കൊച്ചി: അടുത്ത ജന്മത്തിൽ തന്ത്രി കുടുംബത്തിൽ ജനിക്കണമെന്ന് അടിയുറച്ച് ആഗ്രഹിക്കുന്നുവെന്ന് നടനും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപി. അയ്യപ്പനെ ശ്രീകോവിലിന്‍റെ പടിയിൽ വെച്ചല്ല, അകത്തു കയറി തഴുകണം. അതെല്ലാം തന്‍റെ അവകാശമാണെന്നും അവയിൽ കൈകടത്താൻ ആർക്കും അനുവാദമില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. കൊച്ചി പാവക്കുളം ക്ഷേത്രത്തിലെ പണ്ഡിത് കറുപ്പൻ പുരസ്കാരവേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
"അടുത്ത ജന്മത്തിൽ തന്ത്രി കുടുംബത്തിൽ ജനിക്കണമെന്ന് വീണ്ടും അടിയുറച്ച് വിശ്വസിക്കുകയാണ്. എന്‍റെ അയ്യനെ ശ്രീകോവിലിന്‍റെ പടിയിൽ വെച്ച് കണ്ടാൽ പോരാ, അകത്തു കയറി തഴുകണം. കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കണം. എന്‍റെ അവകാശമാണ്. അതിനെതിരെ ഒരുത്തനും വരാൻ അവകാശമില്ല" സുരേഷ് ഗോപി പറഞ്ഞു. ഇക്കാര്യങ്ങൾ പറഞ്ഞതിനാണ് മുമ്പ് തനിക്ക് ബ്രാഹ്മണനാകണം എന്ന രീതിയിൽ രാഷ്ട്രീയം തൊഴിലാക്കിയവർ പരാമർശത്തെ ദുർവ്യാഖ്യാനം ചെയ്ത് വിവാദമാക്കിയതെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
മുൻപും സമാന പരാമർശവുമായി സുരേഷ് ഗോപി രംഗത്തെത്തിയിരുന്നു. പുനർജന്മത്തിൽ വിശ്വസിക്കുന്ന ആളാണ് താനെന്നും അടുത്ത ജന്മത്തിൽ പൂണൂലിടുന്ന ബ്രാഹ്മണനായി ജനിക്കണമെന്നാണ് ആഗ്രഹമെന്നുമായിരുന്നു സുരേഷ് ഗോപിയുടെ പരാമർശം. ശബരിമലയിലെ തന്ത്രിമുഖ്യനാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.