായിരുന്നുവെന്നും ജോയി പറഞ്ഞു. ഏരിയ സെക്രട്ടറിയായിരിക്കെ തന്നെ ബി.ജെ.പിയുമായി ചർച്ച നടത്തിയിരുന്നു. അത് ശരിയാണെന്ന് ഇപ്പോൾ ബോധ്യപ്പെട്ടിരിക്കുന്നു. പൊതുമധ്യത്തിൽ പാർട്ടിയെ അവഹേളിച്ചതിനും പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയതിനും മധുവിനെ പാർട്ടിയിൽനിന്ന് പുറത്താക്കിയതായും അദ്ദേഹം അറിയിച്ചു.
തനിക്കെതിരെ വ്യക്തിപരമായി ആരോപണങ്ങൾ ഉന്നയിച്ചതിന് മധുവിനെതിരെ നിയമനടപടി സ്വീകരിക്കുന്നത് സംബന്ധിച്ച് പാർട്ടിയുടെ അനുമതി തേടിയതായും ജോയി പറഞ്ഞു. 42 വർഷം സി.പി.എം പ്രവർത്തകനും നേതാവുമായിരുന്ന മധു മുല്ലശ്ശേരി ബി.ജെ.പിയിൽ ചേരുമെന്ന സൂചന പുറത്തുവന്നതിന് പിന്നാലെയാണ് പാർട്ടി പുറത്താക്കാൻ തീരുമാനിച്ചത്. പാർട്ടിമാറ്റം സംബന്ധിച്ച് ഇന്ന് 11 മണിക്ക് മാധ്യമങ്ങളെ കാണുമെന്ന് മധു അറിയിച്ചിരുന്നു.
കഴിഞ്ഞ ദിവസം നടന്ന ഏരിയാ സമ്മേളനത്തിൽ ഏരിയ സെക്രട്ടറി സ്ഥാനത്തേക്ക് മധു മത്സരിച്ചിരുന്നു. സമ്മേളനത്തിൽ ജില്ലാ സെക്രട്ടറി വി. ജോയി ഇയാൾക്കെതിരെ രംഗത്തുവന്നതോടെ മധു പ്രതിഷേധിച്ച് ഇറങ്ങിപ്പോവുകയും സി.പി.എം വിടുകയാണെന്ന് പ്രഖ്യാപിക്കുകയുമായിരുന്നു. അതിനിടെ, സാമ്പത്തിക ആരോപണങ്ങളും ക്രമവിരുദ്ധ ഇടപെടലുകളും മധുവിനെതിരെ ഉയർന്നിരുന്നു.
എട്ടുവർഷം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും ആറ് വർഷം ഏരിയ സെക്രട്ടറിയുമായിരുന്നു മധു. ഏരിയ സമ്മേളനത്തിൽ തനിക്കെതിരെ വിമർശനം പോലും ഉയർന്നിരുന്നില്ലെന്നും പാര്‍ട്ടി നല്‍കുന്ന എല്ലാ പ്രവര്‍ത്തനങ്ങളും അച്ചടക്കത്തോടെ കൃത്യമായി നടത്തിയിട്ടുണ്ടെന്നും മധു പറഞ്ഞു.
കഴക്കൂട്ടം ഏരിയാ കമ്മിറ്റി രണ്ടായതിനു ശേഷം മംഗലപുരത്ത് രണ്ട് തവണയും മധു മുല്ലശ്ശേരിയാണ് സെക്രട്ടറിയായത്. സാധാരണ പാർട്ടി പ്രവർത്തകർക്ക് സമീപിക്കാൻ സാധിക്കാത്ത ആളായി ഏരിയാ സെക്രട്ടറി മാറിയെന്ന ആരോപണമാണ് മധുവിനെതിരെ ഉയർന്നത്. എന്നാൽ വിഭാഗീയ പ്രവര്‍ത്തനങ്ങളാണ് വി. ജോയി നടത്തിവരുന്നതെന്നാണ് മധുവിന്റെ ആരോപണം. പുതിയ ഏരിയാ കമ്മിറ്റി ചേർന്നപ്പോൾ മധുവിനു പകരം എം ജലീലിനെ സെക്രട്ടറിയായി തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.