Arrest

കട കുത്തിത്തുറന്ന് പണവും മൊബൈൽ ഫോണുകളും മോഷ്ടിച്ച കേസിൽ കൗമാരക്കാർ പിടിയിൽ

കോട്ടയം: ചുങ്കം ഭാഗത്തുള്ള മരുന്ന് മൊത്ത വിതരണ സ്ഥാപനം കുത്തിത്തുറന്ന് ലക്ഷക്കണക്കിന് രൂപയും മൊബൈൽ ഫോണുകളും മോഷ്ടിച്ച കേസിൽ പ്രായപൂർത്തിയാകാത്ത മൂന്നു പേർ അറസ്റ്റിൽ. പ്രതികൾ സംഘം ചേർന്നാണ് ചുങ്കത്ത് പ്രവർത്തിക്കുന്ന മെഡ് കെയർ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ വാതിൽ കുത്തി തുറന്ന് അകത്ത്കയറി അലമാരിയിൽ സൂക്ഷിച്ചിരുന്ന 2,34,000 (രണ്ടു ലക്ഷത്തി മുപ്പത്തിനാലായിരം) രൂപയും വിലകൂടിയ മൂന്നു മൊബൈൽ ഫോണുകളും മോഷ്ടിച്ചത്.

അവധി ദിനമായ ഞായറാഴ്ചയായിരുന്നു ഇവർ മോഷണം നടത്തിയത്. തിങ്കളാഴ്ച സ്ഥാപനം തുറക്കാനായി ജീവനക്കാർ എത്തിയപ്പോഴായിരുന്നു മോഷണ വിവരം അറിഞ്ഞത്. തുടർന്ന് ഗാന്ധിനഗർ പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയെ തുടർന്ന് ഗാന്ധിനഗർ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഗാന്ധിനഗർ സ്റ്റേഷൻ എസ്.എച്ച്.ഒ ടി. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നടത്തിയ ശാസ്ത്രീയമായ പരിശോധനയിൽ മോഷ്ടാക്കളിലേക്ക് എത്തുകയുമായിരുന്നു. ഇവർ മോഷ്ടിച്ച പണത്തിലെ 2 ലക്ഷം രൂപയും മൊബൈൽ ഫോണുകളും പൊലീസ് കണ്ടെടുക്കുകയും ചെയ്തു.

അന്വേഷണം തുടങ്ങി 24 മണിക്കൂറിനുള്ളിലാണ് പൊലീസ് മോഷ്ടാക്കളെ പിടികൂടി പണവും മൊബൈൽ ഫോണും കണ്ടെത്തിയത്. ആഡംബര ജീവിതം നയിക്കുന്നതിനു വേണ്ടിയായിരുന്നു ഇവർ മോഷണം നടത്തിയത്. മോഷ്ടിച്ച പണം ഉപയോഗിച്ച് ഇവർ കോട്ടയത്തെ പ്രശസ്തമായ വ്യാപാര സ്ഥാപനത്തിൽ നിന്നും മ്യൂസിക് സിസ്റ്റവും മീൻ ചൂണ്ടയും മറ്റും വാങ്ങിക്കുകയും ബാക്കി പണം വീടിന്റെ പാരപ്പറ്റിൽ ഒളിപ്പിക്കുകയുമായിരുന്നു. ഇവിടെ നിന്നാണ് പൊലീസ് പണം കണ്ടെത്തിയത്.

ഗാന്ധിനഗർ എസ്.ഐ അനുരാജ് എം.എച്ച്, രഞ്ജിത്ത് ടി.ആർ, അനൂപ് പി.ടി, പ്രദീഷ് കെ എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു. മോഷണം നടത്തിയവർ പ്രായപൂർത്തിയാകാത്തവരായതിനാൽ ബാലനീതിനിയമ പ്രകാരമുളള നടപടികളാണ് സ്വീകരിച്ചിട്ടുളളത്. വെള്ളിയാഴ്ച ഇവരെ ജുവനൈൽ കോടതിയിൽ ഹാജരാക്കും.

Tags:    
News Summary - Teenagers arrested for breaking into shop and stealing money and mobile phones

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.