തൃശൂർ: ആത്മഹത്യ ചെയ്ത വനിത മാനേജറുടെ 44 ലക്ഷത്തോളം രൂപയുടെ ഭവനവായ്പ കുടിശ്ശിക അടക്കാൻ കനറാ ബാങ്ക് കൈക്കൊണ്ട നടപടി ഒഴിവായേക്കും. വായ്പ എഴുതിത്തള്ളാൻ നീക്കം നടക്കുന്നതായാണ് സൂചന. ഇത്തരമൊരു കീഴ്വഴക്കം ഇല്ലാത്തതിനാൽ കനറാ ബാങ്ക് ഡയറക്ടർ ബോർഡിന്റെ തീരുമാനമാണ് അന്തിമം.
ഒറ്റത്തവണ തീർപ്പാക്കലിന് അദാലത്തിൽ ഹാജരാകാൻ ആവശ്യപ്പെട്ട് സ്വപ്നയുടെ പേരിൽ കനറാ ബാങ്ക് റിക്കവറി ആൻഡ് ലീഗൽ വിഭാഗം നോട്ടീസ് അയച്ചതായുള്ള മാധ്യമ വാർത്തയെത്തുടർന്ന് ടി.എൻ. പ്രതാപൻ എം.പി തൃശൂർ ജില്ലയിലെ ലീഡ് ബാങ്കായ കനറയുടെ മാനേജറുമായി ഫോണിൽ ബന്ധപ്പെട്ടു. ശനിയാഴ്ച സ്വപ്നയുടെ ഭർതൃപിതാവിന് പകരം താൻ അദാലത്തിന് ഹാജരാകുമെന്ന് എം.പി ബാങ്കിനെ അറിയിച്ചു. എന്നാൽ, നോട്ടീസ് വന്നത് സാങ്കേതിക നടപടിയാണെന്നാണ് മാനേജർ പറഞ്ഞതെന്ന് എം.പി പറഞ്ഞു. അങ്ങനെയെങ്കിൽ അക്കാര്യം സ്വപ്നയുടെ ബന്ധുക്കളെ അറിയിക്കാൻ എം.പി ആവശ്യപ്പെട്ടു.
ഇതിനിടെ, ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ബെഫി) സംസ്ഥാന നേതാക്കൾ തിരുവനന്തപുരത്ത് കനറാ ബാങ്ക് സർക്കിൾ ജനറൽ മാനേജറുമായി ഈ വിഷയത്തിൽ കൂടിക്കാഴ്ച നടത്തി. റിക്കവറി വിഭാഗം എല്ലാവർക്കും നോട്ടീസ് അയക്കുന്ന കൂട്ടത്തിൽ സ്വപ്നയുടെ വിലാസത്തിലും പോയതാണെന്നും വായ്പ എഴുതിത്തള്ളാൻ സർക്കിൾ ഓഫിസ് ബോർഡിന് ശിപാർശ ചെയ്തിട്ടുണ്ടെന്നും ജനറൽ മാനേജർ ബെഫി നേതാക്കളെ അറിയിച്ചു.
അതേസമയം, ഇക്കാര്യത്തിൽ എടുക്കുന്ന തീരുമാനം ബാങ്കിങ് മേഖലക്കാകെ കീഴ്വഴക്കമാകുന്ന തരത്തിൽ ബാധകമായേക്കും എന്നതിനാൽ ഡയറക്ടർ ബോർഡ് എല്ലാ വശവും ആലോചിച്ച് തീരുമാനമെടുക്കുമെന്നും അതിന് സാവകാശം വേണ്ടിവരുമെന്നും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.