കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയുടെ പരീക്ഷാഫലം അട്ടിമറിക്കാന്‍ ബോധപൂര്‍വം ശ്രമം നടന്നോ എന്നകാര്യം സിന്‍ഡിക്കേറ്റ് സമിതി അന്വേഷിക്കുമെന്ന് സിന്‍ഡിക്കേറ്റ് സ്ഥിരംസമിതി കണ്‍വീനര്‍ കെ.കെ. ഹനീഫ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.
ബിരുദമൂല്യനിര്‍ണയ ക്യാമ്പില്‍ ചില അധ്യാപകര്‍ പങ്കെടുക്കാന്‍ കൂട്ടാക്കിയില്ല. ക്യാമ്പ് ചെയര്മാന്മാര് ആവശ്യപ്പെട്ടിട്ടും വന്നില്ല. ഇതൊക്കെയാണ് ബിരുദഫല പ്രഖ്യാപനം വൈകിയത്. കക്ഷിരാഷ്ട്രീയം മുന്‍നിര്‍ത്തി ആരൊക്കെ പരീക്ഷാനടപടികളില്നിന്ന് മുഖംതിരിഞ്ഞു എന്നത് സിന്‍ഡിക്കേറ്റ് സമിതി അന്വേഷിക്കും.
ഔദ്യോഗിക ഉത്തരവാദിത്തം നിര്‍വഹിക്കാത്ത അധ്യാപകര്‍ക്കെതിരെ നടപടിക്ക് സര്‍ക്കാറിനോട് ശിപാര്‍ശ ചെയ്യും. സ്വകാര്യ-കൽപിത സര്‍വകലാശാലകളുടെ വളര്‍ച്ചക്കും പൊതുമേഖലയിലുള്ള സര്‍വകലാശാലകളുടെ തകര്‍ച്ചക്കും വേണ്ടി ചിലര്‍ ശ്രമിക്കുന്നതായും അദ്ദേഹം പറഞ്ഞു.
രണ്ടാം സെമസ്റ്റര്‍ ബിരുദപരീക്ഷയുടെ മൂവായിരത്തഞ്ഞൂറോളം ഉത്തരക്കടലാസുകള്‍ നഷ്ടപ്പെട്ടെന്ന പ്രചാരണം വസ്തുതാ വിരുദ്ധമാണ്. വ്യാജ ചെലാനുകളുടെ പേരില്‍ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടോ എന്നും സര്‍വകലാശാലക്ക് സാമ്പത്തിക നഷ്ടമുണ്ടായിട്ടുണ്ടോ എന്നും അന്വേഷിക്കാന്‍ പ്രഫ. എം.എം. നാരായണന് കണ്‍വീനറായ സമിതിക്കാണ് ചുമതല.
സിന്‍ഡിക്കേറ്റ് അംഗങ്ങളായ അഡ്വ. ടോം കെ. തോമസ്, ഡോ. ജി. റിജുലാല്‍, ഡോ. എം. മനോഹരന്, എ.കെ. രമേഷ് ബാബു, ഡോ. കെ.ഡി. ബാഹുലേയന്, ഡോ. കെ.പി. വിനോദ് കുമാര്‍ തുടങ്ങിയവരും വാർത്തസമ്മേളനത്തില്‍ പങ്കെടുത്തു.
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിൽ 2018ലും വ്യാജ ചെലാൻ വഴി തട്ടിപ്പ് നടത്തിയതായി സിൻഡിക്കേറ്റ് യോഗത്തിൽ പ്രതിപക്ഷ അംഗം ഡോ. പി. റഷീദ് അഹമ്മദ് ആരോപിച്ചു. വിദൂര വിദ്യാഭ്യാസ കേന്ദ്രം (എസ്.ഡി.ഇ) വഴി പ്രവേശനം നേടുന്ന വിദ്യാർഥികളുടെ പേരിലാണ് തട്ടിപ്പ് നടന്നത്.
പ്രവേശനസമയത്ത് ഓരോ വിദ്യാർഥിയും 3000 രൂപയോളം ഫീസായി നൽകണം. ഇവ ചില സേവനകേന്ദ്രങ്ങൾ ഒന്നിച്ച് പിരിച്ച് വിദ്യാർഥികൾക്ക് വേണ്ടി അടച്ച് അപേക്ഷയും ചെലാനും സർവകലാശാലയിൽ സമർപ്പിക്കുന്ന രീതിയാണ് കാലങ്ങളായി തുടരുന്നത്.
എന്നാൽ, തുക സർവകലാശാല ഫണ്ടിൽ അടക്കാതെ അപേക്ഷക്കൊപ്പം വ്യാജ ചെലാൻ വെക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇതുവഴി സർവകലാശാലക്ക് ലക്ഷക്കണക്കിന് രൂപയാണ് നഷ്ടമായത്. ഓൺലൈൻ വഴി ബാങ്കിൽ പണമാക്കാതെ സർവകലാശാലയുടെ ചെലാൻ മാതൃക കമ്പ്യൂട്ടറിൽ നിർമിച്ച് അപേക്ഷയോടൊപ്പം സമർപ്പിക്കുന്നതാണ് രീതി. സർവകലാശാലയിൽ ഇവ ബാങ്കുമായി ബന്ധപ്പെട്ട് ഒത്തുനോക്കുന്നില്ലെന്നറിയാവുന്ന സംഘമാണ് തട്ടിപ്പിന് പിന്നിൽ.
2018ൽ വൈസ് ചാൻസലർ ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചിരുന്നു. തുടർന്ന് വി.സി മാറിയതോടെ അന്വേഷണം നിലച്ചെന്നാണ് ആരോപണം. അന്വേഷണം കോഴിക്കോട്ടെ ചില വിദ്യാർഥികളിലേക്കും എത്തിപ്പെട്ടതോടെയാണ് അന്വേഷണം നിലച്ചതെന്ന് പരാതി ഉയർന്നിരുന്നു. അടുത്തിടെ സർവകലാശാലയിലെ രണ്ട് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് ഡോ. റഷീദ് അഹമ്മദ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.