കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോയിൽ മലപ്പുറം മണ്ഡലം എൻ.ഡി.എ സ്ഥാനാർഥിയും കാലിക്കറ്റ് സർവകലാശാല മുൻ വി.സിയുമായ ഡോ. എം. അബ്ദുൽ സലാമിന് ഇടം ലഭിക്കാത്തതിൽ പരിഹാസവുമായി കോൺഗ്രസ് നേതാവ് ടി. സിദ്ദീഖ്. സി.എ.എ എന്താണെന്ന് അറിയാത്തവർക്കായി മോദിജി ഇന്ന് പാലക്കാട് വച്ച് ഉദാഹരണം കാണിച്ച് തന്നതാണെന്ന് അദ്ദേഹം ഫേസ്ബുക് പോസ്റ്റിൽ പറഞ്ഞു.
‘സി.എ.എ എന്താണെന്ന് അറിയാത്തവർക്കായി മോദിജി ഇന്ന് പാലക്കാട് വച്ച് ഉദാഹരണം കാണിച്ച് തന്നിട്ടുണ്ട്. പൗരത്വ ഭേദഗതി നിയമം എന്താണെന്ന് അറിയാത്തവർക്ക് ഇതിലും നല്ല ഉദാഹരണം ഇനി കിട്ടാനില്ല. ഇത് വിശദീകരിക്കാനുള്ള ബുദ്ധിമുട്ട് കുറച്ച് തന്ന മോദിജിക്ക് അഭിവാദ്യങ്ങൾ 😉 സലാം… മോഡിജി… 👍🙏’ -ടി. സിദ്ദീഖ് പറഞ്ഞു.
പാലക്കാട്, പൊന്നാനി മണ്ഡലം സ്ഥാനാർഥികളും സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനുമാണ് മോദിക്കൊപ്പം വാഹനത്തിൽ കയറിയത്. നാലിൽ കൂടുതൽ പേരെ വാഹനത്തിൽ കയറ്റാൻ എസ്.പി.ജി അനുമതി ഉണ്ടായില്ലെന്നാണ് ബി.ജെ.പി നേതൃത്വത്തിന്റെ വിശദീകരണം.
സ്ഥലത്തെത്തിയ അബ്ദുൽ സലാം തന്റെ പേര് ലിസ്റ്റിൽ ഇല്ല എന്നറിഞ്ഞത് പ്രധാനമന്ത്രി വന്ന ശേഷമാണ്. ഇതോടെ മോദിയെ കണ്ട ശേഷം മടങ്ങുകയായിരുന്നു. വിവരമാരാഞ്ഞ മാധ്യമപ്രവർത്തകരോട് ‘ഇത്രയും തിരക്കുള്ളപ്പോൾ ഇതൊക്കെ സ്വാഭാവികമല്ലേ’ എന്നായിരുന്നു അബ്ദുൽ സലാമിന്റെ പ്രതികരണം. തനിക്ക് പരിഭവമില്ല, നേരത്തെ പേര് നൽകിയിരുന്നതാണ്. വാഹനത്തിൽ സ്ഥലമില്ലാതിരുന്നതിനാലാണ് തന്നെ കയറ്റാതിരുന്നത്. മലപ്പുറത്തെ സ്ഥാനാർഥിയാണെന്ന് പ്രധാനമന്ത്രിയോട് പറഞ്ഞു. അദ്ദേഹം ഓക്കെ എന്ന് മറുപടി നൽകി. ഷേക്ഹാൻഡും നൽകി. മലപ്പുറത്തേക്ക് പ്രധാനമന്ത്രിയെ ക്ഷണിച്ചു. അപ്പോൾ ചിരിച്ചു -അദ്ദേഹം പറഞ്ഞു.
പാലക്കാട് നഗരത്തെ ഇളക്കിമറിച്ചാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ്ഷോ അരങ്ങേറിയത്. ഇരുവശത്തും അണിനിരന്ന പ്രവർത്തകരെ അഭിവാദ്യം ചെയ്ത് അഞ്ചുവിളക്ക് മുതൽ ഹെഡ്പോസ്റ്റ് ഓഫിസ് വരെ ഒരു കിലോമീറ്ററോളം നരേന്ദ്രമോദി തുറന്ന വാഹനത്തിൽ സഞ്ചരിച്ചു. തടിച്ചുകൂടിയ പ്രവർത്തകർ അഭിവാദ്യങ്ങളോടെ പുഷ്പവൃഷ്ടി നടത്തി. 11.20ന് റോഡ്ഷോ പൂർത്തിയാക്കി മോദി മടങ്ങി.
കോയമ്പത്തൂരിൽനിന്ന് ഹെലികോപ്റ്ററിലാണ് രാവിലെ 10.45ന് അദ്ദേഹം പാലക്കാട് മേഴ്സി കോളജ് മൈതാനത്തിറങ്ങിയത്. മറ്റ് രണ്ട് ഹെലികോപ്റ്ററുകളും അകമ്പടിയായി. പ്രധാനമന്ത്രിയെ ബി.ജെ.പി കേരള പ്രഭാരി പ്രകാശ് ജാവദേക്കര്, സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ, പാലക്കാട്, പൊന്നാനി, മലപ്പുറം മണ്ഡലങ്ങളിലെ എൻ.ഡി.എ സ്ഥാനാർഥികളായ സി. കൃഷ്ണകുമാർ, നിവേദിത സുബ്രഹ്മണ്യം, ഡോ. എം. അബ്ദുൽ സലാം, ഘടകകക്ഷി നേതാക്കൾ എന്നിവർ ചേർന്ന് സ്വീകരിച്ചു.
തുടർന്ന് കാറിൽ നഗരമധ്യത്തിലെ കോട്ടമൈതാനത്തെ അഞ്ചുവിളക്കിലെത്തിയ അദ്ദേഹം പ്രത്യേകം തയാറാക്കിയ വാഹനത്തിലാണ് റോഡ് ഷോ ആരംഭിച്ചത്. മോദിക്കൊപ്പം തുറന്ന വാഹനത്തിൽ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും പാലക്കാട് മണ്ഡലം എൻ.ഡി.എ സ്ഥാനാർഥി സി. കൃഷ്ണകുമാറും പൊന്നാനി മണ്ഡലം സ്ഥാനാർഥി നിവേദിത സുബ്രഹ്മണ്യവുമുണ്ടായിരുന്നു.
എൻ.ഡി.എ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് പിന്നിട്ട് തൊട്ടടുത്ത ഹെഡ് പോസ്റ്റ് ഓഫിസിന് മുന്നിലാണ് റോഡ് ഷോ സമാപിച്ചത്. റോഡ്ഷോയുമായി ബന്ധപ്പെട്ട് പാലക്കാട് നഗരത്തിൽ വൻ സുരക്ഷ ക്രമീകരണങ്ങളൊരുക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.