ജയിച്ചു കഴിഞ്ഞാലും എനിക്ക് വേണ്ടി പ്രവർത്തിക്കാൻ ആളുകൾ വേണം; തിരുവനന്തപുരത്തേക്ക് പോകുമെന്ന് വെറുതെ പറഞ്ഞത് -വിശദീകരണവുമായി സുരേഷ് ഗോപി

തൃശൂർ: പ്രചാരണത്തിന് ആളില്ലാത്തതിൽ അണികളോട് ക്ഷോഭിച്ചതിൽ വിശദീകരണവുമായി സുരേഷ് ഗോപി. തൃശൂർ ലോക്സഭ മണ്ഡലത്തിലെ ബി.ജെ.പിയുടെ സ്ഥാനാർഥിയാണ് സുരേഷ് ഗോപി. കഴിഞ്ഞ ദിവസം ശാസ്താംപൂർവം ആദിവാസി കോളനിയിലെ സന്ദർശനത്തിന് ആളു കുറഞ്ഞതിൽ ബി.ജെ.പി പ്രവർത്തകരോട് സുരേഷ്​ ഗോപി രോഷത്തോടെ പ്രതികരിച്ചിരുന്നു.

നിങ്ങൾ എനിക്ക് വോട്ട് മേടിച്ച്തരാനാണെങ്കിൽ വോട്ട് ചെയ്യുന്ന പൗരന്മാർ ഇവിടെയുണ്ടാകണം. നിങ്ങൾ സഹായിച്ചില്ലെങ്കിൽ നാളെ തന്നെ ഞാൻ തിരുവനന്തപുരത്തേക്ക് പോകും. അവിടെ പോയി രാജീവ് ചന്ദ്രശേഖറിന് പ്രവർത്തിച്ചുകൊള്ളാം.'-എന്നായിരുന്നു സുരേഷ് ഗോപി രോഷം കൊണ്ടത്.

തിരുവനന്തപുരത്തേക്ക് പോകുമെന്ന് പറഞ്ഞത് പ്രവർത്തകരെ പേടിപ്പിക്കാൻ വേണ്ടി മാത്രമാണെന്നാണ് സുരേഷ് ഗോപി ഇപ്പോൾ പറയുന്നത്. ആദിവാസി ഊരിലെ ജനങ്ങളുടെ വോട്ട് ചേർക്കാത്തതിനാലാണ് പ്രവർത്തകരോട് ദേഷ്യപ്പെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

'നാളെ ജയിച്ചുകഴിഞ്ഞാലും അണികളാണ് ജനങ്ങള്‍ക്കിടയില്‍ ഇറങ്ങിച്ചെന്ന് ഓരോ പ്രശ്‌നങ്ങൾ എന്നെ അറിയിക്കേണ്ടത്. ഇതുപോലെ ഇനിയും ആവര്‍ത്തിച്ചാല്‍ ഇനിയും വഴക്ക് പറയും. അതിന്റെ സൂചനയാണ് നൽകിയത്. അണികള്‍ ചെയ്യാനുള്ള ജോലി ചെയ്യണം. അല്ലെങ്കിൽ എനിക്കെന്റെ ജോലി ചെയ്യാൻ സാധിക്കില്ല. അവരെ തലോടാനും വഴക്കുപറയാനുമുള്ള അവകാശം എനിക്കുണ്ട്. വോട്ടുകൾ ചേർത്തിട്ടില്ലെന്ന് ആദിവാസികൾ എന്റെ മുന്നിൽ വെച്ചാണ് പറയുന്നത്. അപ്പോൾ എന്റെ അണികളെ ഞാൻ വഴക്ക് പറയും. അതിനുള്ള അവകാശം എനിക്കുണ്ട്'. സുരേഷ് ഗോപി പറഞ്ഞു.  

സുരേന്ദ്രനെ തള്ളി, മുരളീധരൻ ശത്രുവല്ല

തൃശൂര്‍: കോണ്‍ഗ്രസ് സ്ഥാനാർഥി കെ. മുരളീധരനെതിരായ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ ശിഖണ്ഡി പരാമര്‍ശത്തെ തള്ളി സുരേഷ് ഗോപി. കെ. മുരളീധരന്‍ സ്ഥാനാർഥിയാണെന്നും തന്റെ ശത്രുവല്ലെന്നും സുരേഷ് ഗോപി പറഞ്ഞു. സുരേന്ദ്രന്റെ ശിഖണ്ഡി പ്രയോഗം സംബന്ധിച്ച ചോദ്യത്തിന് അത് അവരോട് ചോദിക്കണം എന്നായിരുന്നു മറുപടി. ‘‘അത് അവരോട് ചോദിക്കണം. അങ്ങനെ ഒരു വിഷയം എനിക്ക് അറിയില്ല. പറയുന്നവര്‍തന്നെയാണ് അത് വിശദീകരിക്കേണ്ടത്. അവരെല്ലാം സ്ഥാനാർഥികളാണ്, ശത്രുക്കളല്ല’’ -സുരേഷ് ഗോപി പറഞ്ഞു.

ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ ‘പ്രജ’ വിമര്‍ശനത്തിലും അതൊക്കെ അവര്‍ ചോദ്യം ചോദിച്ച് ഉത്തരം കണ്ടെത്തട്ടെയെന്ന് സുരേഷ് ഗോപി പറഞ്ഞു. അതേസമയം, സ്വന്തം പാർട്ടിയെപോലും ഒറ്റിക്കൊടുത്ത ഒറ്റുകാരനാണ് കെ. സുരേന്ദ്രനെന്നായിരുന്നു ശിഖണ്ഡിപ്രയോഗത്തിൽ കെ. മുരളീധരന്റെ പ്രതികരണം.

Tags:    
News Summary - suresh gopi explains why he quarreled with bjp workers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.